‘കേക്ക് നയതന്ത്രം’ പാളി, ക്രിസ്ത്യൻവേട്ട ചർച്ചയാക്കി കേരളത്തിലെ കത്തോലിക്കാ മെത്രാന്മാർ; മിണ്ടാട്ടമില്ലാതെ ബിജെപിയും ക്രിസംഘികളും

തിരുവനന്തപുരം: മോദി സർക്കാരിനെതിരെ സംസ്ഥാനത്തെ ക്രൈസ്തവ സഭകൾ വിമർശനം കടുപ്പിച്ചതോടെ ബിജെപി നേതൃത്വം മറുപടി ഇല്ലാതെ കുഴയുന്നു. കഴിഞ്ഞ വർഷത്തെ ഈസ്റ്റർ, ക്രിസ്മസ് കാലങ്ങളിൽ ക്രിസ്ത്യൻ വീടുകളിൽ ബിജെപി നേതാക്കളും പ്രവർത്തകരും കേക്കും പലഹാരങ്ങളുമായി എത്തി പുതിയ സൗഹൃദത്തിന് പാലമിടാൻ ശ്രമിച്ചിരുന്നു. ചെറിയ ചലനങ്ങളുണ്ടാക്കാനും ഈ കൂടിക്കാഴ്ചകൾക്ക് കഴിഞ്ഞിരുന്നു. എന്നാൽ ഈ മധുവിധു അധികകാലം നീളുന്നതിന് മുമ്പാണ് ബിജെപി ഭരിക്കുന്ന മണിപ്പൂരിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപം അടിച്ചമർത്തുന്നതിന് അവിടുത്തെ സർക്കാർ ഒന്നും ചെയ്യാതിരുന്നത് രാജ്യാന്തരതലത്തിൽ തന്നെ വിമർശനം ക്ഷണിച്ചുവരുത്തി. കുക്കി വംശജരായ ക്രിസ്ത്യാനികളുടെ ജീവനും സ്വത്തിനും വ്യാപക നഷ്ടമുണ്ടായി. 254 പള്ളികൾ അഗ്നിക്കിരയായി. ഒരുപാട് ക്രിസ്ത്യൻ സ്ഥാപനങ്ങൾ നശിപ്പിക്കപ്പെട്ടു. പതിനായിരങ്ങൾ പലായനം ചെയ്തു. 11 മാസമായി കലാപം തുടരുന്ന പ്രദേശത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കാൻ പ്രധാനമന്ത്രി തയ്യാറാവാത്തത് ഇപ്പോഴും വിമർശനത്തിന് ഇടയാക്കുകയാണ്.

ഇതേ കാലഘട്ടത്തിൽ വടക്കേ ഇന്ത്യയിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രിസ്ത്യാനികൾക്ക് നേരെ സംഘപരിവാർ സംഘടനകളിൽ നിന്ന് കടുത്ത ഉപദ്രവങ്ങളും അതിക്രമങ്ങളുമുണ്ടായി. ക്രൈസ്തവർക്കെതിരെ മതപരിവർത്തന നിരോധന നിയമ പ്രകാരം കേസെടുക്കുന്നത് പതിവായിരുന്നു. ഏറ്റവും ഒടുവിൽ ഈ വർഷം ജനുവരി ഒന്നു മുതൽ മാർച്ച് 15 വരെയുള്ള 75 ദിവസങ്ങളിൽ മാത്രം 161 അതിക്രമങ്ങളുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ക്രിസ്ത്യൻ സ്കൂളുകൾക്കും, അവിടങ്ങളിലെ അധ്യാപകരായ വൈദികർക്കും കന്യാസ്ത്രീകൾക്കുമെതിരെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പീഡനങ്ങൾ നടക്കുന്ന വിവരങ്ങൾ പുറത്തുവന്നിട്ടും ഫലപ്രദമായ ഇടപെടൽ ഉണ്ടാവുന്നില്ലെന്നാണ് സഭകളുടെ പരാതി. ഇതിനിടയിൽ മണിപ്പൂരിൽ ദുഖവെള്ളിയും ദുഖശനിയും ഈസ്റ്ററും സർക്കാർ പ്രവർത്തി ദിനമായി പ്രഖ്യാപിച്ച് ഉത്തരവിറക്കി. രാജ്യവ്യാപക പ്രതിഷേധം ഉയർന്നതോടെ പിന്നീട് തീരുമാനം പിൻവലിച്ചു.

