പ്രേംകുമാര്‍ ചലച്ചിത്ര അക്കാദമി ചെയർമാന്‍; നിയമനം രഞ്ജിത്ത് രാജിവച്ച ഒഴിവില്‍

ചലച്ചിത്ര അക്കാദമി ചെയർമാനായി പ്രേംകുമാറിനെ നിയമിച്ചു. നിലവില്‍ വൈസ് ചെയര്‍മാനായ പ്രേംകുമാറിന് താത്കാലിക ചുമതലയാണ് നല്‍കിയത്. സംവിധായകന്‍ രഞ്ജിത്ത് അക്കാദമി ചെയര്‍മാന്‍ പദവി രാജിവച്ചതോടെയാണ് പ്രേംകുമാറിന് പകരം ചുമതല നല്‍കിയിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന ഉടന്‍ ബംഗാളി നടി രഞ്ജിത്തിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചതോടെയാണ് രഞ്ജിത്തിന് രാജി വയ്ക്കേണ്ടി വന്നത്.
സംവിധായകരാണ് അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിയമിതരായിരുന്നത്. ആദ്യമായാണ് ഒരു നടന്‍ അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് എത്തുന്നത്. ഐഎഫ്എഫ്കെ നടക്കാനിരിക്കെ നിര്‍ണായക സമയത്താണ് പ്രേംകുമാറിന് ചുമതല നല്‍കിയിരിക്കുന്നത്.
ബീന പോളിനെ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിയമിക്കണം എന്ന് സിനിമയിലെ വനിതകളുടെ സംഘടനയായ ഡബ്ല്യുസിസി ആവശ്യപ്പെട്ടിരുന്നു. അതേസമയം കെഎഫ്ഡിസി ചെയര്‍മാന്‍ ആയിരുന്ന പ്രമുഖ സംവിധായകന്‍ ഷാജി.എന്‍.കരുണിനെയും അക്കാദമി ചെയര്‍മാനായി പരിഗണിച്ചിരുന്നു. എന്നാല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കി പ്രേംകുമാറിന് താത്കാലിക ചുമതല നല്‍കുകയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here