ടിക്കറ്റ് ഹണ്ടുമായി കേരള ബ്ലാസ്റ്റേഴ്സ്; പൊതുസ്ഥലത്ത് ഒളിച്ചുവയ്ക്കുന്ന ടിക്കറ്റ് കണ്ടെടുക്കുന്നവർക്ക് കളി ഫ്രീയായി കാണാം; കേരള ബ്ലാസ്റ്റേഴ്സ് vs പഞ്ചാബ് എഫ്സി നാളെ

കൊച്ചി: ടിക്കറ്റ് പ്രമോഷന് പുതിയ തന്ത്രവുമായി കേരള ബ്ലാസ്റ്റേഴ്സ്. കേരളത്തിൽ അജ്ഞാതസംഘം നടത്തുന്ന ക്യാഷ് ഹണ്ട് മോഡലാണ് ഫുട്ബോൾ ക്ലബ് സ്വീകരിച്ചിരിക്കുന്നത്. കളി നടക്കുന്ന കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലും പരിസരങ്ങളിലുമായി ഓരോ സ്ഥലങ്ങളിൽ ടിക്കറ്റ് ഒളിപ്പിച്ചുവയ്ക്കുന്നു. ഇതിൻ്റെ വീഡിയോ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുന്നു. ഒളിപ്പിക്കുന്ന സ്ഥലത്തിൻ്റെ അത്യാവശ്യം സൂചനകൾ മാത്രം ഇൻസ്റ്റാ വീഡിയോയിൽ നൽകുന്നു. ഈ സൂചനകൾ വച്ച് ടിക്കറ്റ് കണ്ടെത്തുന്നവർക്ക് അത് സ്വന്തമാക്കി കളി ഫ്രീയായി കാണാം.

നാളെ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് vs പഞ്ചാബ് എഫ്സിയുടെ ടിക്കറ്റുകളാണ് ഇങ്ങനെ ടിക്കറ്റ് ഹണ്ട് എന്ന പേരില്‍ ഒളിപ്പിച്ചുവെക്കുന്നത്. ടിക്കറ്റ് പിടിച്ചിരിക്കുന്ന ഒരുകൈ മാത്രമാണ് വീഡിയോയിൽ കാണാനാകുക. ഈ ടിക്കറ്റ് ഒരിടത്ത് ഒളിപ്പിക്കുന്നു. അത് കണ്ടെടുക്കുകയാണ് ടാസ്ക്. ക്യാഷ് ഹണ്ട് കേരളത്തില്‍ വിവിധ ജില്ലകളില്‍ സജീവമാണെങ്കില്‍, ടിക്കറ്റ് ഹണ്ട് ബ്ലാസ്റ്റേഴ്സിന്‍റെ കളി നടക്കാനിരിക്കുന്ന കൊച്ചിയില്‍ മാത്രമാണുള്ളത്. ചെടിയുടെ ഇടയില്‍, മരത്തിനിടയില്‍, തൂണുകളില്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ടിക്കറ്റ് ഒളിപ്പിച്ചു വെക്കുന്നത്.

ഒരുമാസത്തോളമായി കേരളത്തിലെ വിവിധ ജില്ലകൾ കേന്ദ്രീകരിച്ചാണ് ക്യാഷ് ഹണ്ട് നടക്കുന്നത്. അതിൽ ഒളിപ്പിക്കുന്നത് കറൻസി നോട്ടുകളാണെങ്കിൽ ഇവിടെ ഫുട്ബോൾ കളിയുടെ ടിക്കറ്റാണ് എന്ന വ്യത്യാസം മാത്രം. അജ്ഞാതസംഘം പൊതുസ്ഥലങ്ങളില്‍ പണം ഒളിപ്പിക്കുന്നു. പണംവെച്ച സ്ഥലത്തിന്‍റെ ഏകദേശ സൂചനകള്‍ കാണിക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നു. സ്ഥലം കണ്ടെത്തി പണം കൈക്കലാക്കുന്നവര്‍ക്ക് അത് സ്വന്തമാക്കാം. ഇതാണ് ഇന്‍സ്റ്റഗ്രാമില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്ന ക്യാഷ് ഹണ്ട് ചലഞ്ച്. ഇതിനു സമാനമായ ചലഞ്ചുമായിട്ടാണ് ഇപ്പോള്‍ കേരള ബ്ലാസ്റ്റേഴ്സിന്‍റെ വരവ്. ക്യാഷ് ഹണ്ടിന് പിന്നിലാരെന്ന് വ്യക്തമല്ലെങ്കിൽ ടിക്കറ്റ് ഹണ്ട് ബ്ലാസ്റ്റേഴ്സ് വകയെന്ന് ഉറപ്പിക്കാം. അതാണ് വ്യത്യാസം.

Logo
X
Top