പാര്‍ട്ടി വിടാന്‍ വെമ്പിനില്‍ക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ് എംപി ആരാണ്? ബിജെപി ചര്‍ച്ച കള്ളക്കഥയെന്ന് കെപിസിസി

ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത്കുമാര്‍ ആര്‍എസ്എസ് നേതാവിനെ സന്ദര്‍ശിച്ചതിന്റെ വിവരങ്ങള്‍ പുറത്തുവിട്ട് ഗംഭീരമായി സ്‌കോര്‍ ചെയ്ത് തിളക്കത്തില്‍ നില്‍ക്കേ കോണ്‍ഗ്രസിന് തിരിച്ചടി. കേരളത്തില്‍ നിന്നുള്ള ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് എംപി ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന വാര്‍ത്തയാണ് കോണ്‍ഗ്രസിന് രാഷ്ട്രീയമായി വെല്ലുവിളിയാകുന്നത്.

പാര്‍ട്ടിയില്‍ ചേരാനുള്ള താല്‍പര്യവുമായി കോണ്‍ഗ്രസ് എംപി സന്ദര്‍ശിച്ചുവെന്ന് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഡല്‍ഹിയില്‍ നിന്ന് പ്രസിദ്ധികരിക്കുന്ന ദി ഇന്ത്യന്‍ എക്‌സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തത്. എംപിയുടെ പേരോ, മണ്ഡലമോ മറ്റ് വിവരങ്ങളോ ഒന്നും തന്നെ പത്രം പുറത്തുവിട്ടില്ല. ബിജെപിയിലെ മിക്ക നേതാക്കള്‍ക്കും ഇദ്ദേഹത്തിന്റെ വരവിനോട് യോജിപ്പില്ലെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഒരു എംപി പാര്‍ട്ടിയിലേക്ക് വരുന്നത് കേരളത്തിലെ കോണ്‍ഗ്രസിനെ ക്ഷീണിപ്പിക്കാന്‍ ഗുണം ചെയ്യുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തലെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഈ വാര്‍ത്തയുടെ നിജസ്ഥിതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒട്ടേറെ സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. കേരളത്തിലെ ഇടതു സര്‍ക്കാര്‍ അഴിമതിയിലും ആര്‍എസ്എസ് ബന്ധങ്ങളിലും കുടുങ്ങിക്കിടക്കുന്ന ഘട്ടത്തില്‍ അവരെ രക്ഷിച്ചെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് കോണ്‍ഗ്രസ് വാദം. സിപിഎമ്മിന് അനുഭാവമുള്ള ബിജെപി നേതാക്കള്‍ പടച്ചു വിടുന്ന നുണക്കഥ മാത്രമാണ് ഈ വാര്‍ത്ത എന്നാണ് കെപിസിസി നിലപാട്.

അഖിലേന്ത്യാ തലത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി മുഖ്യ പ്രതിപക്ഷമായി വിലസുമ്പോഴാണ് മാധ്യമങ്ങള്‍ ഇത്തരം കഥകള്‍ മെനയുന്നത്. ഹരിയാനയിലും മഹാരാഷ്ട്രയിലും അടുത്ത മാസം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ കോലഹലമത്രയും. ഈ രണ്ട് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണ്. ഈ ഘട്ടത്തില്‍ കോണ്‍ഗ്രസ് നേതാക്കളാരും പാര്‍ട്ടി വിട്ടു പോകില്ലെന്ന പ്രതീക്ഷയിലാണ് നേതൃത്വം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top