മുഖം നഷ്ടപ്പെട്ട് മാണി കോൺഗ്രസ്; കര്‍ഷക പ്രേമം പൊളിഞ്ഞെന്ന് ജോസഫ് വിഭാഗം
കോട്ടയം: റബര്‍ കര്‍ഷകരുടെയും മലയോര കര്‍ഷകരുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ പിണറായി വിജയൻ സർക്കാർ പരാജയപ്പെട്ടെന്നുള്ള വിമർശനങ്ങൾ കേരള കോൺഗ്രസ് എമ്മിലും ശക്തമാകുന്നു. പാലായിലെ നവകേരള സദസിൻ്റെ വേദിയിയിൽ ഇക്കാര്യം സൂചിപ്പിച്ച തോമസ് ചാഴികാടന്‍ എംപിയെ രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി വിമർശിച്ചത്. നവകേരള സദസിൽ എംപി പരാതി അവതരിപ്പിച്ചതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. പാലായുടെ ആവശ്യങ്ങളായി മൂന്ന് ആവശ്യങ്ങൾ അവതരിപ്പിക്കുന്നു എന്നു പറഞ്ഞാണ് ചാഴികാടൻ പ്രസംഗം ആരംഭിച്ചത്. റബറിൻ്റെ താങ്ങുവില വർധിപ്പിക്കൽ, ചേർപ്പുങ്കൽ പാലം പൂർത്തിയാക്കൽ, പാലാ നഗരസഭാ സ്റ്റേഡിയം നവീകരണം എന്നീ കാര്യങ്ങളാണ് എംപി ആവശ്യപ്പെട്ടത്. ചാഴികാടൻ്റെ പ്രസംഗം ആരംഭിച്ചപ്പോൾ തന്നെ മന്ത്രി റോഷി അഗസ്റ്റിൻ പ്രസംഗം ചുരുക്കണമെന്ന് സമീപമെത്തി ആവശ്യപ്പെട്ടിരുന്നു. അധ്യക്ഷ പ്രസംഗത്തിൽ ജോസ് കെ മാണിയും റബറിൻ്റെ താങ്ങുവില 200 രൂപയാക്കി ഉയര്‍ത്തുന്ന കാര്യം ചൂണ്ടിക്കാട്ടി. ഇതിനുശേഷമാണ് മുഖ്യമന്ത്രി ചാഴികാടന്‍റെയും ജോസ് കെ മാണിയുടെയും ആവശ്യങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ചത്.
നവകേരള സദസ് എന്തിന് വേണ്ടിയുള്ളതാണെന്ന് മനസിലാക്കാതെയാണ് ചാഴികാടൻ്റെ ആവശ്യ അവതരണമെന്നും ഇത് അതിനുള്ള വേദി അല്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കേന്ദ്ര സര്‍ക്കാര്‍ അവഗണന, സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ ഇനി ചെയ്യാനുള്ള കാര്യങ്ങള്‍ എന്നിവ ജനങ്ങളെ അറിയിക്കാനാണ് നവകേരള സദസ്. ചാഴികാടനും മറ്റും പറഞ്ഞ കാര്യങ്ങൾ പിന്നീട് പരിഗണിക്കാം. അതൊന്നും പറയാനല്ല സദസ് ഉദ്ദേശിക്കുന്നത് അതിനാൽ ആ ഭാഗത്തേക്ക് കടക്കുന്നില്ലെന്നായിരുന്നു ചാഴികാടൻ്റെ ആവശ്യങ്ങൾക്ക് നേരെയുള്ള മുഖ്യമന്ത്രിയുടെ വിമർശനം.
ചാഴികാടൻ്റെ ആവശ്യക്കൾക്ക് നേരെ മുഖം തിരിച്ച നടപടിക്കെതിരെ രൂക്ഷമായ വിമർശനമാണ് കേരള കോൺഗ്രസ് എമ്മിൽ നിന്നുമുയരുന്നത്. കേരള കോൺഗ്രസിൻ്റെ കൂടി നിർദേശ പ്രകാരമാണ് റബറിൻ്റെ താങ്ങുവില 250 രൂപയാക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പ്രകടനപത്രികയില്‍ ഉൾപ്പെടുത്തിയത്. ഇതുവരെ അതിന് തീരുമാനമായിട്ടില്ല. റബർ വില 150ൽ താഴെ തുടരുകയാണ്. കർഷകർ പ്രതിന്ധിയിലാണ്. ഇത് ചൂണ്ടിക്കാട്ടിയ തോമസ് ചാഴികാടനെ മുഖ്യമന്ത്രി അപമാനിച്ചുവെന്നാണ് ഒരു വിഭാഗം പ്രവർത്തകരും നേതാക്കളും പറയുന്നത്. റബർ കർഷകരോട് കേന്ദ്ര സർക്കാരും കേരള സർക്കാരും കാട്ടുന്ന അവഗണനയും സംസ്ഥാന സർക്കാർ ചെയ്യേണ്ട കാര്യങ്ങളുമാണ് ജോസ് കെ മാണിയും തോമസ് ചാഴികാടനും ചൂണ്ടിക്കാട്ടിതെന്നും പാർട്ടിക്കുള്ളിൽ തന്നെ വിമർശനം ഉയരുന്നുണ്ട്. എംപി ഉന്നയിച്ച പ്രശ്നം ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാവുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ചാഴികാടൻ ഉയർത്തിയ വിഷയങ്ങൾ സർക്കാരിന് ഒരിക്കലും പരിഹരിക്കാൻ കഴിയാത്തതുകൊണ്ടും അതിൽ താല്പര്യമില്ലാത്തതു കൊണ്ടുമാണ് മുഖ്യമന്ത്രി കുപിതനായത്. വീണ്ടും ആട്ടും തുപ്പുമേറ്റ് ചാഴിക്കാടനുൾപ്പെടെയുള്ളവർ എൽഡിഎഫിൽ തുടരുന്നത് കർഷക സ്നേഹത്തെച്ചൊല്ലിയൊന്നുമല്ലെന്നും അത് കര്‍ഷക വഞ്ചനയാണെന്നും കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് സജി മഞ്ഞക്കടമ്പൻ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. പരിപാടിക്ക് ശേഷം മുഖ്യമന്ത്രിയോട് താൻ ഖേദം പ്രകടിപ്പിച്ചെന്നായിരുന്നു തോമസ് ചാഴികാടൻ്റെ പ്രതികരണം. വിഷയത്തിൽ ഒരു പ്രതികരണത്തിനുമില്ലെന്നും തനിക്ക് മുഖ്യമന്ത്രിയുടെ വിമർശനത്തെപ്പറ്റി ഒന്നുമറിയില്ലെന്നും കേരള കോൺഗ്രസ് (എം) ജനറൽ സെക്രട്ടറിയും വക്താവുമായ സ്റ്റീഫൻ ജോർജ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. നിരവധി തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരിക്കാൻ ജോസ്.കെ.മാണി എംപിയും തയ്യാറായില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here