ധനമന്ത്രിയുടെ ‘പ്ലാൻ ബി’ എന്ത്; ചർച്ചകൾ മുറുകുന്നു, സസ്പെൻസ് നിലനിർത്തി ബാലഗോപാൽ

തിരുവനന്തപുരം: ബജറ്റ് അവതരണം കഴിഞ്ഞതോടെ ധനമന്ത്രി കെ.എന്‍.ബാലഗോപാലിൻ്റെ ‘പ്ലാന്‍ ബി’ ചര്‍ച്ചയാവുകയാണ്. ധനപ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഒരു ‘പ്ലാന്‍ ബി’യെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്നാണ് ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്. ധനമന്ത്രിയുടെ പ്രസംഗത്തിന് പിന്നിലെന്തെന്നും അതെങ്ങനെ നടപ്പിലാകുമെന്നൊക്കെയുള്ള ചര്‍ച്ചകളാണ് നടക്കുന്നത്.

രണ്ട് പ്രധാന കാര്യങ്ങള്‍ മുന്നില്‍ നില്‍ക്കെയാണ് കേരള ബജറ്റ് അവതരിപ്പിക്കപ്പെട്ടത്. കേന്ദ്ര അവഗണനക്ക് എതിരെ വ്യാഴാഴ്ച ഡല്‍ഹി ജന്തര്‍ മന്തറില്‍ കേരളം കേന്ദ്രവിരുദ്ധ സമരം നടത്തുകയാണ്. മറ്റൊന്ന്, കടമെടുപ്പ് പരിധിയിൽ നിയന്ത്രണം കൊണ്ടുവന്ന കേന്ദ്രനടപടി ചോദ്യം ചെയ്ത് കേരളം സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നതാണ്. കുറ്റം കേരളത്തിൻ്റെ തന്നെയെന്ന് കേന്ദ്രം നിലപാട് എടുത്തുകഴിഞ്ഞു. മോശം ധനകാര്യ മാനേജ്മെൻ്റാണ് കേരള സർക്കാർ നേരിടുന്ന ഞെരുക്കത്തിന് കാരണമെന്നാണ് കേന്ദ്രം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. ഇതിന് തൊട്ടുപിന്നാലെയാണ് ‘പ്ലാന്‍ ബി’ ആലോചിക്കേണ്ടി വരുമെന്ന് ബാലഗോപാലിൻ്റെ വെളിപ്പെടുത്തൽ വരുന്നത് എന്നതാണ് ശ്രദ്ധേയം.

കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന് ആക്ഷേപിച്ചാണ് ‘പ്ലാന്‍ ബി’ കാര്യം മന്ത്രി എടുത്തിടുന്നത്. ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസ രംഗങ്ങളിലെ സമഗ്ര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്. ‘പ്ലാന്‍ ബി’ തയ്യാറാണെന്നും പക്ഷെ അത് ഇപ്പോള്‍ പുറത്ത് പറയുന്നില്ല എന്നുമാണ് ബജറ്റിന് ശേഷം വൈകിട്ടോടെ ബാലഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ബജറ്റിന് തൊട്ടുപിന്നാലെ തുടങ്ങി, സാമ്പത്തിക വിദഗ്ധരടക്കം അണിനിരന്ന് ചാനലുകളിലെ ചർച്ചകൾ രാത്രി ചർച്ചകൾക്ക് വഴിമാറുന്ന ഘട്ടത്തിലാണ് അഭ്യൂഹങ്ങൾക്ക് ചൂടേറ്റുന്ന മട്ടിൽ മന്ത്രി വീണ്ടും മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. ബജറ്റ് പ്രഖ്യാപനം ഗൌരവമായി തന്നെ കാണേണ്ടിവരും എന്നത് ഉറപ്പായിരിക്കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top