1000 കോടിയുടെ തട്ടിപ്പ് കേസ് പ്രതി മകനെപ്പോലെയെന്ന് കോണ്‍ഗ്രസ്‌ നേതാവ്; അനന്തു ബലിയാടെന്നും ലാലിയുടെ ന്യായീകരണം

പകുതിവിലയ്ക്ക് ഇലക്ട്രിക് സ്കൂട്ടർ നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ പ്രതിയായതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെൻ്റ്. മുഖ്യ പ്രതി അനന്തു കൃഷ്ണൻ കേസിൽ ബലിയാടായതാണെന്നായിരുന്നു ലാലിയുടെ വിശദീകരണം. താൻ അനന്തുവിന് നിയമോപദേശം നൽകിയിരുന്നു. സാമ്പത്തിക ഇടപാടുകളിൽ ബന്ധമില്ല. നിരവധി കരാറുകൾ അനന്തുവിന് വേണ്ടി ഡ്രാഫ്റ്റ് ചെയ്ത് നൽകിയിട്ടുണ്ട്. ഒരു അഭിഭാഷക എന്ന നിലയിൽ ഫീസും വാങ്ങിയിട്ടുണ്ട്. അനന്തു തനിക്ക് മകനെ പോലെയാണെന്നും തന്നെ പ്രതിയാക്കിയത് രാഷ്ട്രീയപ്രേരിതം ആയിട്ടായിരിക്കാമെന്നും ലാലി വിന്‍സെന്‍റ് പറഞ്ഞു.

അതേസമയം കണ്ണൂർ ടൗൺ പോലീസാണ് ലാലി വിൻസെൻ്റിനെ പ്രതിയാക്കി കേസെടുത്തിരിക്കുന്നത്. ഏഴാം പ്രതിയാണ് കോൺഗ്രസ്. നേതാവ്. ഒന്നാം പ്രതി അനന്തു കൃഷ്ണ നടക്കം ഏഴ് പ്രതികളാണുള്ളത്. കണ്ണൂർ ബ്ലോക്കിൽ 494 പേരിൽ നിന്ന് മൂന്നു കോടിയോളം തട്ടിയെന്നാണ് കേസ്. സമാനമായ തട്ടിപ്പ് കേസിൽ കഴിഞ്ഞ ദിവസം അനന്തു കൃഷ്ണനെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം സിഎസ്ആര്‍ ഫണ്ടിന്റെ മറവില്‍ അനന്തുകൃഷ്ണന്‍ നടത്തിയ വന്‍കിട തട്ടിപ്പുകളില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും. സാമ്പത്തിക കുറ്റകൃത്യം അന്വേഷിക്കുന്ന സംഘമാണ് തട്ടിപ്പ് അന്വേഷിക്കുക. കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല. അനന്തു കൃഷ്ണനെതിരെ പരാതികള്‍ വ്യാപകമായ സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക് മാറ്റുന്നത്.
പോലീസ് ആസ്ഥാനത്ത് ലഭിച്ച ആറ് പരാതികളില്‍ അടക്കം അനന്തു കൃഷ്ണനെതിരെ നിലവിൽ 16 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കണ്ണൂര്‍, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോട്ടയം, പാലക്കാട് ജില്ലക്കാരാണ് തട്ടിപ്പിന് ഇരയായവരില്‍ കൂടുതലും. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ പരാതി വന്നിരിക്കുന്നത്.

കേരളത്തിലെ എല്ലാ ജില്ലകളിലുമായി ആയിരം കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായിട്ടാണ് പോലീസിൻ്റെ നിഗമനം. കോഴിക്കോടും ഇടുക്കിയിലും വ്യാപകമായ പരാതികളാണ് ഉയർന്നു കൊണ്ടിരിക്കുന്നത്. AWARE എന്ന സംഘടന നൽകിയ പരാതിയിൽ കോഴിക്കോട് നടക്കാവ് പോലീസും ഇന്ന് അനന്തു കൃഷ്ണനെതിരെ കേസെടുത്തു. എഴുപത് ലക്ഷത്തോളം രൂപ തട്ടിയെന്നാണ് പരാതി.

25 ലക്ഷം രൂപ വായ്പ വാങ്ങിയ ശേഷം അനന്തു കൃഷ്ണൻ തിരിച്ചു നൽകിയില്ലെന്ന പരാതിയുമായി ഇടുക്കിയിലെ ബിജെപി വനിതാ നേതാവും രംഗത്തെത്തി. ഇടുക്കി മുട്ടത്തെ ഗീതാ കുമാരിയാണ് തട്ടിപ്പിനിരയായത്. അനന്തു നൽകിയ ചെക്കുകളെല്ലാം മടങ്ങിയെന്നും 2019ലാണ് ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് അനന്തു കടം വാങ്ങിയതെന്നും ഗീതാകുമാരി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top