കേരളത്തിന് മാതൃകയാക്കാവുന്ന ‘കന്നട മോഡൽ’; സാമ്പത്തിക വളർച്ചയിൽ കർണാടകത്തിൻ്റെ കുതിപ്പും കേരളത്തിൻ്റെ കിതപ്പും

തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് എന്നാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ ആവർത്തിച്ച് പറഞ്ഞു കൊണ്ടിരിക്കുന്നത്. ഈ പ്രതിസന്ധികളെ മറികടക്കാൻ നികുതി നിരക്ക് ഉയർത്തിയിട്ടും സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതിയിൽ മാറ്റം ഒന്നും വന്നിട്ടില്ല എന്നതാണ് വസ്തുത. സംസ്ഥാനം നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടിന് പരിഹാരം കാണാൻ സാധിക്കുന്ന ഒരു മാതൃക കാട്ടി തന്നിരിക്കുകയാണ് അയൽ സംസ്ഥാനമായ കർണാടക. സഹകരണ മേഖലയടക്കം തകർന്ന് തരിപ്പണമായിക്കൊണ്ടിരിക്കുമ്പോൾ കന്നട മാതൃകയെ കണ്ടില്ലെന്ന് നടിക്കുകയാണ് ധനമന്ത്രിയും സംസ്ഥാന സർക്കാറും.

സംസ്ഥാനത്തിൻ്റെ ജിഎസ്ടി വരുമാന വളർച്ചയിൽ അയല്‍ സംസ്ഥാനം കാട്ടി തന്ന മാതൃക സ്വീകരിച്ചാൽ തന്നെ കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ സാധിക്കും. എന്നാൽ ജിഎസ്ടി വരുമാന വളർച്ചയിൽ കർണാടക കുതിക്കുമ്പോൾ കേരളം കിതയ്ക്കുകയാണ്. സംസ്ഥാനങ്ങളുടെ ജിഎസ്ടി വരുമാന വളർച്ചിൽ ചുരുങ്ങിയ കാലം കൊണ്ട് കർണാടക നേടിയത് 20 ശതമാനം വളർച്ചയാണ്. കേരളം നേടിയതാവട്ടെ വെറും 12 ശതമാനം മാത്രവും. ബിജെപിയിൽ നിന്നും അധികാരമേറ്റെടുത്ത് ചുരുങ്ങിയ കാലം കൊണ്ടാണ് സിദ്ധരാമയ്യ ഈ നേട്ടത്തിലേക്ക് എത്തിച്ചത്.

കഴിഞ്ഞ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള നാല് മാസ കാലയളവില്‍ 46,246 കോടി രൂപയാണ് ധനവകുപ്പ് കൈകാര്യം സിദ്ധരാമയ്യയുടെ കര്‍ണാടകത്തിലെ ജിഎസ്ടി വരുമാനം. ഇക്കാലയളവില്‍ കേരളത്തിൻ്റേത് വെറും 9,352 കോടി രൂപ മാത്രമാണ്. അഴിമതിയിലും കെടുകാര്യസ്ഥതയിലും മറ്റ് പ്രതിസന്ധികളിലും വലഞ്ഞിരുന്ന ഒരു സംസ്ഥാനത്തിനെ ചുരുങ്ങിയ കാലം കൊണ്ട് കൈപിടിച്ചുയർത്താൻ സിദ്ധരാമയ്യയുടെ സർക്കാരിനായി. അതു കൊണ്ട് തന്നെ തെരഞ്ഞെടുപ്പ് സമയത്ത് രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരം നൽകിയ വാഗ്ദാനമായ അഞ്ചിന പരിപാടികൾ നടപ്പിലാക്കാൻ പുതിയ കർണാടക സർക്കാരിനായി. ജിഎസ്ടിയിൽ വളർച്ചയിൽ നിന്നും ലഭിക്കുന്ന തുകയാണ് ഇതിനായി വിനിയോഗിക്കുന്നത്.

കേരളം സാമ്പത്തിക പ്രതിസന്ധി കാരണം ക്ഷേമ പെൻഷനുകൾ അടക്കം മുടങ്ങുന്ന അവസ്ഥയിലാണ്. എന്നാൽ കർണാടകയിൽ സർക്കാർ ജീവനക്കാരുടെ ഉൾപ്പെടെയുള്ള പെൻഷനുകയും ആനുകൂല്യങ്ങള്‍ എല്ലാം തന്നെ വിതരണം ചെയ്തു. കൂടാതെ അതി ദാരിദ്ര മേഖലയില്‍ ഉള്‍പ്പെട്ടവര്‍ക്കായി കൊണ്ട് വന്ന 5 ഇന കര്‍മ്മ പരിപാടികളും നടപ്പിലാക്കി. തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റി നാലര മാസം പ്രായമുള്ള സിദ്ധരാമയ്യാ സർക്കാർ മുന്നേറുമ്പോൾ ഇവിടെ സാമ്പത്തിക പ്രതിസന്ധിയുടെ പേജിൽ നികുതിഭാരം ഉൾപ്പെടെ അടിച്ചേൽപ്പിച്ച് ജനങ്ങളെ പിഴിയുകയാണ് രണ്ടാം പിണറായി വിജയൻ സർക്കാർ.

