സിപിഎമ്മുമായി ലീഗ് സഹകരിക്കും; ‘സഹകരണത്തിൽ’ യുഡിഎഫിൻ്റെ പച്ചക്കൊടി ലഭിച്ചെന്ന് പി. അബ്ദുൾ ഹമീദ്

മലപ്പുറം: കേരള ബാങ്ക് ഭരണസമിതിയിലേക്ക് മുസ്ലിം ലീഗിന് പ്രതിനിധ്യം നൽകിയതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി പി. അബ്ദുൾ ഹമീദ് എംഎൽഎ. ലീഗ് പതിനിധിയെ സിപിഎം നാമനിർദേശം ചെയ്തതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നാണ് ഹമീദിൻ്റെ പ്രതികരണം. സഹകരണത്തിൽ സിപിഎമ്മുമായി ലീഗ് സഹകരിക്കും. ലീഗും സിപിഎമ്മും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും സഹകരണ മേഖലയിൽ ഒന്നിച്ചാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

“തെറ്റ് കണ്ടാൽ തെറ്റാണെന്നും മുഖം നോക്കാതെ വിമർശിക്കുകയും ചെയ്യും. സഹകരണ മേഖലയിലെ വഴിവിട്ട പ്രവർത്തനങ്ങളെ എതിർക്കും. നല്ല കാര്യങ്ങളിൽ ലീഗിന്‍റെ റോൾ ശരിയായ രീതിയിൽ നിർവഹിക്കും”- അബ്ദുൾ ഹമീദ് മാധ്യമങ്ങളോട് പറഞ്ഞു.

തൻ്റെ ഭരണസമിതി അംഗത്വത്തിന് മസ്ലിം ലീഗിന്‍റെയും യുഡിഎഫിന്‍റെയും അനുമതിയുണ്ട്. ലീഗ് സംസ്ഥാന നേതൃത്വം യുഡിഎഫ് നേതൃത്വവുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. കേരള ബാങ്ക് ഭരണസമിതി അംഗത്വത്തിൽ വിവാദത്തിന്‍റെ ആവശ്യമില്ലെന്നും അബ്ദുൽ ഹമീദ് വ്യക്തമാക്കി.

പിണറായി വിജയൻ സഹകരണ മന്ത്രിയായിരുന്നപ്പോഴും ലീഗ് പ്രതിനിധിയെ സഹകരണ ബാങ്ക് സംസ്ഥാന ഭരണ സമിതിയിലെടുത്തിട്ടുണ്ട്. സഹകരണ മേഖലയിൽ ലീഗ് സജീവമാണ്. എൽഡിഎഫ് ഭരിക്കുന്നത് കൊണ്ട് സഹകരണ മേഖലയിൽ നിന്ന് ലീഗ് വിട്ടുനിന്നിട്ടില്ല .മലപ്പുറത്ത 95 ശതമാനം സഹകരണ ബാങ്കുകളും ലീഗിൻ്റെ നിയന്ത്രണത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരസ്പരമുള്ള അഭിപ്രായ വ്യത്യാസങ്ങൾ പറയേണ്ടേ വേദിയിൽ പ്രകടിപ്പിക്കുമെന്നും അബ്ദുൾ ഹമീദ് കൂട്ടിച്ചേർത്തു.

കേരള ബാങ്ക് ഭരണസമിതിയിലേക്ക് ലീഗ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറിയും പട്ടിക്കാട് സഹകരണ ബാങ്ക് പ്രസിഡൻ്റുമായ അബ്ദുൾ ഹമീദിനെ നാമനിർദേശം ചേർത്ത സിപിഎം നീക്കം രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തിയാണെന്ന വിലയിരുത്തലുകൾ വിവിധ കോണുകളിൽ നിന്നുമുണ്ടായിരുന്നു. ലീഗുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ വേണ്ടിയാണിതെന്നായിരുന്നു പ്രധാന വിമർശനം. ആദ്യമായിട്ടാണ് ഒരു യുഡിഎഫ് പ്രതിനിധിയെ കേരള ബാങ്ക് ഭരണസമിതിയിൽ ഉൾപ്പെടുത്തുന്നത്.

കണ്ണൂരില്‍ ചേർന്ന കേരളബാങ്ക് ഭരണസമിതിയാണ് അബ്ദുൾ ഹമീദിനെ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. മലപ്പുറം ജില്ലയിലും മറ്റ് ജില്ലകകളിലും സിപിഎമ്മുമായി സഹകരിക്കുന്ന മുതിർന്ന സഹകാരികളെയടക്കം മറികടന്നാണ് വള്ളിക്കുന്ന് എംഎൽഎയെ നാമനിർദേശം ചെയ്തിരിക്കുന്നത്. ഇതാണ് വിമർശനങ്ങൾക്ക് വഴിവച്ചത്. മലപ്പുറം ജില്ല സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്നതിനെതിരായ ഹർജി ഹൈക്കോടതിയിലാണ്. സർക്കാർ നടപടിക്കെതിരെ ലീഗ് നേതാവും മലപ്പുറം ജില്ല ബാങ്ക് മുൻ പ്രസിഡൻ്റുമായ യു.എ. ലത്തീഫ് എംഎൽഎയാണ് ഹർജി നൽകിയിരിക്കുന്നത്. ലീഗ് പ്രതിനിധിയെ ഡയറക്ടർ ബോർഡിൽ എത്തിക്കുന്നത് കേസിനെ ദുർബലപ്പെടുത്താനാണെന്നും വിമർശനമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് അതിനുള്ള മറുപടിയുമായി പി. അബ്ദുൾ ഹമീദ് രംഗത്തെത്തിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top