കേജ്‌രിവാളിന്റെ മോചനം നീളും; ഭരണഘടനാ പദവി ജാമ്യം ലഭിക്കാന്‍ കാരണമല്ല; ഹൈക്കോടതിയില്‍ കടുപ്പിച്ച് ഇഡി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് മദ്യനയ കോഴക്കേസില്‍ നേരിട്ട് ബന്ധമുണ്ടെന്ന് ഹൈക്കോടതിയില്‍ ശക്തമായി വാദിച്ച് ഇഡി. ജാമ്യം അനുവദിച്ച റൗസ് അവന്യു കോടതി ഉത്തരവിനെതിരെയുളള ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഇഡി കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. കോഴ ഇടപാടില്‍ കേജ്‌രിവാളിന് നേരിട്ട് പങ്കില്ലെന്ന് പറയുന്നത് മാപ്പു സാക്ഷിയുടെ മൊഴിക്കും കോടതിയില്‍ ഹാജരാക്കിയ തെളിവുകള്‍ക്കും എതിരാണ്. ഭരണഘടനാ പദവി എന്നത് ജാമ്യം ലഭിക്കാന്‍ കാരണമല്ലെന്നും ഇഡി വാദിച്ചു.
കീഴ്‌ക്കോടതിയില്‍ വാദം പൂര്‍ണ്ണമായി ഉന്നയിക്കാന്‍ സമയം ലഭിച്ചില്ല. തെളിവുകളൊന്നും പരിഗണിക്കാതെയുള്ള തലതിരിഞ്ഞ വിധിയാണ് ഉണ്ടായിരിക്കുന്നത്. കള്ളപ്പണ നിരോധന നിയമത്തിലെ 70 വകുപ്പ് പ്രകാരം എഎപിയെ ഒരു കമ്പനിയായി പരിഗണിക്കണം. അതുകൊണ്ട് തന്നെ എഎപി നടത്തിയ കള്ളപ്പണ ഇടപാടുകളില്‍ ദേശീയ കണ്‍വീനര്‍ എന്ന നിലയില്‍ കേജ്‌രിവാള്‍ പ്രതിയാകുമെന്നും ഇഡി വ്യക്തമാക്കി.
മദ്യനയത്തില്‍ 100 കോടിയുടെ അഴിമതിയാണ് നടന്നത്. ഇതിന് ചുക്കാന്‍ പിടിച്ചത് കേജ്‌രിവാളാണ്. പണം അവിശ്യപ്പെട്ടതിന് അടക്കം തെളിവുണ്ടെന്നും ഇഡി വാദിച്ചു. ഇതില്‍ 45 കോടിയും ഗോവ തിരഞ്ഞെടുപ്പ് പ്രചരണത്തിനാണ് ഉപയോഗിച്ചത്. ബാക്കി പണവും ഗോവയില്‍ തന്നെ ചിലവഴിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കേജ്‌രിവാളിന് ബന്ധമില്ലെന്ന കീഴ്‌ക്കോടതി ഉത്തരവ് നിലനില്‍ക്കില്ലെന്നും ഇഡിക്കു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു വാദിച്ചു. രണ്ടര മണിക്കൂറോളമാണ് ഇഡിയുടെ വാദം നീണ്ടത്. ഇപ്പോള്‍ കേജ്‌രിവാളിന്റെ അഭിഭാഷകനായ മനു അഭിഷേക് സിങ്‌വി ഹൈക്കോടതിയില്‍ വാദം തുടങ്ങിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here