ഇഡിക്ക് മുന്നിൽ കേജരിവാൾ ഇന്നും ഹാജരായില്ല; പകരം എത്തിയത് പാർട്ടിയുടെ പ്രതിഷേധ മാർച്ചിൽ
ഡല്‍ഹി: നേരിൽ ഹാജരാകാനുള്ള ഇഡി നോട്ടീസിന് വഴങ്ങാതെ അരവിന്ദ് കേജരിവാൾ മാറിനിൽക്കുമ്പോൾ ഡൽഹിയിൽ ആം ആദ്മി പാർട്ടി ബിജെപിക്കെതിരെ പരസ്യ പോർമുഖം തുറന്നു. ഡിഡിയു മാർഗിലെ ബിജെപി ദേശീയ ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടിയും, ആം ആദ്മിയുടെ ആസ്ഥാനത്തേക്ക് ബിജെപിയും പ്രതിഷേധ പ്രകടനങ്ങൾ നടത്തി. വൻ സുരക്ഷയൊരുക്കി ഡൽഹി പൊലീസും അർധസൈനിക വിഭാഗങ്ങളും പ്രതിഷേധത്തെ നേരിട്ടു.
ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പിൽ അട്ടിമറി ആരോപിച്ചാണ് ആം ആദ്മി പാർട്ടിയുടെ പ്രതിഷേധം. ബിജെപിയുടെ ഫ്ലക്സ് ബോർഡുകൾ പ്രവർത്തകർ നശിപ്പിച്ചു. ആം ആദ്മി പാർട്ടിയുടെ അഴിമതി ഉയർത്തിയാണ് ബിജെപി പ്രതിഷേധിച്ചത്. ഡൽഹി സ്പീക്കറടക്കം പാർട്ടി നേതാക്കളെയും പ്രവർത്തകരെയും പൊലീസ് വീട്ടുതടങ്കലിലാക്കിയതായി ആം ആദ്മി ആരോപിച്ചു.
മദ്യനയ അഴിമതിക്കേസിൽ ചോദ്യംചെയ്യലിനായി ഇന്നും മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഇഡിക്ക് മുൻപിൽ ഹാജരായില്ല. പകരം ബിജെപി ഓഫിസിലേക്ക് ആം ആദ്മി പാർട്ടി നടത്തിയ പ്രതിഷേധത്തിൽ പഞ്ചാബ് മുഖ്യമന്ത്രിയോടൊപ്പം കേജരിവാൾ വേദിപങ്കിട്ടു. ഇരുകൂട്ടരും പരസ്പരം പ്രതിഷേധിക്കാൻ പ്രകടനങ്ങളുമായി രംഗത്തിറങ്ങിയതോടെ വൻ സുരക്ഷാവലയത്തിലായി പ്രദേശങ്ങളെല്ലാം.
മദ്യനയ അഴിമതിക്കേസിൽ തുടർച്ചയായ അഞ്ചാം തവണയും ഇഡി നൽകിയ സമൻസാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാൾ തള്ളിയത്. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അനുഭവം മുന്നിലുള്ളതിനാൽ ആം ആദ്മി പാർട്ടി വലിയ പ്രതിരോധത്തിലാണ്. പാർട്ടിയെ നശിപ്പിക്കാനുള്ള നീക്കമാണെന്നും ഇഡിയുടെ സമൻസ് നിയമവിരുദ്ധമാണെന്നും ആണ് ആം ആദ്മി പാർട്ടി ആരോപിക്കുന്നത്.