‘കീരിക്കാടൻ ജോസ്’ അന്തരിച്ചു; വിടവാങ്ങിയത് കഥാപാത്രത്തിൻ്റെ പേരിൽ അറിയപ്പെട്ട മോഹൻരാജ്
മലയാള സിനിമയിൽ കീരിക്കാടൻ ജോസ് എന്നറിയപ്പെട്ടിരുന്ന നടൻ മോഹൻ രാജ് അന്തരിച്ചു. കിരീടം എന്ന സിനിമയിലെ വില്ലൻ കഥാപാത്രമായ കീരിക്കാടൻ ജോസിനെ അവതരിപ്പിച്ച് മോഹൻരാജ് പിന്നീട് ആ കഥാപാത്രത്തിൻ്റെ പേരിൽ അറിയപ്പെടുകയായിരുന്നു. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു. വൈകിട്ട് മൂന്ന് മണിയോടെ തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിലായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകള്‍ നാളെ നടക്കും.
അസിസ്റ്റന്റ് എന്‍ഫോഴ്സ്മെന്റ് ഓഫീസറായിരുന്ന മോഹന്‍ രാജ് ജോലിയില്‍ ഇരിക്കെയാണ് സിനിമയിൽ അഭിനയിച്ചു തുടങ്ങിയത്. സർവീസിൽ നിന്നും വിരമിച്ചശേഷം കുടംബത്തോടൊപ്പം ചെന്നൈയിലായിരുന്നു താമസം. ആയുര്‍വേദ ചികിത്സയ്ക്കായി ചെന്നൈയില്‍ നിന്ന് ഒരു വര്‍ഷം മുമ്പാണ് തിരുവനന്തപുരത്ത് എത്തിയത്.
1988ല്‍ എസ്എൻ സ്വാമിയുടെ രചനയിൽ കെ മധുസംവിധാനം ചെയ്ത മൂന്നാംമുറയാണ് ആദ്യ ചിത്രം. ഈ സിനിമയില്‍ ഒരു ഗുണ്ടയുടെ വേഷമായിരുന്നു മോഹന്‍രാജിന് ലഭിച്ചത്. 1989ല്‍ പുറത്തിറങ്ങിയ രണ്ടാം ചിത്രമായ കിരീടത്തിലൂടെയാണ് മോഹൻരാജ് തൻ്റെ വരവറിയിച്ചത്. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി 300ലേറെ സിനിമകളില്‍ വേഷമിട്ടു.
ആദ്യകാലത്ത് വില്ലൻ വേഷത്തിൽ തിളങ്ങിയ നടൻ ഇടക്കാലത്ത് കോമഡി വേഷങ്ങളിലേക്ക് ചുവടു മാറ്റിയിരുന്നു. ഈ മാറ്റവും പ്രക്ഷേകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. റാഫി മെക്കാര്‍ട്ടിന്‍ – മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ ഹലോ എന്ന ചിത്രത്തിലൂടെയാണ് തമാശ വേഷങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. കടമറ്റത്ത് കത്തനാര്‍, സ്വാമി അയ്യപ്പന്‍, മൂന്നുമണി എന്നീ സീരിയലുകളിലും അഭിനയിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here