സ്പീക്കറെ തിരുത്താന്‍ മന്ത്രി രാജേഷിന്റെ ശ്രമം; ആശമാരുടെ വിഷയം റൂള്‍ 50 പ്രകാരം ഉന്നയിക്കുന്നത് ചട്ടവിരുദ്ധം; അനുചിത നടപടിയെന്ന് സതീശന്‍

ആശവര്‍ക്കര്‍മാരുടെ വേതന വര്‍ദ്ധന ആവശ്യപ്പെട്ടുള്ള പ്രതിഷേധം അടിയന്തരപ്രമേയ നോട്ടീസായി നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്നപ്പോള്‍ ഉണ്ടായത് നാടകീയ രംഗങ്ങള്‍. പ്രതിപക്ഷത്ത് നിന്നും രാഹുല്‍ മാങ്കൂട്ടത്തിലാണ് നോട്ടീസ് നല്‍കിയത്. 10 മണിക്ക് റൂള്‍ 50 പരിഗണിച്ചപ്പോള്‍ സ്പീക്കര്‍ നോട്ടീസ് വായിക്കുകയും രണ്ട് തവണ സഭയില്‍ വന്ന വിഷയമായതിനാല്‍ എല്ലാവരും സമയക്രമം പാലിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. നോട്ടീസ് അവതരിപ്പിക്കാന്‍ അനുമതിയും നല്‍കി.

ഇതിനു പിന്നാലെ എഴുന്നേറ്റ പാര്‍ലമെന്ററികാര്യ മന്ത്രി എംബി രാജേഷ് ഈ നോട്ടീസ് പരിഗണിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് വ്യക്തമാക്കി. ആശവര്‍ക്കര്‍മാരുടെ സമരം ഈ നിയമസഭില്‍ തന്നെ രണ്ട് തവണ ഉന്നയിച്ചു. വീണ്ടും അടിയന്തര പ്രമേയമായി കൊണ്ടുവരുന്നത് ചട്ടങ്ങള്‍ക്ക് എതിരാണ്. ചട്ടങ്ങള്‍ക്ക് അനുസരിച്ചാണ് സഭ പ്രവര്‍ത്തിക്കേണ്ടത്. ഈ വിഷയം ചര്‍ച്ച ചെയ്യുന്നതില്‍ സര്‍ക്കാരിന് ബുദ്ധിമുട്ടില്ല. എത്രതവണ വേണമെങ്കിലും ചര്‍ച്ച ചെയ്യാം. ചില കാര്യങ്ങള്‍ തുറന്നു കാട്ടാനും ഇത് സഹായിക്കും. എന്നാല്‍ ചട്ടവിരുദ്ധമായ നടപടി ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

സ്പീക്കര്‍ റൂള്‍ 50ക്ക് അനുമതി നല്‍കിയ ശേഷം മന്ത്രി തിരുത്തുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സ്പീക്കര്‍ അനുവദിച്ച ശേഷം സ്പീക്കറായിരുന്ന പാര്‍ലമെന്ററി കാര്യ മന്ത്രി തിരുത്തുന്നത് അനുചിതമാണ്. ആശമാരുടെ സമരം പ്രധാന വിഷയമാണ്. കീഴ്‌വഴക്കങ്ങള്‍ പരിശഓധിച്ച ശേഷമാണ് ചെയര്‍ അനുമതി നല്‍കിയത്. അതിനു ശേഷം മന്ത്രി തിരുത്താന്‍ നോക്കുന്നത് ശരിയായ നടപടിയല്ലെന്നും സതീശന്‍ പറഞ്ഞു.

ചെയറിന്റെ അഭിപ്രായത്തെ ചോദ്യം ചെയ്യുകയല്ല ചെയ്തത് ചട്ടം ചൂണ്ടികാണിക്കുക മാത്രമാണ് ചെയ്തത് മന്ത്രി രാജേഷ് മറുപടി നല്‍കി. പ്രതിപക്ഷം വാര്‍ത്തകല്‍ക്ക് വേണ്ടി വിഷയത്തെ വഴിതിരിച്ചു വിടുകയാണെന്നും മന്ത്രി പറഞ്ഞു. ഇതോടെ സ്പീക്കര്‍ ഇടപെട്ടു. ഈ വിഷയത്തില്‍ ഇനി ചര്‍ച്ച വേണ്ട. അവതാരകനും മന്ത്രിയും സമയം പാലിക്കണം എന്ന് പറഞ്ഞ ശേഷം മന്ത്രി വീണ ജോര്‍ജിനെ പ്രസംഗിക്കാന്‍ ക്ഷണിച്ചു.

ആദ്യമായല്ല സ്പീക്കര്‍ എഎന്‍ ഷംസീറും മന്ത്രി എംബി രാജേഷും സഭയ്ക്കുളളില്‍ ഏറ്റുമുട്ടുന്നത്. രാജേഷ് സ്പീക്കറായിരുന്ന സമയം മുതല്‍ തന്നെ ഇരുനേതാക്കളും തമ്മില്‍ പലപ്പോഴും ഏറ്റുമുട്ടിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top