സമ്മേളനം വെട്ടിച്ചുരുക്കി നിയമസഭ; 15ന് പിരിയാന്‍ കാര്യോപദേശക സമിതിയില്‍ തീരുമാനം

നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന കാര്യോപദേശക സമിതി യോഗത്തിലാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. സമ്മേളനം ഈ മാസം 15ന് പിരിയും. മൂന്നു ദിവസത്തെ സമ്മേളനമാണ് ഒഴിവാക്കിയത്. നേരത്തെ 18 വരെ നിയമസഭ ചേരാനാണ് നിശ്ചയിച്ചിരുന്നത്. യോഗത്തില്‍ മുഖ്യമന്ത്രിയാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. ഭരണ പ്രതിപക്ഷ അംഗങ്ങളും സ്പീക്കറും ഉള്‍പ്പെട്ടതാണ് കാര്യോപദേശക സമിതി.

ഇന്നാണ് പതിനഞ്ചാം നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം ആരംഭിച്ചത്. വയനാട് ദുരന്തത്തില്‍ അനുശോചനം അറിയിച്ച് സഭ ഇന്നത്തേക്ക് പിരിയുകയും ചെയ്തു. തിങ്കളാഴ്ച സഭ വീണ്ടും സമ്മേളിക്കും. സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ ഒരുപിടി ആരോപണങ്ങളുമായാണ് പ്രതിപക്ഷം സമ്മേളനത്തിന് തയാറെടുക്കുന്നത്. പിആര്‍ ഏജന്‍സി, പിവി അന്‍വര്‍, തൃശൂര്‍ പൂര വിവാദം, എഡിജിപി എംആര്‍ അജിത്കുമാറിനെതിരായ ആരോപണങ്ങള്‍ ഇവയെല്ലാം പ്രതിപക്ഷം ഉന്നയിക്കുമെന്ന് ഉറപ്പാണ്.

വിവാദ വിഷയങ്ങളില്‍ മുഖ്യമന്ത്രി നേരിട്ട് ഉത്തരം പറയുന്നത് ഒഴിവാക്കുന്നതിന് പ്രതിപക്ഷ എംഎല്‍എമാര്‍ നല്‍കിയ നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങളില്‍ നിന്നും നക്ഷത്രചിഹ്നം ഒഴിവാക്കിയ നിയമസഭാ സെക്രട്ടറിയേറ്റിന്റെ നടപടിയും സഭയില്‍ ചോദ്യം ചെയ്യപ്പെടും. അതുകൊണ്ട് തന്നെ തിങ്കളാഴ്ച മുതലുള്ള സഭാ സമ്മേളനങ്ങള്‍ സംഘര്‍ഷഭരിതമാകും എന്ന് ഉറപ്പാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top