ലേഡീസ് ഹോസ്റ്റലിന് മുന്നിൽ നഗ്നതാ പ്രദർശനമെന്ന് ഫോട്ടോവച്ച് വ്യാജ പോസ്റ്റ്; അപമാനിച്ചയാളെ പോലീസ് സ്റ്റേഷനിൽ ഹഫീസ് കണ്ടുമുട്ടിയ രംഗം!!
ലൈംഗികാരോപണ വാർത്തയിലെ പ്രതിയുടെ ഫോട്ടോ മാറ്റി, തൻ്റെ ഫോട്ടോ വച്ച് പ്രചരിപ്പിച്ച ആളുമൊത്ത് ഫെയ്സബുക്ക് ലൈവ് ചെയ്ത് കേരള കോണ്‍ഗ്രസ് നേതാവ് എ.എച്ച്.ഹഫീസ്. പ്രതി സന്തോഷിനെ കൊണ്ട് കോൺഗ്രസ് സൈബർ സംഘങ്ങളാണ് ഇത് ചെയ്യിച്ചതെന്നും, അത് മനസിലായത് കൊണ്ട് ക്ഷമിക്കുകയാണ് എന്നും ഹഫീസ് ലൈവിൽ പറയുന്നു. ചോദ്യത്തിന് മറുപടിയായി ഇക്കാര്യം പ്രതി പറയുന്നത് വീഡിയോയിലുണ്ട്. എന്നാൽ പിന്നിൽ പ്രവർത്തിച്ച ആരുടെയും പേര് പരാമർശിച്ചിട്ടില്ല. മണ്ണന്തല സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
2023 മാർച്ച് 23നാണ് തിരുവനന്തപുരം ലോ കോളജ് ജങ്ഷനിലെ പോസ്റ്റ് മെട്രിക് ഹോസ്റ്റലിന് മുന്നിൽ നഗ്‌നതാ പ്രദർശനം നടത്തിയ വ്യക്തി അറസ്റ്റിലായ വാര്‍ത്ത മാതൃഭൂമി ഓൺലൈൻ പബ്ലിഷ് ചെയ്തത്. ചാക്ക സ്വദേശി പ്രകാശ് ആണ് അന്ന് അറസ്റ്റിലായത്. ഈ വാർത്തയിലെ പ്രകാശിന്റെ ചിത്രത്തിന് പകരം ഹഫീസിന്റെ ചിത്രം വച്ചാണ് സന്തോഷും കൂട്ടുപ്രതി ജിഷാ ജയപ്രകാശും പ്രചരിപ്പിച്ചത്. ഹാഫിസ് പറയുന്നത് ഇങ്ങനെ:
“ജിഷാ ജയപ്രകാശ് എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലിലൂടെയാണ് വ്യാജപോസ്റ്റ് പ്രചരിപ്പിച്ചത്. അതിൻ്റെ തലേന്ന് ഒന്നരലക്ഷം ചോദിച്ച് സന്തോഷ് ഫോണിൽ ബന്ധപ്പെട്ടിരുന്നു. അത് നൽകില്ലെന്ന് അറിയിച്ചു. പിന്നാലെയാണ് ജിഷയുടെ പ്രൊഫൈലിൽ വ്യാജപോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ജിഷയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. അന്ന് മുങ്ങിയ സന്തോഷിനെ ഇപ്പോൾ കൊട്ടാരക്കര പോലീസാണ് അറസ്റ്റ് ചെയ്ത് മണ്ണന്തല പോലീസിന് കൈമാറിയത്.”
