ലയനവാർത്ത തട്ടിപ്പ്; ഗണേഷ് കുമാർ പാർട്ടിയെ അപമാനിച്ചു: കേരള കോൺഗ്രസ് (എം)
തിരുവനന്തപുരം: പാര്‍ട്ടിയില്‍ നിന്ന് ഒരു വിഭാഗം പുറത്തുപോയി കേരളാ കോൺഗ്രസ് (ബി )യിൽ ലയിച്ചതായി പ്രചരിപ്പിക്കുന്നത് കേരള കോണ്‍ഗ്രസി(എം)നെ അപമാനിക്കാന്‍ വേണ്ടിയെന്ന് പാര്‍ട്ടി തിരുവനന്തപുരം ജില്ലാ കമ്മറ്റി കുറ്റപ്പെടുത്തി. ഒരേ മുന്നണിക്കുള്ളിൽ നിന്ന് ഇത്തരം വ്യാജ പ്രചാരണം നടത്താൻ ഇടത് എംഎല്‍എ ഗണേഷ് കുമാർ തന്നെ നേതൃത്വം നൽകിയത് തെറ്റായ കീഴ് വഴക്കങ്ങൾക്കു തുടക്കമിടലാകുമെന്ന് യോഗം ചൂണ്ടി കാണിച്ചു. പാർട്ടി ഉന്നത അധികാര സമിതി അംഗം ജേക്കബ് തോമസ് അരികുപുറം ഉദഘാടനം ചെയ്തു.
പാർട്ടിയുമായി ബന്ധമില്ലാത്തവര്‍ കേരളാ കോൺഗ്രസ് (എം) പേര് ഉപയോഗിച്ച് നടത്തിയ പ്രചരണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കും. ബിരിയാണി വിതരണം ചെയ്തും കിറ്റുകൾ നൽകിയും ആളെ കൂട്ടിയിട്ടും 200 പേർക്ക് മാത്രം ഇരിക്കാവുന്ന അയ്യങ്കാളി ഹാളിലെ ഒഴിഞ്ഞ കസേരകൾക്കു മുന്നിൽ പ്രസംഗിച്ച നേതാക്കൾ സ്വയം പരിഹാസ്യരായെന്ന് ജില്ലാ പ്രസിഡന്റ് സഹായദാസ് പറഞ്ഞു.
ജില്ലയിലെ ലോക്സഭാ മണ്ഡലങ്ങളിലെ ഇടതുമുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിനായി വാര്‍ഡ് തലയോഗങ്ങൾ, ഭവന സന്ദർശനങ്ങൾ ശക്തമാക്കും. പാർട്ടി സംസ്ഥാന ഫണ്ട് ശേഖരണത്തിന് നിയോജകമണ്ഡലം ഭാരവാഹികളെ ചുമതലപ്പെടുത്തി. തിരുവല്ലം ടോൾ നിരക്ക് വർധിപ്പിച്ച നടപടിക്കെതിരെ സമരം ആരംഭിക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. കേരള കോൺഗ്രസ് (എം) മുൻ ജില്ലാ പ്രസിഡൻറ് പ്രൊഫ.ജോസഫ് സ്കറിയയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here