പള്ളി പാതിരിമാര്‍ക്ക് വിശ്വാസികള്‍ ‘പണി’ കൊടുത്തു തുടങ്ങി; മാനം പോയ ക്രിസ്ത്യന്‍ വൈദികര്‍

ഒരു കാലത്ത് സമൂഹത്തില്‍ ബഹുമാനവും മാന്യതയും കല്‍പ്പിക്കപ്പെട്ടിരുന്ന ക്രൈസ്തവ വൈദികരെ വിശ്വാസികള്‍ കായികമായി ആക്രമിക്കുന്നത് സംസ്ഥാനത്ത് പതിവായി മാറുകയാണ്. പുരോഹിതരുടെ പെരുമാറ്റ ദൂഷ്യവും അധികാരേ്രപമവും ജനങ്ങള്‍ ചോദ്യം ചെയ്യുന്നതാണ് കൈയ്യാങ്കളിയിലേക്ക് എത്തുന്നതില്‍ ഭൂരിഭാഗവും. കഴിഞ്ഞ ദിവസമാണ് എറണാകുളം-അങ്കമാലി അതിരൂപതിയില്‍പെട്ട കോട്ടയം ജില്ലയിലെ വരിക്കാംകുന്ന് പ്രസാദ ഗിരി സെന്റ് സെബാസ്റ്റ്യന്‍ പളളിയില്‍ ഇടവക വിശ്വാസികള്‍ കുര്‍ബാന തര്‍ക്കത്തിന്റെ പേരില്‍ പരസ്പരം ഏറ്റുമുട്ടിയത്. ഏകീകൃത കുര്‍ബാനയെ ചൊല്ലി എറണാകുളം- അങ്കമാലി രൂപതയിലെ ഒട്ടുമിക്ക പളളികളിലും വര്‍ഷങ്ങളായി സംഘര്‍ഷങ്ങള്‍ നിലനില്‍ക്കയാണ്. അടിപിടിയും പോലീസ് ഇടപെടലും പതിവാണ്.

കുര്‍ബാനയ്ക്കിടെ സഭയിലെ വിമത വിഭാഗം പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടെ ഫാദര്‍ ജോണ്‍ തോട്ടുപുറത്തിന് നേരെ ആക്രമണമുണ്ടായി. ഫാദര്‍ ജോണ്‍ തോട്ടുപുറത്തിന് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചതായും ആരോപണമുയര്‍ന്നിരുന്നു. ഇക്കാര്യം എഫ്‌ഐആറിലും വ്യക്തമാക്കിയിട്ടുണ്ട്. ഇരു വിഭാഗത്തില്‍പ്പെട്ട 11 പേരാണ് സംഭവത്തില്‍ പ്രതികളായത്. ശനിയാഴ്ച രാവിലെ 9.30-നായിരുന്നു കേസിനാസ്പദമായ സംഭവം. നീര്‍പ്പാറ അസീസി കോണ്‍വെന്റിന്റെ ചുമതല വഹിക്കുന്ന ഫാ. ജോണ്‍ തോട്ടുപുറത്തിനെ പ്രസാദഗിരി പള്ളിയിലെ പ്രീസ്റ്റ് ഇന്‍ ചാര്‍ജായി ജനുവരി ആറിന് രൂപത നിയമിച്ചിരുന്നു. പള്ളിയില്‍ തിരുനാളായതിനാല്‍ 28-നാണ് അദ്ദേഹം ചാര്‍ജെടുത്തത്. അതിനുമുമ്പായി നിലവിലെ വൈദികന്‍ ഫാ. ജെറിനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും വൈക്കം കോടതിയില്‍നിന്ന്, നിയമനവുമായി ബന്ധപ്പെട്ട് നിരോധന ഉത്തരവ് നേടിയിരുന്നു. ഫെബ്രുവരി 15-വരെ ഫാ. ജെറിന് വികാരിയായി തുടരാമെന്നും കോടതി ഉത്തരവിട്ടിരുന്നു.

2022 സെപ്റ്റംബറില്‍ കുന്നംകുളത്ത് മാര്‍ത്തോമ്മ സഭയിലെ വൈദികനെ ഒരു പറ്റം ആള്‍ക്കാര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ആര്‍ത്താറ്റ് മാര്‍ത്തോമ പള്ളിയിലെ വികാരി റവറന്റ് ജോബിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കാണിയാമ്പാല്‍ സ്വദേശി വില്‍സണ്‍ എന്നയാളുടെ നേതൃത്വത്തിലാണ് വികാരി റവ.ജോബിയെ മര്‍ദ്ദിച്ചത്. മകളുടെ പ്രണയ വിവാഹത്തിന് വികാരി കൂട്ടുനിന്നു എന്ന് ആരോപിച്ചാണ് മര്‍ദനം നടത്തിയത്. ഈ വൈദികന്‍ പിന്നീട് തന്റെ ഭാര്യയെ ഉപേക്ഷിച്ച് ഇടവകയിലെ മറ്റൊരു സ്ത്രീയുമായി ഒളിച്ചോടിയതും വിവാദമായിരുന്നു.

