വഖഫ് ബില്ലില്‍ കരുതലോടെ ജോസ് കെ മാണി; ക്രൈസ്തവ സഭകളെ പ്രീണിപ്പിക്കാന്‍ ശ്രമം; സിപിഎം പ്രതിസന്ധിയിലാകും

പാര്‍ട്ടി കോണ്‍ഗ്രസില്‍ പോലും എത്തേണ്ടതില്ലെന്ന് പറഞ്ഞ് എംപിമാരെ ഡല്‍ഹിയില്‍ നിര്‍ത്തി വഖഫ് ഭേദഗതി നിയമത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്ത സിപിഎമ്മിന് പുതിയ പ്രതിസന്ധി.. ഇടതുമുന്നണിയിലെ ഘടകക്ഷിയായ കേരള കോണ്‍ഗ്രസ് എം വഖഫ് ബില്ലിന് ഭാഗീകമായ അനുകൂലമായ നിലപാട് എടുക്കുന്നതാണ് പുതിയ വെല്ലുവിളി. സിപിഎമ്മിന്റെ ഒറ്റ താല്‍പ്പര്യത്തില്‍ മുന്നണിയുടെ ഭാഗമായതാണ് ജോസ് കെ മാണിയും കൂട്ടരും. അവര്‍ മുന്നണിയുടെ പൊതുനിലപാടിന് വിരുദ്ധമായ നിലപാട് എടുക്കുന്നതില്‍ മറുപടി പറയേണ്ടി വരിക സിപിഎമ്മാകും.

വഖഫ് ഭേദഗതി ബില്ലിലെ ചില വ്യവസ്ഥകളോട് യോജിപ്പെന്നാണ് രാജ്യസഭാംഗം കൂടിയായ ജോസ് കെ മാണി പറഞ്ഞിരിക്കുന്നത്. ബില്‍ രാജ്യസഭ പരിഗണിക്കുന്നതിന് ഇടയിലാണ് ഈ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. മുനമ്പം മുന്‍നിര്‍ത്തിയാണ് ബില്ലിലെ ചില വ്യവസ്ഥകളെ അംഗീകരിക്കുന്നത് എന്നാണ് വിശദീകരണം. എന്നാല്‍ വഖഫ് ബോര്‍ഡില്‍ അമുസ്ലിം അംഗങ്ങളെ ഉള്‍പ്പെടുത്തുന്നതിനെ അംഗീകരിക്കില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കിയിട്ടുണ്ട്.

ക്രൈസ്തവ സഭാ നേതാക്കള്‍ക്കിടയില്‍ പഴയ സ്വാധീനം എല്ല എന്ന ചിന്ത ജോസ് കെ മാണിയെ കുറച്ച് നാളായി അലട്ടുന്നുണ്ട്. ഇടതു മുന്നണിയുടെ ഭാഗമായതോടെ എല്ലാ കാലത്തും ചേര്‍ത്ത് നിര്‍ത്തിയ കത്തോലിക്ക സഭ ചെറിയ രീതിയിലെങ്കിലും അകല്‍ച്ച കാണിക്കുന്നുണ്ട്. ഇതിനെ എല്ലാം ഒറ്റയടിക്ക് മറികടക്കാനാണ് വഖഫ് ബില്ലിലെ അവസരം ജോസ് കെ മാണി ഉപയോഗിക്കുന്നത്. ബില്ലിനെ കേരളത്തിലെ എംപിമാര്‍ അനുകൂലിക്കണമെന്ന് കത്തോലിക്ക് മെത്രാന്‍ സമിതി ആവശ്യപ്പെട്ടിരുന്നു. സുരേഷ് ഗോപി ഒഴികെ ആരും ഇത് പരിഗണിച്ചില്ല. ഈ അവസരമാണ് ജോസ് കെ മാണ് ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നത്.

ജോസ് കെ മാണിയുടെ ഈ പിന്തുണക്കെതിരെ സിപിഎം നിലപാട് എടുക്കും എന്ന് ഉറപ്പാണ്. കാരണം മുന്നണിയില്‍ ഇതുസംബന്ധിച്ച് വിമര്‍ശനം ഉണ്ടായാല്‍ മറുപടി പറയേണ്ടി വരിക സിപിഎമ്മാണ്. മുന്നണിയുടെ അച്ചടക്കം പാലിക്കാതെ മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന സന്ദേശം തന്നെയാകും സിപിഎം നല്‍കുക. ഇത് അവസരമായി കണ്ട് ജോസ് കെ മാണി മുന്നണി മാറി യുഡിഎഫ് പാളയത്തില്‍ എത്തുമോ എന്നാണ് ഇനി അറിയേണ്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top