പാതിരിയെ തല്ലിയ പാര്‍ട്ടിക്കാരനെ പുറത്താക്കി മാണി കോണ്‍ഗ്രസ്; കര്‍ത്താവിന് നിരക്കാത്ത പണി ചെയ്ത ബാബു ജോസഫിന്റെ രാജി എഴുതി വാങ്ങി
കോട്ടയം ജില്ലയിലെ വരിക്കാംകുന്ന് പ്രസാദഗിരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ കുര്‍ബാനയ്ക്കിടെ വൈദികനെ ആക്രമിച്ച സംഭവത്തില്‍ പാര്‍ട്ടി നേതാവിനെ പുറത്താക്കി കേരള കോണ്‍ഗ്രസ് (എം). വൈക്കം മണ്ഡലം ആക്ടിംഗ് പ്രസിഡന്റ് ബാബു ജോസഫിനെതിരെയാണ് നടപടി. പാര്‍ട്ടി ഓഫീസിലേക്ക് വിളിച്ചുവരുത്തി ബാബു ജോസഫില്‍ നിന്ന് രാജി എഴുതി വാങ്ങി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഇയാളെ നീക്കുകയും ചെയ്തു. വൈദികനെ ബാബു ആക്രമിച്ച ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ച സാഹചര്യ ത്തിലാണ് നടപടി ഉണ്ടായത്. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി നേരിട്ട് ഇടപെട്ടാണ് ബാബുവിനെതിരെ നടപടി എടുത്തത്.
അങ്കമാലി – എറണാകുളം അതിരൂപതയില്‍ മാസങ്ങളായി ഏകീകൃത കുര്‍ബാനയെ ചൊല്ലി നിലനില്‍്ക്കുന്ന സംഘര്‍ഷമാണ് അടിപിടിയില്‍ കലാശിച്ചത്.കഴിഞ്ഞ ശനിയാഴ്ച രാവിലെ 9.30-നായിരുന്നു സംഭവം. നീര്‍പ്പാറ അസീസി കോണ്‍വെന്റിന്റെ ചുമതല വഹിക്കുന്ന ഫാ. ജോണ്‍ തോട്ടുപുറത്തിനെ പ്രസാദഗിരി പള്ളിയിലെ പ്രീസ്റ്റ് ഇന്‍ ചാര്‍ജായി ജനുവരി ആറിന് രൂപത നിയമിച്ചിരുന്നു. പള്ളിയില്‍ തിരുനാളായതിനാല്‍ 28-നാണ് അദ്ദേഹം ചാര്‍ജെടുത്തത്. അതിനുമുമ്പായി നിലവിലെ വൈദികനായ ഫാ. ജെറിനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും വൈക്കം കോടതിയില്‍ നിന്ന്, നിയമനത്തിന്് സ്റ്റേ ഉത്തരവ് നേടിയിരുന്നു. ഫാദര്‍ ജോണ്‍ കുര്‍ബാന അനുഷ്ഠിക്കുന്നതിനിടയിലാണ് ചേരി തിരിഞ്ഞ് വിശ്വാസികള്‍ അടി കൂടിയത്. ഫാദര്‍ ജോണിനെതിരെ കുരുമുളക് സ്‌പ്രേ അടിച്ചതായും പോലീസ് എഫ്‌ഐആറിലുണ്ട്.
ആക്രമണത്തില്‍ ഫാദര്‍ ജോണ്‍ തോട്ടുപുറത്തിന് സാരമായി പരിക്കേറ്റിരുന്നു.കുര്‍ബാനയ്ക്കിടെ വിമത വിഭാഗമാണ് ആക്രമണം നടത്തിയത്. അക്രമികള്‍ മൈക്കും ബലിവസ്തുക്കളും തട്ടിത്തെറിപ്പിച്ചിരുന്നു. സംഘര്‍ഷത്തിനിടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. തലയോലപ്പറമ്പ് പൊലീസ് എത്തി പള്ളി പൂട്ടിച്ചു.
ഏറെക്കാലം കെഎം മാണിയുടെ ഗണ്‍മാനായി പ്രവര്‍ത്തിച്ച വ്യക്തിയാണ് ബാബു. സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ച ശേഷമാണ് ഇയാള്‍ പാര്‍ട്ടി പദവി ഏറ്റെടുത്തത്. എന്നാല്‍ സഭയുടെ ഔദ്യോഗിക നിലപാടിനെ വെല്ലുവിളിക്കുകയും വൈദികനെ പള്ളിക്കുള്ളില്‍ വച്ച് ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ ഇയാളെ ജോസ് കെ മാണി പരിപൂര്‍ണ്ണമായി തള്ളിപ്പറഞ്ഞിരിക്കുകയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here