ഗണേഷ് കുമാറിനെ മന്ത്രിയാക്കണം, ഇടത്മുന്നണിക്ക് കേരള കോണ്‍ഗ്രസ് ബിയുടെ കത്ത്; ചര്‍ച്ച ചെയ്യാന്‍ പത്തിന് യോഗം
തിരുവനന്തപുരം : മുന്നണി ധാരണ പ്രകാരം കെ.ബി.ഗണേഷ് കുമാറിനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ബി. ഇക്കാര്യം ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ബി ജനറല്‍ സെക്രട്ടറി വേണുഗോപാലന്‍ നായര്‍ ഇടതു മുന്നണിക്ക് കത്ത് നല്‍കി. നിലവിലെ ധാരണ പ്രകാരം രണ്ടര വര്‍ഷം കഴിയുമ്പോള്‍ മന്ത്രി സ്ഥാനം നല്‍കുമെന്നായിരുന്നു. ഈ മാസം 20ന് രണ്ടാം പിണറായി മന്ത്രിസഭ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഈ സാഹചര്യത്തിലാണ് മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസിന്റെ കത്ത്.
നവകേരള സദസിന് മുമ്പ് മന്ത്രിസഭാ പുനസംഘടന വേണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ നവകേരള സദസിന് ശേഷം പുനസംഘടന എന്ന നിലയാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍ കേരള കോണ്‍ഗ്ര്‌സ് ബി ഇത്തരമൊരു ആവശ്യം മുന്നോട്ട് വച്ചതോടെ നേരത്തെ പരിഗണിക്കാന്‍ ഇടതു മുന്നണി തീരുമാനിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ വെള്ളിയാഴ്ച ഇടത് മുന്നണി യോഗം ചേരും. മന്ത്രിസഭ പുനസംഘടന വിശദമായി ചര്‍ച്ച ചെയ്യാനാണ് തീരുമാനം. ഇത്കൂടാതെ നവകേരള സദസിന്റെ ഒരുക്കങ്ങളും മുന്നണി യോഗം ചര്‍ച്ച ചെയ്യും.
ഗണേഷ്‌കുമാറിന് വെല്ലുവിളിയായി സോളാര്‍ കേസ്
മന്ത്രിസ്ഥാനം സംബന്ധിച്ച് ധാരണ നേരത്തയുള്ളതിനാല്‍ ഗണേഷ്‌കുമാറിന് മന്ത്രിസ്ഥാനം നല്‍കുന്നത് ഇടത് മുന്നണിയില്‍ എതിര്‍ക്കപ്പെടാന്‍ സാധ്യതയില്ല. എന്നാല്‍ പ്രതിപക്ഷത്തു നിന്നും ഇക്കാര്യത്തില്‍ ഇപ്പോള്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ ലൈഗികാരോപണം ഉന്നയിക്കുന്നതിന് സോളാര്‍ കേസിലെ പ്രതിയുടെ കത്ത് തിരുത്തി ഗൂഡാലോചന നടത്തിയെന്ന കേസില്‍ ഗണേഷ്‌കുമാര്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിയുയര്‍ത്തിയാണ് പ്രതിപക്ഷം ഇക്കാര്യത്തില്‍ വിമര്‍ശനം ഉന്നയിക്കുന്നത്. ഇതോടൊപ്പം സ്വത്ത് തട്ടിയെടുത്തെന്ന സഹോദരിയുടെ പരാതിയിലുളള കേസും ഗണേഷിന് പ്രതിസന്ധിയാകാം. ഇതെല്ലാം മുന്നില്‍ കണ്ടാണ് വേഗത്തില്‍ തീരുമാനം വേണമെന്ന ആവശ്യം കേരള കോണ്‍ഗ്രസ് ബി ഉന്നയിക്കുന്നത്.
ഐഎന്‍എല്ലിന്റെ അഹമ്മദ് ദേവര്‍ കോവിലും ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജുവുമാണ് ധാരണ പ്രകാരം മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടത്. ഗണേഷ് കുമാറിനെ കൂടാതെ കോണ്‍ഗ്രസ് എസ് പ്രതിനിധി രാമചന്ദ്രന്‍ കടന്നപ്പള്ളിയുമാണ് മന്ത്രിമാരാകേണ്ടത്. അഹമ്മദ് ദേവര്‍ കോവില്‍ കൈകാര്യം ചെയ്തിരുന്ന തുറമുഖം, പുരാവസ്തു തുടങ്ങിയ വകുപ്പുകള്‍ രാമചന്ദ്രന്‍ കടന്നപ്പള്ളിക്കും ആന്റി രാജുവിന്റെ ഗതാഗതം ഗണേഷ് കുമാറിനുമാണ് ലഭിക്കുക. ഗതാഗത വകുപ്പിന് പകരം മറ്റൊരു വകുപ്പ് വേണമെന്ന ആവശ്യവും ഗണേഷ്‌കുമാര്‍ ഇടത് മുന്നണിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് അംഗീകരിക്കപ്പെടാന്‍ സാധ്യതയില്ല.
നിലവില്‍ സിപിഎമ്മും കേരളകോണ്‍ഗ്രസ് ബിയുമായി എതിര്‍പ്പുകള്‍ നിലവിലുണ്ട്. പ്രത്യേകിച്ചും കേരള കോണ്‍ഗസ് ബിയുടെ കൈവശമുണ്ടായിരുന്ന മുന്നാക്ക വികസന കോര്‍പ്പറേഷന്‍ സ്ഥാനം ഒരു ചര്‍ച്ചയുമില്ലാതെ മാറ്റിയതില്‍. ഒരു അറിയിപ്പുമില്ലാതെ ചെയര്‍മാനായിരുന്ന കേരള കോണ്‍ഗ്രസ് ബിയുടെ പ്രതിനിധി കെ.ജി.പ്രേംജിത്തിനെ മാറ്റി സിപിഎം പ്രതിനിധിയായ എം.രാജഗോപാലിനെ ചെയര്‍മാനാക്കി ഉത്തരവിറക്കി. ഇതില്‍ ഗണേഷ്‌കുമാര്‍ അറിയിച്ചതോടെയാണ് ആ ഉത്തരവ് പിന്‍വലിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here