ആന്റണി രാജുവും ദേവർകോവിലും ഒഴിയും ഗണേഷ്‌കുമാറും കടന്നപ്പള്ളിയും മന്ത്രിമാരാകും; സിപിഎം മന്ത്രിമാരിലും മാറ്റത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നു. ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും സ്ഥാനമൊഴിയും. ഗണേഷ്കുമാറിന് മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് സൂചന. നവംബറിൽ പുനഃസംഘടനയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഒറ്റ എംഎൽഎമാർ ഉള്ള പാർട്ടികൾക്ക് രണ്ടര വർഷം വീതം മന്ത്രി സ്ഥാനം നൽകാനായിരുന്നു മുന്നണിയിലെ ധാരണ. ഇതുമായി ബന്ധപ്പെട്ട് ഈ മാസം 20ന് മുന്നണി യോഗം ചേരും.
എൽഡിഎഫിലെ മുൻധാരണ പ്രകാരം ഗണേഷും കടന്നപ്പള്ളി രാമചന്ദ്രനുമാണ് ഇനി മന്ത്രിയാകേണ്ടത്. എന്നാൽ ഗണേഷ്‌കുമാറിന്റെ മന്ത്രിസ്ഥാനത്തിൽ സിപിഎമ്മിൽ ഭിന്നത ഉണ്ടെന്നാണ് സൂചന. സിപിഎം മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം വരാൻ സാധ്യതയുണ്ട്. വീണ ജോർജിനെ സ്പീക്കറായി പരിഗണിക്കുന്നുണ്ട്. നിലവിലെ സ്പീക്കർ എ എൻ ഷംസീറിന് ആരോഗ്യ വകുപ്പിന്റെ ചുമതല നൽകിയേക്കും . എൽജെഡിയ്ക്ക് മന്ത്രിസ്ഥാനം നൽകാൻ തീരുമാനിച്ചാൽ ഷംസീറിന്റെ സാധ്യത അടയും പകരം കെ പി മോഹനന് വഴിയൊരുങ്ങും.
ഗണേഷ്കുമാറിന് ഗതാഗത വകുപ്പ് നൽകാനായിരുന്നു ധാരണയെങ്കിലും പകരം വനം വകുപ്പ് നൽകുമെന്നാണ് അറിയുന്നത്. എൻസിപിയുടെ എംഎൽഎയും നിലവിൽ വനം വകുപ്പ് മന്ത്രിയുമായ എ കെ ശശീന്ദ്രന് ഗതാഗതത്തിന്റെ ചുമതല നൽകും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെയാണ് മുഖച്ഛായ മാറ്റാനുള്ള മുന്നണിയുടെ പുതിയ നീക്കം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here