കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍; മരണകാരണം വ്യക്തമല്ല; കേസെടുത്ത് പോലീസ്
കാസര്‍കോട്: പെരിയ കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബിഹാര്‍ സ്വദേശിയായ റൂബി പട്ടേല്‍ (27) ആണ് മരിച്ചത്. ആത്മഹത്യ ചെയ്തതായാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകു. കേന്ദ്ര സര്‍വകലാശാലയിലെ ഹിന്ദി വിഭാഗത്തില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിനിയായിരുന്നു റൂബി പട്ടേല്‍. സംഭവത്തില്‍ കേസ് എടുത്ത് ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ന് രാവിലെയാണ് റൂബിയെ ഹോസ്റ്റലിലെ പൊതു ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെ നേരമായി വാതില്‍ തുറക്കത്തതിനെ തുടര്‍ന്ന് സഹപാഠികള്‍ തള്ളിത്തുറന്നപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഫെബ്രുവരിയില്‍ കേന്ദ്ര സര്‍വകലാശാലയിലെ ഹോസ്റ്റലില്‍ യുപി സ്വദേശിയായ എം.എഡ്. വിദ്യാര്‍ത്ഥി നിധീഷ് കുമാര്‍ ആത്മഹത്യ ചെയ്തിരുന്നു. തുടര്‍ന്നുണ്ടായ റൂബിയുടെ മരണത്തോടെ സര്‍വകലാശാലയില്‍ സമരം നടത്താന്‍ എസ്എഫ്ഐ തീരുമാനിച്ചു. ക്യാമ്പസില്‍ കൗണ്‍സിലിങ് സേവനം ലഭ്യമാക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് സമരം. അനിശ്ചിതകാല നിരാഹാരത്തിലേക്ക് നീങ്ങുമെന്നും വിദ്യാര്‍ത്ഥി സംഘടനകള്‍ അറിയിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here