സംസ്ഥാനത്ത് വീണ്ടും നിപ്പ; കോഴിക്കോട് മരിച്ച രണ്ടുപേരും നിപ്പ ബാധിതർ, കർശന ജാഗ്രതക്ക് നിർദേശം; കേന്ദ്ര സംഘം കേരളത്തിലേക്ക്
കോഴിക്കോട്: ജില്ലയിൽ പനി ബാധിച്ച് മരിച്ച രണ്ടു പേർക്കും നിപ്പ സ്ഥീരീകരിച്ചു. പുണെ വൈറോളജി ഇൻസ്റ്റിറ്യുട്ടിൽ നിന്ന് വന്ന പരിശോധന ഫലത്തിലാണ് മരിച്ച രണ്ടുപേരുടെയും സാമ്പിൾ പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. പനി ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നാലു പേരുടെ പരിശോധനാ ഫലം ഇതുവരെ വന്നിട്ടില്ല. മരിച്ച മരുതോങ്കര സ്വദേശിയുടെ ഭാര്യ നിരീക്ഷണത്തിലാണ് . ഇയാളുമായി സമ്പർക്കം പുലർത്തിയ എല്ലാവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.
സാഹചര്യങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘം ഉടൻ കേരളത്തിൽ എത്തും. കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ മന്ത്രി വീണ ജോർജുമായി സംസാരിച്ചു. മന്ത്രിമാരായ വീണ ജോർജും മുഹമ്മദ് റിയാസും നേരത്തെ സ്ഥിഗതികൾ അവലോകനം ചെയ്തിരുന്നു. നിലവിൽ 75 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. മുന്‍കരുതലുകള്‍ക്കായി 16 ടീമുകള്‍ രൂപികരിച്ചിട്ടുണ്ട്. കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനം ആരംഭിച്ചു.
വൈറസ് ബാധ സ്ഥിരീകരിച്ചതിനാൽ 2022 ലെ നവീകരിച്ച പ്രോട്ടോകോളാകും സ്വീകരിക്കുക. എല്ലാ ആശുപത്രികളിലും ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ പ്രോട്ടോകോള്‍ പാലിക്കാന്‍ നിര്‍ദേശം നല്‍കി. ആശുപത്രികളില്‍ അനാവശ്യ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
സംസ്ഥാനത്ത് ആദ്യമായി നിപ്പ സ്ഥിരീകരിക്കുന്നത് 2018ൽ കോഴിക്കോട് പേരാമ്പ്രയിലാണ്. കോഴിക്കോട് മലപ്പുറം ജില്ലകളിലാണ് കൂടുതൽ പേർക്ക് രോഗം ബാധിച്ചത്. 18 ജീവനുകളാണ് അന്ന് പൊലിഞ്ഞത്. ഇപ്പോഴുള്ള രണ്ടു മരണങ്ങളും കൂടി നിപ്പ ബാധയെ തുടർന്നെന്ന് വ്യക്തമായതോടെ സംസ്ഥാനം വീണ്ടും നിപ്പ ഭീതിയിലേക്ക് അമരുകയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here