കേരള കോണ്‍ഗ്രസിന് ഇന്ന് 60-ാം പിറന്നാള്‍; ആഘോഷമാക്കാന്‍ വിവിധ ഗ്രൂപ്പുകള്‍

കേരള കോൺഗ്രസിന്റെ അറുപതാം പിറന്നാള്‍ ഇന്ന് വിവിധ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആഘോഷിക്കും. കോട്ടയത്താണ് ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. പാര്‍ട്ടി രൂപം കൊണ്ട തിരുനക്കരയിൽ കഴിഞ്ഞ ദിവസം 60 തിരിയിട്ട വിളക്ക് തെളിച്ചിരുന്നു. കെ.എം.മാണിയുടെ ചിത്രം വച്ചായിരുന്നു ചടങ്ങുകള്‍.

കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി ഓഫിസിൽ രാവിലെ യൂത്ത് ഫ്രണ്ട് എം പ്രവർത്തകരുടെ നേതൃത്വത്തിൽ പായസം തയ്യാറാക്കി വിതരണം ചെയ്യും. കെ.എം.മാണി മെമ്മോറിയൽ ഓൾ കേരള ക്രിക്കറ്റ് ടൂർണമെന്റും നടക്കും.ജോസഫ് വിഭാഗം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ ജന്മദിന ആഘോഷ പരിപാടികൾ നടത്തും. ചെയർമാൻ പി.ജെ.ജോസഫ് പതാക ഉയർത്തും. തുടർന്ന് വജ്ര ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും ചെയർമാൻ നിർവഹിക്കും.

ജേക്കബ് വിഭാഗം തിരുവനന്തപുരം വൈഎംസിഎ ഹാളിലാണ് ജന്മദിന സമ്മേളനം നടത്തുന്നത്. രാവിലെ 11 ന് ആണ് ചടങ്ങുകള്‍. പാർട്ടി ലീഡർ അനൂപ് ജേക്കബ്‌ എംഎൽഎ ഉദ്ഘാടനം ചെയ്യും.കേരള കോൺഗ്രസ് ഡമോക്രാറ്റിക്കിന്റെ ആഭിമുഖ്യത്തിലുള്ള ജന്മദിനാഘോഷം കോട്ടയം റോട്ടറി ഹാളിൽ ചെയർമാൻ സജി മഞ്ഞകടമ്പിൽ ഉദ്ഘാടനം ചെയ്യും.

‘വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന പ്രസ്ഥാന’മെന്നാണ്‌ കെ.എം.മാണി കേരള കോൺഗ്രസിനെ വിശേഷിപ്പിച്ചത്. വളര്‍ന്നും പിളര്‍ന്നുമുള്ള കേരള കോണ്‍ഗ്രസിന്റെ പ്രയാണം കണ്ടായിരുന്നു മാണിയുടെ പ്രതികരണം. ആർ.ശങ്കർ മന്ത്രിസഭയിൽ പ്രമുഖനായിരുന്ന പി.ടി.ചാക്കോയുടെ രാജിയും പിന്നീടുള്ള അദ്ദേഹത്തിന്റെ മരണവുമാണ്‌ കേരള കോൺഗ്രസുകളുടെ പിറവിക്ക്‌ വഴിയൊരുക്കിയത്‌.ചാക്കോയോടുള്ള നിലപാടില്‍ പ്രതിഷേധിച്ച് 15 എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ടതോടെയാണ് കേരള കോണ്‍ഗ്രസ് ഉടലെടുത്തത്.

1964 ഒക്ടോബർ 9ന് കോട്ടയത്ത്‌ തിരുനക്കര മൈതാനത്താണ്‌ പാര്‍ട്ടിയുടെ പിറവി. തിരുനക്കര മൈതാനത്തുനടന്ന സമ്മേളനത്തിൽ മന്നത്ത് പദ്മനാഭനാണ് പുതിയ പാർട്ടിയുടെ പേര്‌ പ്രഖ്യാപിച്ചത്‌. കെ.എം. ജോര്‍ജ് ചെയര്‍മാനും മാത്തച്ചൻ കുരുവിനാക്കുന്നേൽ, ആർ.ബാലകൃഷ്ണപിള്ള, കെ.ആർ.സരസ്വതിയമ്മ എന്നിവർ സെക്രട്ടറിമാരുമായി പാര്‍ട്ടി നിലവില്‍ വന്നു.

പ്രതിപക്ഷത്തായിരുന്ന കേരള കോൺഗ്രസ്‌ 1975ൽ അച്യുതമേനോൻ മന്ത്രിസഭയിൽ ചേർന്നതോടെയാണ്‌ പിളർപ്പ്‌ തുടങ്ങുന്നത്‌. കെ.എം.മാണിയുടെ നേതൃത്വത്തിൽ 1976ൽ പുതിയ കേരള കോൺഗ്രസ്‌ രൂപംകൊണ്ടു. കെ.എം.ജോർജ്‌ അന്തരിച്ചപ്പോൾ ആ വിഭാഗത്തിന്റെ നേതൃത്വം ആർ.ബാലകൃഷ്ണപിള്ള ഏറ്റെടുത്തു. ഇത്‌ പിന്നീട്‌ കേരള കോൺഗ്രസ്‌ (ബി) ആയി.1979ൽ മാണിവിഭാഗം പിളർന്ന്‌ പി.ജെ.ജോസഫിന്റെ നേതൃത്വത്തിൽ ജോസഫ്‌ ഗ്രൂപ്പും രൂപംകൊണ്ടു. പിന്നീട് പാര്‍ട്ടി പിളരുകയും വളരുകയും ചെയ്തു. ഇപ്പോഴും രാഷ്ട്രീയ പ്രസക്തി നഷ്ടമാകാതെ തുടരുകയും ചെയ്യുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top