ജീവിതം മുഴുവൻ സിനിമ; അന്ത്യം ഉറ്റവർ ആരുമില്ലാതെ; അനാഥശവമായി മറവ് ചെയ്യാനുള്ള ശ്രമം തടഞ്ഞ് ഫെഫ്ക
കൊച്ചി: കോടികൾ മറിയുന്ന വൻ ബിസിനസ് ആണ് സിനിമ. ഒരു മനുഷ്യായുസ് മുഴുവൻ അതിൽ ചിലവഴിച്ചിട്ടും ഒന്നുമാകാതെ, എങ്ങുമെത്താതെ പോകുന്നവരുടെ കഥകൾ മുൻപ് പലവട്ടം ചർച്ചയായിട്ടുണ്ട്. എന്നാൽ ഇപ്പോഴും അത്തരം അരികുവൽക്കരിക്കപ്പെട്ട ജീവിതങ്ങൾ ആ ഗ്ലാമർ ലോകത്ത് ഉണ്ടെന്ന യാഥാർത്ഥ്യം ഇടക്കിടെ പുറത്തുവരുന്നുണ്ട്. ഡബ്ബിംഗ് കലാകാരനും നടനുമായി സിനിമയിൽ സജീവമായിരുന്ന കെ.ഡി.ജോർജിൻ്റെ ജീവിതം വീണ്ടും സമാന അനുഭവലോകം തന്നെയാണ് നമുക്ക് മുന്നിൽ തുറന്നിടുന്നത്.
ഉറ്റവരും ഉടയവരുമില്ലാതെ, സംസ്കാരം നടത്താൻ ഏറ്റെടുക്കാൻ പോലും ആരുമില്ലാതെ രണ്ടാഴ്ചയിലേറെയാണ് ജോർജിൻ്റെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചത്. മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കാനോ, അനാഥശവമായി മറവ് ചെയ്യാനോ ഒക്കെ പോലീസ് ഒരുങ്ങിയപ്പോള്‍ സിനിമയിലെ ട്രേഡ് യൂണിയൻ സംഘടനയായ ഫെഫ്ക ഇടപെട്ടാണ് മാന്യനായ സംസ്കാരം ഒരുക്കുന്നത്.
കൊവിഡ് കാലത്തിന് ശേഷം തീർത്തും നിരാലംബനായി പോയ ജോര്‍ജിന് താങ്ങും തണലുമായി അവസാനകാലത്ത് ഉണ്ടായത് ഫെഫ്ക മാത്രമായിരുന്നു. എന്നാൽ മൃതദേഹം ഇന്ന് കൊച്ചി രവിപുരം ശ്മശാനത്തില്‍ നടത്താനുള്ള ഫെഫ്കയുടെ നീക്കവും ശ്രമം കണ്ടില്ല. ദഹിപ്പിക്കുന്നതിലുള്ള നിയമതടസം ചൂണ്ടിക്കാട്ടി പോലീസ് പുതിയ എതിർപ്പ് ഉയർത്തിയതിനാൽ മാറ്റി വയ്ക്കേണ്ടിവന്നു. തിങ്കളാഴ്ച പുല്ലേപ്പടി ശ്മശാനത്തില്‍ സംസ്കരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. സിനിമാപ്രവര്‍ത്തകര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഇന്ന് അവസരം ഒരുക്കിയിരുന്നു.
അഞ്ഞൂറിലേറെ സിനിമകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ജോര്‍ജ് കഴിഞ്ഞ 29ന് ജനറല്‍ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. ബന്ധുക്കളാരും മൃതദേഹം ഏറ്റെടുക്കാന്‍ വന്നില്ല. ജോര്‍ജിന്റെ മാതാപിതാക്കള്‍ വളരെ മുൻപേ മരിച്ചിരുന്നു. സഹോദരനും ഈയിടെ മരിച്ചു. ആന്ധ്ര സ്വദേശിനിയെ വിവാഹം ചെയ്തിരുന്നു എന്നാണ് സഹപ്രവര്‍ത്തകരുടെ അറിവ്. എന്നാൽ കുട്ടികളില്ല. ഈ സ്ത്രീയും മരിച്ചുവെന്നാണ് വിവരം.
സംഘടനാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംസ്കാരം നടത്താന്‍ അനുവദിക്കണമെന്ന ആവശ്യമാണ് ഫെഫ്ക മുന്നോട്ട് വെച്ചത്. നിയമപ്രശ്നം കാരണം പോലീസ് ആദ്യം അനുകൂലമായിരുന്നില്ല. സംസ്കരിക്കുന്ന കാര്യത്തില്‍ പോലീസും ഫെഫ്കയും തമ്മില്‍ ധാരണയിൽ എത്താൻ കഴിയാതെ വന്നതോടെയാണ് കോര്‍പറേഷന്‍ ഇടപെട്ടത്. തുടർന്നാണ് ഫെഫ്ക ഏറ്റെടുത്ത് സംസ്കാരം നടത്തുന്ന കാര്യത്തിൽ തീരുമാനമായത്.
“സിനിമ ജോര്‍ജിന് ജീവവായുവായിരുന്നു. നടന്‍ ജയന്റെ കാലം മുതല്‍ സിനിമയില്‍ സജീവമാണ്. നടനെന്ന നിലയിലും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലും ശോഭിച്ചു;” ഫെഫ്ക യൂണിയന്‍ ഫോര്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ പ്രസിഡന്റ് ഷോബി തിലകന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
മലയാളസിനിമ ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് മാറിയതോടെ ജോര്‍ജും കേരളത്തിലെത്തി. പണമില്ലാത്തതിനാല്‍ ഗുരുവായൂര്‍ അമ്പല നടയിലായിരുന്നു താമസം. അവിടെ നിന്ന് ചെന്നൈയിലെ ജോലികള്‍ക്ക് ഇടക്കിടെ പോയിരുന്നു. കോവിഡ് കാലം ജോര്‍ജിനും പ്രയാസം നിറഞ്ഞതായി. ഗുരുവായൂര്‍ നടയില്‍ താമസിച്ചിരുന്ന എല്ലാവരും ഒഴിവാക്കപ്പെട്ടു. അങ്ങനെ കൊച്ചിയിലെത്തി. ഫെഫ്കയുമായി ബന്ധപ്പെട്ടു. സംഘടന ഇടപെട്ട് കൊച്ചിയില്‍ താമസമൊരുക്കി. കൊവിഡ് കാലത്ത് ഫെഫ്ക കമ്യൂണിറ്റി കിച്ചണില്‍ നിന്നും ആഹാരവും നല്‍കിയിരുന്നു. ഇപ്പോള്‍ ആശുപത്രിയിലായപ്പോഴും സംഘടന തന്നെയാണ് താങ്ങും തണലുമായത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here