കേജ്‌രിവാളിന്റെ ജാമ്യം കോൺഗ്രസിൻ്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു!! ഹരിയാനയിൽ തലവേദനയാകും
ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജ്‌രിവാളിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത് പാർട്ടിക്ക് കൂടുതൽ കരുത്ത് പകർന്നിട്ടുണ്ട്. ഹരിയാന തിരഞ്ഞെടുപ്പിൽ എഎപിയെ മുന്നിൽ നിന്ന് നയിക്കുക ഇനി കേജ്‌രിവാൾ ആയിരിക്കും. ‘തീർച്ചയായും, ഇനി അരവിന്ദ് കേജ്‌രിവാൾ ആകും തിരഞ്ഞെടുപ്പിന് നേതൃത്വം നൽകുക’- എഎപി എംപി രാഘവ് ഛദ്ദ ഇന്ന് വ്യക്തമാക്കിയത് ഇങ്ങനെയാണ്.
ഹരിയാനയിൽ എഎപിയും കോൺഗ്രസും തമ്മിൽ തിരഞ്ഞെടുപ്പ് സഖ്യത്തിനായി ചർച്ചകൾ നടന്നുവെങ്കിലും, സീറ്റ് വിഹിതത്തെ ചൊല്ലിയുള്ള വഴിമുട്ടി. 10 സീറ്റുകൾ വേണമെന്നായിരുന്നു എഎപിയുടെ ആവശ്യം. അഞ്ച് സീറ്റിൽ കൂടുതൽ പറ്റില്ല എന്ന നിലപാടിൽ ഉറച്ചുനിന്ന കോൺഗ്രസ് ഇതിന് വഴങ്ങിയില്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എഎപിയുമായി സഖ്യം ഉണ്ടാക്കിയിട്ടും ഡൽഹിയിൽ ഒരു സീറ്റ് പോലും നേടാനായില്ല എന്നാണ് ഹരിയാന മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഭൂപീന്ദർ ഹൂഡ ഇതിന് ന്യായമായി ചൂണ്ടിക്കാട്ടിയത്. അവരുടെ കണക്കുകൂട്ടൽ പ്രകാരം ഹരിയാനയിൽ കോൺഗ്രസിന് ഉറച്ച സാധ്യത ഉണ്ട്.
എന്നാൽ കേജ്‌രിവാൾ തന്നെ മുന്നിൽനിന്ന് പ്രചാരണം നയിക്കുമ്പോൾ ചിത്രം മാറും എന്നതാണ് ഇപ്പോഴത്തെ ആശങ്ക. എഎപി നേടുന്ന ഓരോ വോട്ടും കോൺഗ്രസിന്റെ വോട്ടു ബാങ്കിലാണ് ചോർച്ച ഉണ്ടാക്കുക. കോൺഗ്രസിന്റെ പ്രധാന എതിരാളികളായ ബിജെപിക്ക് ഇത് വലിയ തോതിൽ ഗുണം ചെയ്യും.
അതേസമയം ഹരിയാനയിൽ കേജ്‌രിവാളും എഎപിയും വലിയ പ്രതീക്ഷയിലുമാണ്. ഡൽഹിയിലും പഞ്ചാബിലും സ്വന്തം സർക്കാരുകൾ ഉള്ളത് ഹരിയാനയിൽ ഏറ്റവും അനുകൂല ഘടകമായി എഎപി വിലയിരുത്തുന്നു. മാത്രമല്ല, കേജ്‌രിവാളിന്റെ സ്വന്തം നാടെന്ന നിലയിലും ഹരിയാനയിൽ പാർട്ടിക്ക് വിജയ പ്രതീക്ഷകളുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here