അറസ്റ്റിന് പിന്നാലെ ഹാഫിസ് സ്റ്റേഷനിൽ എത്തിയപ്പോൾ കരഞ്ഞ് കാലുപിടിച്ച സന്തോഷ്, ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് നില്‍ക്കുകയാണ്, ഉപദ്രവിക്കരുത് എന്നെല്ലാം കൈകൂപ്പി അഭ്യർത്ഥിച്ചു. പണം ചോദിച്ചത് തന്റെ സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാനാണ്. കേസ് ഒഴിവാക്കി കൊടുക്കണം എന്നായിരുന്നു അപേക്ഷ. സഹതാപം തോന്നി. ആദ്യ സിറ്റിങ്ങില്‍ തന്നെ കേസ് തീര്‍ക്കാമെന്ന് ഉറപ്പ് കൊടുത്തിട്ടുണ്ടെന്ന് ഹാഫിസ് ലൈവിൽ വ്യക്തമാക്കി.
പോലീസ് സ്റ്റേഷനിൽ ഹാജരായി സന്തോഷിനെ ജാമ്യത്തിൽ ഇറക്കിയത് സ്വന്തം സഹോദരനാണ്. ഏതെങ്കിലും കോണ്‍ഗ്രസുകാരന്‍ ഇങ്ങനെയെല്ലാം ചെയ്‌താല്‍ രക്ഷിക്കാൻ നേതാക്കള്‍ വരുമെന്ന് ആരും കരുതരുത്. സന്തോഷിന്റെ അനുഭവം അതാണ് തെളിയിക്കുന്നത്. ഇത്രയേയുള്ളൂ കോണ്‍ഗ്രസ്. എനിക്ക് എതിരെ മാത്രമല്ല, കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക് വന്ന സരിനെയും ഇതേ പ്രതി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഫോണിലേക്ക് മെസേജ് അയ്യച്ചതായി സന്തോഷ് പറഞ്ഞു.” – ഫെയ്സ്ബുക്ക് ലൈവിൽ ഹഫീസ് പറയുന്നു.
ഇതൊക്കെ ക്രൂരതയാണ്. വ്യാജ ആരോപണം ഒരാളെയല്ല, അവരുടെ കുടുംബത്തെ പോലും ബാധിക്കുമെന്ന് അവർ ചിന്തിക്കുന്നില്ല. ജിഷ ജയപ്രകാശ് ഈ കേസില്‍ അന്ന് മുതല്‍ കോടതികള്‍ കയറി ഇറങ്ങുകയാണ് എന്ന് ഹാഫിസ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “സന്തോഷ് ആദ്യം സ്റ്റേഷനില്‍ വന്ന ശേഷം ഫോണ്‍ ഓഫാക്കി രാജസ്ഥാനിലേക്ക് മുങ്ങിയതാണ്. സന്തോഷിൻ്റെ ഇനിയുള്ള പെരുമാറ്റം നോക്കും. ഇത്തരം പ്രവര്‍ത്തികളില്‍ ഇനി ഏര്‍പ്പെടുന്നില്ല എന്ന് ഉറപ്പായാല്‍ കേസ് പിന്‍വലിക്കും”.-ഹഫീസ് പറഞ്ഞു.
“അപ്പൊ ഇത് ആശാന്റെ സ്ഥിരം തൊഴിലായിരുന്നല്ലേ..ഒരു കുളു മാത്രം ഉണ്ട്. കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി ഗ്രൂപ്പില്‍ പെട്ടവനാ. ഇത് ഞാന്‍ ഉണ്ടാക്കി പ്രചരിപ്പിച്ചതല്ല. ന്യൂസ് ചാനലില്‍ വന്നത് എടുത്ത് പോസ്റ്റ് ഇട്ടതാണ്.” മാതൃഭൂമി ഓൺലൈനിൻ്റേത് എന്ന പേരിൽ വ്യാജമായി ഉണ്ടാക്കിയ സ്ക്രീൻഷോട്ട് പോസ്റ്റുചെയ്ത് കൊണ്ട് 2023 മാർച്ചിൽ ജിഷ ജയപ്രകാശിൻ്റെ ഫെയ്സ്ബുക്ക് പ്രൊഫൈലിൽ വന്ന കുറിപ്പ് ഇങ്ങനെയായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here