ഗണപതിക്കല്യാണം പോലെ നീളുന്ന ഇടുക്കി പാക്കേജ്; നാളത്തെ ബജറ്റില്‍ വല്ലതും തടയുമോ എന്നറിയാന്‍ കാത്തിരിക്കുന്ന മലയോര ജനത

രണ്ടാം പിണറായി സര്‍ക്കാരിന്റെ അഞ്ചാമത്തെ ബജറ്റ് നാളെ അവതരിപ്പിക്കുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ധനകാര്യ മന്ത്രിയായിരുന്ന തോമസ് ഐസക് വളരെ ‘ലാവിഷായി’ കോടികളുടെ പാക്കേജുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതെല്ലാം ഗണപതിക്കല്യാണം പോലെ നീണ്ടുപോവുകയാണ്. ഇടുക്കി പാക്കേജ് പ്രഖ്യാപിച്ചിട്ട് ആറ് വര്‍ഷം കഴിഞ്ഞിട്ടും കേവലം 51കോടി രൂപയുടെ പദ്ധതിക്ക് മാത്രമാണ് തുക അനുവദിച്ചത്.

ഇടുക്കി പാക്കേജ് നടത്തിപ്പ് സംബന്ധിച്ച് ഏതാണ്ട് നൂറിലധികം ഔദ്യോഗിക യോഗങ്ങള്‍ ഇക്കാലത്തിനിടയില്‍ നടന്നു. ഏറ്റവും ഒടുവില്‍ കഴിഞ്ഞ മാസം 28ന്
അവലോകനയോഗം മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്നു. നിലവില്‍ പദ്ധതി പ്രവര്‍ത്തന പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ വിലയിരുത്തി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മുറപോലെ യോഗം ചേരുന്നുണ്ട്. പക്ഷേ ഇടുക്കി പാക്കേജ് തുടങ്ങിയിടത്ത് തന്നെ കിടക്കുന്നു.

നടക്കാത്ത പദ്ധതികളും ഒരിക്കലും പാലിക്കാത്ത വാഗ്ദാനങ്ങളും വാരി വിതറുന്നതില്‍ കേമനാണ് മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്ക്. പത്ത് കൊല്ലം രണ്ട് മന്ത്രിസഭകളിലായി ധനകാര്യ മന്ത്രിയായിരുന്ന ഐസക് കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് ബജറ്റിലും പിന്നീട് 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പായും കോടികളുടെ വികസന പാക്കേജുകള്‍ വാഗ്ദാനം ചെയ്തിരുന്നു.

7500 കോടിയുടെ വയനാട് പാക്കേജ്, 18000 കോടി രൂപയുടെ ഇടുക്കി പാക്കേജ്, 2500 കോടിയുടെ കുട്ടനാട് പാക്കേജ്, 5000 കോടിയുടെ തീരദേശ പാക്കേജ്.
ഈ പാക്കേജുകള്‍ എല്ലാം തന്നെ 2021 ലെ പ്രകടന പത്രികയിലും പറഞ്ഞിരുന്നു. പക്ഷേ, ഇപ്പോഴത്തെ ധനമന്ത്രി ബാലഗോപാല്‍ അവതരിപ്പിച്ച കഴിഞ്ഞ നാല് ബജറ്റിലും ഈ പാക്കേജുകള്‍ക്കായി നയാപൈസ പോലും നീക്കിവെച്ചിട്ടില്ല.

ഇടുക്കിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടു സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇടുക്കി പാക്കേജുകള്‍ പ്രഖ്യാപനത്തില്‍ ഒതുങ്ങിയെന്നാണ് വിവരാവകാശ രേഖകള്‍ തെളിയിക്കുന്നത്. 2019ല്‍ ‘പുനര്‍ജനി’ പദ്ധതി പ്രകാരം 5000 കോടി, 2020ല്‍ ഇടുക്കി പാക്കേജിനായി 1000 കോടി, 2021 നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പു മുഖ്യമന്ത്രി കട്ടപ്പനയിലെത്തി പ്രഖ്യാപിച്ച 12000 കോടി എന്നിങ്ങനെ സര്‍ക്കാര്‍ വാരിവിതറിയ കോടികളൊക്കെ പാഴ്വാക്കായെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണിക്കു വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണ് ഇടുക്കി പാക്കേജില്‍ കാര്യമായ പുരോഗതി ഒന്നും ഉണ്ടായില്ലെന്നാണ് വ്യക്തമാക്കുന്നത്. ഒരു പദ്ധതി പോലും സമയബന്ധിതമായി തീര്‍ന്നില്ലെന്ന് സര്‍ക്കാര്‍ വകുപ്പുകള്‍ തന്നെ സമ്മതിക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ രണ്ടിന് പബ്‌ളിക് റിലേഷന്‍സ് വകുപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത് തന്നെ പദ്ധതികള്‍ പലതും പൂര്‍ത്തികരിച്ചിട്ടില്ലെന്ന് സമ്മതിക്കുന്നുണ്ട്. ‘ഇടുക്കി പാക്കേജിന്റെ ഭാഗമായി ഫലപ്രദമായ പ്രൊജക്ടുകള്‍ തയ്യറാക്കി സമയ ബന്ധിതമായി നടപ്പാക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തെ തുടര്‍ന്നാണ് ഇടുക്കി ജില്ലയ്ക്കായി പാക്കേജ് പ്രഖ്യാപിച്ച് പ്രത്യേകം തുകയനുവദിച്ചത്. ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകള്‍ വഴി പദ്ധതികളേറ്റെടുത്ത് നടപ്പാക്കുന്നതിന്റെ നടപടികള്‍ തുടര്‍ന്ന് വരികയാണ്. എന്നാല്‍ സമയബന്ധിതമായി ഇവ പൂര്‍ത്തീകരിക്കുന്നതിന് പ്രത്യേക യോഗം വിളിച്ച് ചേര്‍ക്കുമെന്നും മന്ത്രി അറിയിച്ചു’.

പാക്കേജിന്റെ ഭാഗമായി എത്ര കോടി രൂപ അനുവദിച്ചെന്നോ, എത്ര കോടിയുടെ പണി പൂര്‍ത്തിയായെന്നോ സര്‍ക്കാര്‍ ഇനിയും വെളിപ്പെടുത്തിയിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top