യുഡിഎഫിൽ പലരും സർക്കാരിൻ്റെ ആശ്രിതർ; കേരളാ ബാങ്ക് തീരുമാനം പാർട്ടിയിൽ ആലോചിച്ചിട്ടില്ല : പി.എം.എ.സലാം
മലപ്പുറം: കേരളാ ബാങ്കിന്റെ ഭരണ സമിതിയിൽ മുസ്ലിം ലീഗ് പ്രതിനിധിയെ ഉൾപ്പെടുത്തിയ സർക്കാർ തീരുമാനത്തെ തുടർന്നുണ്ടായ പ്രതിസന്ധി ഒഴിയാതെ യുഡിഎഫ്. ഡയറക്ടർ ബോർഡ് അംഗത്വം ഏറ്റെടുത്തതിനെതിരെ ഉയർന്ന വിമർശനങ്ങൾ കെട്ടടങ്ങും മുമ്പാണ് മുന്നണിയെ വെട്ടിലാക്കുന്ന പ്രസ്താവനയുമായി ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം ഇന്ന് രംഗത്തെത്തിയത്. ഈ വിഷയം ചർച്ച ചെയ്യാൻ തയ്യാറാണെന്ന് പറഞ്ഞ അദ്ദേഹം ഇക്കാര്യത്തിൽ പിടിവാശി ഒന്നുമില്ലെന്നും അറിയിച്ചു.
യുഡിഎഫിൽ ഉള്ള ആരൊക്കെ സർക്കാർ സംവിധാനത്തിൽ ഏതൊക്കെ ബോർഡിൽ ഉണ്ടെന്ന് പരിശോധിക്കപ്പെടണമെന്നും ലീഗ് ജനറൽ സെക്രട്ടറി ഇന്നാവശ്യപ്പെട്ടു. യുഡിഎഫിന് വിരുദ്ധമായ നയം ഒരിക്കലും ലീഗിൻ്റെ ഭാഗത്തുനിന്നും ഉണ്ടാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചതിനെതിരെ നൽകിയ കേസിൽ അബ്ദുൾ ഹമീദ് യുഡിഎഫിന്റെ കൂടെ നിൽക്കും. പരിചയ സമ്പന്നനായ ഒരാൾ തുടർന്നോട്ടെ എന്ന സമീപനം മാത്രമാണ് ലീഗ് എടുത്തത്. മുസ്ലിം ലീഗിനുള്ളിൽ ഇക്കാര്യം ചർച്ച ചെയ്തിട്ടില്ലന്നും പി.എം.എ. സലാം അറിയിച്ചു. പാണക്കാട് സാദിഖലി തങ്ങൾ അനുവാദം നൽകിയിരുന്നു. പാർട്ടി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവകേരള സദസുമായി ബന്ധപ്പെട്ട് ചന്ദ്രികയിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ലേഖനം വന്നതിനെ സംബന്ധിച്ചും പി.എം.എ.സലാം പ്രതികരിച്ചു. പത്രങ്ങൾക്ക് പരസ്യം നൽകിയത് മൂലമാണ് ചന്ദ്രികയിൽ മുഖ്യമന്ത്രിയുടെ ലേഖനം വന്നത്. മുഖ്യമന്ത്രിയുടെ പ്രസ്താവന നൽകുക എന്നത് പത്ര ധർമ്മം ആണ്. പിണറായിയുടെ ലേഖനത്തിന് താഴെ നവകേരള സദസിനെ വിമർശിച്ചുള്ള മറ്റൊരു ലേഖനവുമുണ്ട്. അതാരും കണ്ടില്ലെന്നും പി.എം.എ സലാം പറഞ്ഞു.
അതേസമയം, ലീഗ് നിലപാടിനെ ചൂണ്ടിക്കാട്ടി വ്യാപക അതൃപ്തിയാണ് മുന്നണി ഘടകകക്ഷികൾക്കിടയിലുള്ളത്. കേരള ബാങ്കിനെതിരെ നിയമസഭയിലും പുറത്തും യുഡിഎഫും കോൺഗ്രസും രാഷ്ട്രീയ നിലപാട് സ്വീകരിച്ചിരിക്കുന്നതിനിടയിൽ ലീഗ് തീരുമാനം അതിന് തിരിച്ചടിയാകുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. കോൺഗ്രസ് നേതൃത്വവുമായി ആലോചിക്കാതെയെടുത്ത തീരുമാനത്തിനെതിരെ കെപിസിസിക്ക് അമർഷമുണ്ടെങ്കിലും ലീഗിനെ പിണക്കേണ്ടാ എന്ന നിലപാടിലാണ് പാർട്ടി.
മുസ്ലിം ലീഗുമായി അടുക്കാനുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായിട്ടാണ് കോൺഗ്രസ് തീരുമാനത്തെ നോക്കിക്കാണുന്നത്. മലപ്പുറം ജില്ലയിൽ നിന്നും തന്നെ വ്യാപകമായ എതിർപ്പാണ് ലീഗ് നിലപാടിനെതിരെ സ്വന്തം പാർട്ടിയിൽ നിന്നും മുന്നണിയിൽ നിന്നും ഉയരുന്നത്. കേരള ബാങ്ക് ഭരണസമിതിയിലേക്ക് ലീഗ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറിയും പട്ടിക്കാട് സഹകരണ ബാങ്ക് പ്രസിഡൻ്റുമായ അബ്ദുൾ ഹമീദിനെ നാമനിർദേശം ചേർത്ത സിപിഎം നീക്കം രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തിയാണെന്ന വിലയിരുത്തലുകൾ വിവിധ കോണുകളിൽ നിന്നുമുണ്ടായിരുന്നു. ആദ്യമായിട്ടാണ് ഒരു യുഡിഎഫ് പ്രതിനിധിയെ കേരള ബാങ്ക് ഭരണസമിതിയിൽ ഉൾപ്പെടുത്തുന്നത്.
” പാർട്ടിയേയും പാർട്ടി അണികളെയും വഞ്ചിച്ച ജൂതാസിനെ പാർട്ടിയിൽ നിന്നും പുറത്താക്കുക ” എന്നാവശ്യപ്പെട്ട് ഇന്നലെ പി അബ്ദുൾ ഹമീദിനെതിരെ പോസ്റ്ററും പ്രത്യക്ഷപ്പെട്ടിരുന്നു. മുസ്ലിം ലീഗ് ഓഫീസിന് മുന്നിലും മലപ്പുറം ബസ് സ്റ്റാന്റിലുമാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. ലീഗ് നേതൃത്വത്തിൻ്റെ അറിവോടെയാണ് താൻ സ്ഥാനമേറ്റെടുക്കാൻ തീരുമാനിച്ചതെന്ന ഹമീദിൻ്റെ പ്രസ്താവനക്ക് പിന്നാലെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററിന് പിന്നിൽ ലീഗ് അണികളാണെന്നാണ് കോൺഗ്രസ് പറയുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here