കേരളം ഗ്യാങ്‌സ്റ്റര്‍ സ്‌റ്റേറ്റ്; കരുതല്‍ തടങ്കലിനെതിരെ കോടതിയെ സമീപിക്കും; വി.ഡി.സതീശന്‍

മലപ്പുറം : മുഖ്യമന്ത്രിയെത്തുന്ന ജില്ലകളില്‍ ആളുകളെ കരുതല്‍ തടങ്കലിലാക്കുന്നതിനെതിര കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. എല്ലാ ദിവസവും മുഖ്യമന്ത്രിയെത്തുന്ന ഇടങ്ങളില്‍ ആളുകളെ അനധികൃതമായി കസ്റ്റഡിയില്‍ എടുക്കുകയാണ്. മുഖ്യമന്ത്രി പോകുന്നതു വരെ പോലീസ് സ്‌റ്റേഷനില്‍ ഇരുത്തുകയാണ് ചെയ്യുന്നത്. ഇത് നിയമ വിരുദ്ധമാണ്. സുപ്രീംകോടതി ഇക്കാര്യത്തില്‍ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതൊന്നും പാലിക്കാതെയാണ് സംസ്ഥാനത്തെ പോലീസ് പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രി വന്നാല്‍ ആ ജില്ലയിലെ യുഡിഎഫുകാര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നവരെ കഴുത്ത് ഞെരിച്ച് കൊല്ലാനാണ് പോലീസ് ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ ആഹ്വാനത്തിന്റെ ഭാഗമാണിത്. പ്രതിഷേധക്കാര്‍ ബസിനു മുന്നില്‍ ചാടിയിട്ടില്ല. റോഡിന്റെ വശത്ത് നിന്ന പ്രതിഷേധക്കാര്‍ക്ക് നേരെ എസ്‌കോര്‍ട്ട് വാഹനം ഓടിച്ച് കയറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ എല്ലാവര്‍ക്കും ഇത് മനസിലാകും. മുഖ്യമന്ത്രി ഇതൊന്നും കാണുന്നില്ല. പ്രതിഷേധക്കാരെ തല്ലിയവരെ ന്യായീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി തന്നെയാണ് കലാപാഹ്വാനം നടത്തുന്നത്. പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ ചെയ്തത് മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന് ചെയ്യരുത്. ചെയ്താല്‍ ശക്തമായി പ്രതിഷേധിക്കും. പിണറായി ഭരണത്തില്‍ കേരളം ഗ്യാങ്‌സ്റ്റര്‍ സ്റ്റേറ്റായി മാറിയിരിക്കുകയാണ്. കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ട് പോയതില്‍ പോലീസിനെ എന്തിനാണ് അഭിനന്ദിക്കുന്നതെന്ന് ആര്‍ക്കും മനസിലായിട്ടില്ല. പോലീസ് എല്ലാം അടച്ച് ബന്തവസാക്കിയെന്ന് പറഞ്ഞിടത്തു കൂടിയാണ് പ്രതികള്‍ കുട്ടിയുമായി കറങ്ങി നടന്നത്. ചുറ്റും പോലീസ് ഓഫീസുള്ള സ്ഥലത്താണ് കുട്ടിയെ ഉപേക്ഷിച്ചത്. തട്ടിക്കൊണ്ട് പോയത് ആരാണ് എന്തിനാണ് എന്നൊന്നും കണ്ടെത്താന്‍ കഴിയാത്തവരെയാണ് അഭിനന്ദിക്കുന്നത്. പോലീസ് തന്നെ അഭിനന്ദനങ്ങളില്‍ നാണംകെട്ട് നില്‍ക്കുകയാണെന്നും സതീശന്‍ പറഞ്ഞു.

Logo
X
Top