ഒന്നാം പിണറായി സർക്കാറിൻ്റെ സമയത്ത് ധനമന്ത്രി തോമസ് ഐസക്ക് ജിഎസ്ടിയിലൂടെ പ്രതിവര്‍ഷം 30% നികുതി വളര്‍ച്ച ഉണ്ടാകുമെന്നായിരുന്നു പ്രഖ്യാപിച്ചത്. എന്നാൽ ശരാശരി വളർച്ച 10 % മാത്രമായി ഒതുങ്ങി. എന്നാൽ രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്ത് ബാലഗോപാലിന്റെ അനാവശ്യ നികുതി നിരക്ക് ഉയര്‍ത്തലുണ്ടായിട്ടും വളർച്ച വെറും 12 ശതമാനം മാത്രമാണ് സാധ്യമായത്. വിപണിയിലേക്കുള്ള പണമൊഴുക്ക് തടയുന്ന തലതിരിഞ്ഞ സമീപനവും വളർച്ചാ നിരക്ക് ഉയരുന്നതിന് തിരിച്ചടിയിലായി. ധനവകുപ്പിൻ്റെ തല തിരിഞ്ഞ നയങ്ങൾ കാരണം സര്‍ക്കാര്‍ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക് സേഷൻ (ഗിഐഎഫ്ടി) നടത്തിയ പഠന റിപ്പോര്‍ട്ടിലും സംസ്ഥാനം ഈ സ്ഥിതി തുടര്‍ന്നാല്‍ 2032 ല്‍ മാത്രമേ കടബാധ്യതയുടെ തോത് 35% എന്നത് 27.8% ആകുകയുള്ളൂ എന്നാണ് വ്യക്തമാക്കുന്നത്.

വിപണി സജീവമാക്കാന്‍ അശാസ്ത്രീയമായി ഉയര്‍ത്തിയ നികുതി വര്‍ദ്ധനവ് പിന്‍വലിക്കുകയാണ് ആദ്യം സർക്കാർ ചെയ്യേണ്ട കാര്യം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കുവാനുള്ള ഡിഎ, ശമ്പള കുടിശിക, സറണ്ടര്‍ ആനുകൂല്യങ്ങള്‍ എന്നിവ അടിയന്തരമായി വിതരണം ചെയ്താലെ വിപണി സജീവമാകു. വിപണി സജീവമായില്‍ പണത്തിന്റെ സ്വാഭാവിക കൈമാറ്റത്തിലൂടെ തൊഴില്‍ മേഖല സജീവമായി എല്ലാവിഭാഗം ജനങ്ങളുടെ കൈകളിലും പണം എത്തി തിരികെ നികുതിയായി സർക്കാരിന് ലഭിക്കുകയുള്ളു. അത് ചെയ്യാത്ത പക്ഷം സാമ്പത്തിക വളർച്ച മുരടിച്ച് എന്നും പരാധീനത പറഞ്ഞു കൊണ്ടിരിക്കുന്ന സംസ്ഥാനമായി കേരളം തുടരും. അത് ഒഴിവാൻ കർണാടകയിൽ നിന്നും പാഠം ഉൾകൊണ്ടാൽ മാത്രം മതിയാവും. സാമ്പത്തിക വളർച്ചയുടെ കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളെ മാതൃകയാക്കുന്നില്ല എന്നതിന്റെ ഉദാഹരണങ്ങള്‍ നിരവധി നമുക്ക് മുന്നിലുണ്ട്. അതിൽ ഏറ്റവും എളുപ്പത്തിൽ കേരളത്തിന് മാതൃകയാക്കാവുന്നത് സിദ്ധരാമയ്യയുടെ ‘കന്നട മോഡൽ’ തന്നെയാണ് എന്ന് ഇരു സംസ്ഥാനങ്ങളുടേയും നാല് മാസക്കാലത്തെ വളർച്ച വിലയിരുത്തുന്ന ഏതൊരാൾക്കും മനസിലാകും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top