എംപി സ്വാതി മലിവാളിനെ മര്‍ദിച്ചെന്ന പരാതിയില്‍ കേജ്‌രിവാളിന്റെ പിഎ അറസ്റ്റില്‍; ബൈഭവ് കുമാറിനെ അറസ്റ്റ് ചെയതത് മുഖ്യമന്ത്രിയുടെ വസതിയില്‍ നിന്ന്

ഡല്‍ഹി : എഎപി എംപി സ്വാതി മലിവാളിനെ മര്‍ദിച്ചെന്ന പരാതിയില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ അറസ്റ്റില്‍. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നിന്നാണ് ദില്ലി പൊലീസ് ബൈഭവ് കുമാറിനെ കസ്റ്റഡിയില്‍ എടുത്തത്. മെയ് 13ന് മുഖ്യമന്ത്രിയുടെ വസതിയില്‍ വച്ച് ക്രൂരമായി മര്‍ദിച്ചുവെന്നാണ് സ്വാതി നല്‍കിയ പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. മുഖത്തടിക്കുകയും വയറ്റില്‍ ചവിട്ടുകയും ചെയ്തതായി പരാതിയില്‍ ആരോപിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സ്വാതിയുടെ ശരീരത്തില്‍ പരിക്കുകളുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. കണ്ണിനും കാലിനും മുഖത്തും പരിക്കുകളുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് പിഎയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയെ കാണാനായി എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. ഉറക്കെ നിലവിളിച്ചിട്ടും മുഖ്യമന്ത്രി ഇറങ്ങി വന്നില്ലെന്നും സ്വാതി ആരോപിച്ചിരുന്നു.
സ്വാതിക്ക് മര്‍ദനമേറ്റുവെന്ന ആരോപണം തെറ്റാണെന്നാണ് എഎപിയുടെ ഔദ്യോഗിക പ്രതികരണം. ഇത് തെളിയിക്കുന്നതിനായി മുഖ്യമന്ത്രിയുടെ വസതിയിലെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. ഒരു ദൃശ്യത്തില്‍ സ്വാതി മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരോട് തര്‍ക്കിക്കുന്നതും മറ്റൊന്നില്‍ സുരക്ഷാ ജീവനക്കാര്‍ സ്വാതിയെ മുഖ്യമന്ത്രിയുടെ വസതിയില്‍ നിന്നും ഇറക്കി വിടുന്നതുമാണുളളത്. ആരോപണങ്ങളുടെ സത്യം എന്ന പേരിലാണ് ഈ ദൃശ്യങ്ങള്‍ എഎപി പുറത്തുവിട്ടത്. എന്നാല്‍ ഈ ദൃശ്യങ്ങളില്‍ കൃത്രിമം നടന്നതായി സ്വാതി ആരോപിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here