ഈ സാഹചര്യങ്ങളെല്ലാം വിലയിരുത്തി കൊണ്ടാണ് സീറോ മലബാർ, ലത്തീൻ സഭകളിലെ മുതിർന്ന ബിഷപ്പുമാർ ബിജെപി സർക്കാരുകൾക്കെതിരെ ദുഖവെള്ളിയാഴ്ച പ്രസംഗത്തിൽ ആഞ്ഞടിച്ചത്. ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കേണ്ടിവന്നാൽ അത് രാജ്യത്തിന്റെ പരാജയമാണെന്ന് ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ പറഞ്ഞു. ഭരണഘടന ഉറപ്പ് നൽകുന്നത് ഏത് ന്യൂനപക്ഷങ്ങൾക്കും ഇവിടെ ഭയമില്ലാതെ ജീവിക്കാനുള്ള സാഹചര്യമാണ്. മതത്തിൻ്റേയും വർഗത്തിൻ്റേയും പേരിൽ ജനങ്ങളെ ഭയപ്പെടുത്തുന്ന ശക്തികളോട് ജാഗ്രത വേണമെന്നായിരുന്നു ബിഷപ്പ് തറയിൽ പറഞ്ഞത്.

ക്രൈസ്തവർക്ക് ഈസ്റ്റർ ആഘോഷിക്കാൻ പോലും കഴിയാത്ത സാഹചര്യം രാജ്യത്ത് പലയിടത്തും ഉണ്ടെന്ന് സീറോ മലബാർ സഭാധ്യക്ഷൻ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പറഞ്ഞത് പെസഹാ വ്യാഴത്തിലായിരുന്നു. മണിപ്പൂരിൽ മാത്രമല്ല, രാജ്യത്ത് പലയിടങ്ങളിലും ക്രൈസ്തവർ പീഡനം അനുഭവിക്കുന്നുണ്ടെന്നും പുറത്തറിയുന്ന സംഭവങ്ങൾ പരിമിതമാണെന്നും മാർ തട്ടിൽ മാധ്യമങ്ങളോടാണ് പറഞ്ഞത്. സഭാധ്യക്ഷൻ തന്നെ ഈ മട്ടിൽ പ്രതികരിച്ചത് ബിജെപിയുടെ തൃശൂർ മോഹത്തിന് പോലും തിരിച്ചടിയായിട്ടുണ്ട്.

മണിപ്പൂരിലും ഉത്തരേന്ത്യയിലും ക്രൈസ്തവർ അതിക്രമം നേരിടുന്നുവെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ചുബിഷപ്പ് തോമസ് ജെ.നെറ്റോ ദുഖവെള്ളി സന്ദേശത്തിൽ പറഞ്ഞിരുന്നു. ഭരണഘടന ഉറപ്പു നൽകുന്ന ന്യൂനപക്ഷ അവകാശങ്ങൾ ഉറപ്പാക്കണം. എന്നാൽ ഔദ്യോഗിക സംവിധാനങ്ങളിൽ നിന്നും ഇതിനെതിരെ ഒന്നും ഉണ്ടാകുന്നില്ല. ഛിദ്രശക്തികൾക്കെതിരെ നിലപാട് സ്വീകരിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയണം. നമ്മുടെ അഭിപ്രായങ്ങൾ വ്യക്തമായി പ്രകടിപ്പിക്കാനുള്ള അവസരം നാം പ്രയോജനപ്പെടുത്തുകയും വേണം. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സഹോദരന്മാർക്കൊപ്പം നിൽക്കാൻ ശ്രമിക്കണം. മതാധിപത്യ സങ്കുചിത മനോഭാവത്തിന്റെ ഭാഗമാണ് പൗരത്വ ഭേദഗതി നിയമമെന്നും ലത്തീൻ ബിഷപ് പറഞ്ഞു.

തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ സഭാനേതാക്കളുടെ തുറന്നുപറച്ചിൽ കൃത്യമായ സൂചനയാണെന്നാണ് ബിജെപി കരുതുന്നത്. നീതി നിഷേധത്തിൻ്റെ പ്രതീകവും ഭരണകൂട ഭീകരതയുടെ ഇരയുമായ ഫാദർ സ്റ്റാൻസ്വാമിയുടെ രക്തസാക്ഷിത്വം ആർച്ചുബിഷപ്പ് നെറ്റോ എടുത്തുപറഞ്ഞത് ബിജെപിക്കുള്ള വ്യക്തമായ താക്കീതായാണ് വിലയിരുത്തപ്പെടുന്നത്. മെത്രാന്മാരുടെ അതിരൂക്ഷ വിമർശനങ്ങൾക്ക് തൃപ്തികരമായ മറുപടി പറയാൻ സംസ്ഥാന ബിജെപി നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല.

എട്ട് ലോക്സഭാ നിയോജകമണ്ഡലങ്ങളിൽ നിർണായക സ്വാധീനമുള്ള വിഭാഗമാണ് ലത്തീൻ കത്തോലിക്കാ സഭ. ഏതാണ്ട് 15 ലക്ഷത്തിലധികം വിശ്വാസികൾ വിവിധ രൂപതകളിലായുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് തുടങ്ങിയ മണ്ഡലങ്ങളിൽ നിർണായക സ്വാധീനം ചെലുത്താൻ കഴിവുള്ള സഭാ വിഭാഗമാണിവർ. ബിജെപി വലിയ പ്രതീക്ഷ വച്ചുപുലർത്തുന്ന നിയോജക മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും തീരപ്രദേശങ്ങളിൽ നിന്ന് ലഭിച്ച വോട്ടുകളാണ് ശശി തരൂരിൻ്റെ വിജയത്തിന് കാരണമായത്. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് അദാനിക്ക് അനുകൂലമായ നിലപാട് തരൂർ സ്വീകരിച്ചതിൽ സഭയ്ക്ക് വിയോജിപ്പുണ്ടായിരുന്നു. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ലത്തീൻ സഭാവിശ്വാസികൾ രണ്ടരലക്ഷത്തിലധികം ഉണ്ടെന്നാണ് കണക്കാക്കുന്നത്. ലത്തീൻ സഭയും തരൂരുമായുള്ള വിയോജിപ്പുകൾ പ്രതിപക്ഷനേതാവ് ഇടപെട്ട് പരിഹരിച്ചു എന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്.

ജനുവരിയിൽ ബെംഗളൂരുവിൽ നടന്ന അഖിലേന്ത്യാ കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) യോഗത്തിലും വടക്കേ ഇന്ത്യയിലെ ക്രിസ്ത്യൻവേട്ടക്കെതിരെ പ്രതിഷേധ പ്രസ്താവന പുറപ്പെട്ടുവിച്ചിരുന്നു. മതസ്വാതന്ത്ര്യത്തെ മാനിക്കുന്നവർക്ക് വോട്ട് നൽകണമെന്നായിരുന്നു സിബിസിഐ സ്വീകരിച്ച നിലപാട്. 35 ലക്ഷത്തിലധികം അംഗസംഖ്യയുള്ള സീറോ മലബാർ സഭയുടെ ഈ നിലപാട് ബിജെപിയെ അസ്വസ്ഥമാക്കുന്നുണ്ട്. തൃശൂർ, എറണാകുളം, തലശ്ശേരി, ചങ്ങനാശ്ശേരി, പാല, വയനാട്, ഇടുക്കി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം സീറോ മലബാർ സഭയ്ക്ക് വലിയ സ്വാധീനമുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top