സജി മഞ്ഞകടമ്പിലിന്റെ രാജിയില്‍ കറങ്ങി കേരള കോണ്‍ഗ്രസ് രാഷ്ട്രീയം; പ്രശംസിച്ച് ഒപ്പം കൂട്ടാന്‍ ജോസ് കെ.മാണി; പരിഹരിച്ച് കൂടെ നിര്‍ത്താന്‍ യുഡിഎഫ്

കോട്ടയം : പി.ജെ. ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സ്ഥാനവും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനവും രാജിവച്ച സജി മഞ്ഞകടമ്പിലിന്റെ നടപടിയില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ സജീവം. ഇടവേളയ്ക്ക് ശേഷം കേരള കോണ്‍ഗ്രസിലെ കാലുമാറ്റവും മുന്നണി മാറ്റവുമെല്ലാം പ്രതീക്ഷിക്കുകയാണ് രാഷ്ട്രീയ കേരളം. ഇന്നലെയാണ് സജി മഞ്ഞകടമ്പില്‍ പാര്‍ട്ടിയും മുന്നണിയും അവഗണിക്കുന്നുവെന്ന് ആരോപിച്ച് സ്ഥാനങ്ങള്‍ രാജിവച്ചത്. കേരളാ കോണ്‍ഗ്രസ് തര്‍ക്കത്തില്‍ പി.ജെ.ജോസഫിനൊപ്പം ഉറച്ചു നിന്ന നേതാവാണ് സജി. എന്നാല്‍ ജോസഫിന്റെ അനാരോഗ്യം മൂലം പാര്‍ട്ടിയുടെ നിയന്ത്രണം മോന്‍സ് ജോസഫിലെത്തിയതോടെയാണ് അവഗണിക്കുകയാണെന്ന തോന്നല്‍ സജിക്കുണ്ടായത്. ഇത്തവണ കോട്ടയത്ത് സ്ഥാനാര്‍ത്ഥിയാകണമെന്ന ആഗ്രഹം തുറന്നു പറയുകയും ചെയ്തു. എന്നാല്‍ മോന്‍സ് ജോസഫ് ഫ്രാന്‍സിസ് ജോര്‍ജിനെയിറക്കി അത് വെട്ടി. അന്ന് മുതലുളള പുകച്ചിലാണ് തിരഞ്ഞെടുപ്പ് പ്രചരണം സജീവമായിരിക്കെ പൊട്ടിത്തെറിയായത്.

ലോക്‌സഭയിലേക്ക് പരിഗണിച്ചില്ലെങ്കിലും നിയമസഭയില്‍ അര്‍ഹമായ പരിഗണന ജോസ്ഫ് സജിക്ക് ഉറപ്പു നല്‍കിയതാണ്. എന്നാല്‍ മോന്‍സ് ജോസഫ് ശക്തനായതോടെ ഈ ഉറപ്പിലും വെട്ടി നിരത്തലുണ്ടാകുമെന്ന് ഉറപ്പിച്ചു തന്നെയാണ് സജിയുടെ നീക്കം. എങ്ങോട്ടേക്കാണ് പ്രവര്‍ത്തനം മാറ്റുന്നതെന്ന് പ്രഖ്യാപിച്ചില്ലെങ്കിലും സജിയെ ലക്ഷ്യമിട്ട് കേരള കോണ്‍ഗ്രസ് എം രംഗത്തെത്തിയിട്ടുണ്ട്. സജി മഞ്ഞക്കടമ്പില്‍ മികച്ച സംഘാടകനാണെന്നും പൊളിറ്റിക്കല്‍ ക്യാപ്റ്റനാണ് പുറത്ത് വന്നതെന്നുമെന്നും ആവോളം പ്രശംസിച്ച് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി തന്നെ രംഗത്തെത്തിയിട്ടുണ്ട്. കോട്ടയത്തെ ജോസഫ് വിഭഗത്തിന്റെ ഒന്നാമനാണ് രാജിവച്ചത്. അത് ചെറിയ കാര്യമല്ല. യുഡിഎഫിന്റെ പതനമാണ് ഇത് കാണിക്കുന്നത്. ജോസഫ് വിഭാഗത്തിനു വേണ്ടി ഏറെ ത്യാഗം സഹിച്ച നേതാവാണ് സജി. ഇത്തരത്തില്‍ നിരവധി നേതാക്കള്‍ അവിടെയുണ്ടെന്നും ജോസ് പ്രതികരിച്ചു. ഇത് സജിയ്ക്കുള്ള പാലമിടലിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

മോന്‍സ് ജോസഫ് സജിയെ രൂക്ഷമായി വിമര്‍ശിച്ചാണ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. യുഡിഎഫിനെയാകെ വഞ്ചിച്ചുവെന്നാണ് മോന്‍സിന്റെ വിമര്‍ശനം. എന്നാല്‍ കോണ്‍ഗ്രസ് കുറച്ചു കൂടി കരുതലോടെയാണ് വിഷയത്തെ സമീപിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണം അതിവേഗത്തില്‍ മുന്നോട്ടു പോകുമ്പോള്‍ പകുതി വഴിക്ക് ജില്ലയിലെ മുന്നണി ചെയര്‍മാന്‍ തന്നെ മറുകണ്ടത്ത് എത്തുന്നതിലെ രാഷ്ട്രീയ തിരിച്ചടി മനസിലാക്കിയാണ് പ്രശ്‌നപരിഹാരത്തിന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ശ്രമം തുടങ്ങിയത്. അതുകൊണ്ട് തന്നെ മോന്‍സിന്റെ ഭാഗത്തു നിന്നുണ്ടായതു പോലെ രൂക്ഷമായൊരു പ്രതികരണം കോണ്‍ഗ്രസ് ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല. പ്രശ്‌നം പരിഹരിക്കണമെന്ന ആവശ്യം ജോസഫിനെ അറിയിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.

പി.ജെ. ജോസഫിന്റെ അനാരോഗ്യം മൂലം ഇപ്പോള്‍ എല്ലാക്കാര്യങ്ങളും മോന്‍സ് ജോസഫിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. ഇതില്‍ പല ജോസഫ് വിഭാഗം നേതാക്കള്‍ക്കും അതൃപ്തിയുണ്ട്. ഇത്തരം അതൃപ്തരെ ലക്ഷ്യമിട്ടുളള നീക്കമാണ് സജി മഞ്ഞകടമ്പിലിനെ പുകഴ്ത്തിയുള്ള ജോസ് കെ.മാണിയുടെ പ്രതികരണമെന്നാണ് വിലയിരുത്തല്‍. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരള കോണ്‍ഗ്രസുകാര്‍ തമ്മില്‍ കോട്ടയത്ത് തിരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്നത്. അതുകൊണ്ട് തന്നെ എങ്ങനേയും വിജയം ഉറപ്പിക്കാനാണ് ഇരുവിഭാഗത്തിന്റേയും ശ്രമം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top