റെഗുലേറ്ററി കമ്മീഷന്‍ റദ്ദാക്കിയ വൈദ്യുതി കരാർ പുനഃസ്ഥാപിക്കാൻ സര്‍ക്കാര്‍ തീരുമാനം; കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭിക്കും; കെഎസ്ഇബിയ്ക്ക് ആശ്വാസം

തിരുവനന്തപുരം: റെഗുലേറ്ററി കമ്മീഷന്‍ റദ്ദാക്കിയ 465 മെഗാവാട്ടിന്‍റെ ദീർഘകാല വൈദ്യുതി കരാർ പുനഃസ്ഥാപിക്കാൻ റഗുലേറ്ററി കമ്മീഷന് നിർദ്ദേശം നൽകാൻ സർക്കാർ തീരുമാനം. കരാര്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് വൈദ്യുത ബോര്‍ഡ് നേരിട്ട പ്രതിസന്ധിയുടെ ആഴം മനസിലാക്കിയാണ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ കരാര്‍ പുനസ്ഥാപിക്കാന്‍ റഗുലേറ്ററി കമ്മീഷന്‍ നിര്‍ബന്ധിതരാകും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് കരാര്‍ പുനസ്ഥാപിക്കാന്‍ തീരുമാനിച്ചത്.

ഫയല്‍ എത്താത്തതിനാല്‍ പ്രതികരിക്കാന്‍ തത്ക്കാലം കഴിയില്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ ഓഫീസ് മാധ്യമ സിന്‍ഡിക്കറ്റിനോട് പ്രതികരിച്ചു.

നടപടിക്രമങ്ങളിലെ വീഴ്ച ഉന്നയിച്ച് റഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയ കരാറാണ് വൈദ്യുതി നിയമത്തിലെ പ്രത്യേക അധികാരം ഉപയോഗിച്ച് സർക്കാർ പുനഃസ്ഥാപിക്കുന്നത്. കരാറുകൾ പുനരുജ്ജീവിപ്പിച്ചില്ലെങ്കിൽ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കില്ലെന്നും ബോർഡിന് സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഈ റിപ്പോര്‍ട്ടും ബോര്‍ഡിലെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയും കണക്കിലെടുത്തുമാണ് തീരുമാനം വന്നത്.

കരാർ പുനഃസ്ഥാപിക്കുന്നത് വഴി യൂണിറ്റിന് മൂന്നര രൂപ മുതൽ 4.29 രൂപ വരെയുള്ള കുറഞ്ഞ നിരക്കിന് ഇനി 18 വർഷം കൂടി മൂന്ന് കമ്പനികളിൽ നിന്നും ബോർഡിന് വൈദ്യുതി കിട്ടും. നിലവിൽ കൂടിയ വിലക്ക് പുറത്തുനിന്നും വൈദ്യുതി വാങ്ങിയാണ് കെഎസ്ഇബി ക്ഷാമം മറികടക്കുന്നത്.

ഇക്കഴിഞ്ഞ മെയ് മാസമായിരുന്നു വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ദീർഘകാല കരാർ റദ്ദാക്കിയത്. സാങ്കേതിക പ്രശ്നങ്ങളും നടപടി ക്രമങ്ങളിലെ വീഴ്ചയും ഉന്നയിച്ചാണ് ആര്യാടന്‍ മുഹമ്മദ്‌ മന്ത്രിയായിരുന്ന കാലത്ത് ഒപ്പിട്ട 465 മെഗാ വാട്ടിൻന്‍റെ കരാർ റദ്ദാക്കിയത്. പക്ഷെ ഒറ്റയടിക്ക് 465 മെഗാ വാട്ട് ഇല്ലാതായതും മഴ കുറഞ്ഞതും ബോര്‍ഡിന് ഇരുട്ടടിയായി മാറി.

വൈദ്യുത ക്ഷാമം കണ്ട് പുതിയ ടെൻഡർ തുറന്നപ്പോൾ തന്നെ വലിയ തുകയാണ് കമ്പനികൾ രേഖപ്പെടുത്തിയത്. ഇത് ബോര്‍ഡിന്റെ സാമ്പത്തിക നില താറുമാറാക്കും എന്ന് വിലയിരുത്തിയിരുന്നു. ജാബുവ പവർ ലിമിറ്റഡ്, ജിൻഡാൽ പവര്‍ ലിമിറ്റഡ്, ജിൻഡാൽ തെർമൽ പവർ ലിമിറ്റഡ് എന്നീ കമ്പനികളാണ് 4.26രൂപയ്ക്ക് വൈദ്യുതി നൽകാൻ കെഎസ്ഇബിയുമായി ദീര്‍ഘകാല കരാറിൽ ഏർപ്പെട്ടിരുന്നത്. റഗുലേറ്ററി കമ്മിഷൻ കരാർ റദ്ദാക്കിയതോടെ പുതിയ ടെന്‍ഡര്‍ വിളിച്ചപ്പോള്‍ യൂണിറ്റിന് 7.30 രൂപയ്ക്ക് മുകളിലാണ് കമ്പനികൾ ആവശ്യപ്പെട്ടത്. ഇതോടെയാണ് റിപ്പോർട്ട് നൽകാൻ സർക്കാർ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്.

സർക്കാർ നിർദ്ദേശം പാലിച്ച കമ്മീഷൻ ഇനി കരാർ പുനസ്ഥാപിക്കാനുള്ള നടപടിയിലേക്ക് നീങ്ങും. കരാർ റദ്ദാക്കിയ നടപടിക്കെതിരെ അപ്പലേറ്റ് ട്രിബ്യൂണലിൽ കെഎസ്ഇബി നൽകിയ കേസിൽ സർക്കാറും കക്ഷിചേരും. ബോർഡിന് അടിയന്തിര സ്റ്റേ കോടതി അനുവദിച്ചിരുന്നില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top