യാക്കോബായ- ഓര്‍ത്തോഡോക്‌സ് സഭകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. 2017ല്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ വിധി വന്നതോടെ പുരോഹിതര്‍ ചേരിതിരിഞ്ഞ് അടി കൂടുന്നത് പതിവായി. സംഘര്‍ഷത്തിനിടയില്‍ ഇരുകൂട്ടരും മൃതദേഹങ്ങളോട് പോലും അതിക്രമം കാണിക്കുന്നത് പതിവായി. തര്‍ക്കമുള്ള പള്ളികള്‍ പിടിച്ചെടുക്കുന്നതിനെതിരെ വിശ്വാസികളെ കൊണ്ട് വൈദികരും മെത്രാന്മാരും ആത്മഹത്യാ ഭീഷണി മുഴക്കിക്കുന്നതും സ്ഥിരമാണ്. വൈദികരും പോലീസിന്റെ മര്‍ദ്ദനത്തിന് ഇരയാവുന്നതും പതിവാണ്.

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ (സിഎസ്‌ഐ) സഭയുടെ മോഡറേറ്ററായിരുന്ന ബിഷപ് ധര്‍മരാജ് റസാലത്തിനെതിരെ 2022 ഏപ്രിലില്‍ തിരുവനന്തപുരം നന്ദാവനത്ത് വിശ്വാസികള്‍ നടത്തിയ മാര്‍ച്ചില്‍വ്യാപക സംഘര്‍മുണ്ടായി. ഒരു പറ്റം വൈദികരാണ് ബിഷപ്പിനെതിരെ പരസ്യമായ തെറിവിളിയും മുദ്രാവാക്യവുമായി പ്രകടനം നടത്തിയത്. റസാലത്തിന്റെ ഫോട്ടോയില്‍ വിശ്വാസികള്‍ ചെരുപ്പു മാല അണിയിച്ചതും കേട്ടുകേള്‍വി ഇല്ലാത്ത സംഭവമായിരുന്നു. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. നിരവധി വൈദികര്‍ക്കും വിശ്വാസികള്‍ക്കും പരിക്കേറ്റു. ബിഷപ്പ് ധര്‍മ്മരാജ് റസാലത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. കാരക്കോണം മെഡിക്കല്‍ കോളേജ് കോഴ കേസില്‍ ധര്‍മരാജ് റസാലത്തിനെ കൊച്ചിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധ ജാഥ നടന്നത്.

2016 ജൂലൈയില്‍ മാവേലിക്കര – കുറത്തികാട് മാര്‍ത്തോമ്മ പള്ളിയിലെ വികാരിയെ ഇടവകാംഗമായ ഒരാള്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചത് വലിയ വിവാദമായിരുന്നു. പള്ളിയില്‍ നടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ അഴിമതി ആരോപണങ്ങളെ ചൊല്ലിയാണ് വികാരിക്കെതിരെ വധശ്രമമുണ്ടായത്. സഭാ ഭരണത്തില്‍ വൈദികര്‍ ഏകപക്ഷീയമായ തീരുമാനങ്ങള്‍ കൈകൊള്ളുന്നതാണ് ഒട്ടു മിക്ക സഭകളിലും സംഘര്‍ഷത്തിനിടയാക്കുന്നത്.

വൈദികരുടെ വഴിവിട്ട ജീവിതചര്യകളില്‍ നിന്ന് പുരോഹിതര്‍ പിന്തിരിയാന്‍ തയ്യാറാവുന്നില്ലെങ്കില്‍ അത്തരക്കാരെ തടയുമെന്ന് ഇക്കഴിഞ്ഞ ദിവസം കൊച്ചില്‍ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ വിളിച്ചു ചേര്‍ത്ത ജനകീയ സദസ് തീരുമാനിച്ചിട്ടുണ്ട്. വൈദികര്‍ക്ക് പൊതു സമൂഹത്തിലുണ്ടായിരുന്ന ബഹുമാനം തകരാന്‍ കാരണം അവരുടെ സ്വഭാവത്തിലെ മാറ്റങ്ങളാണെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ നേതാവ് ഫെലിക്‌സ് ജെ പുല്ലൂടന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top