കേരള കോണ്‍ഗ്രസ് തിരികെ യുഡിഎഫിലേക്കോ; പ്രതികരണവുമായി സ്റ്റീഫന്‍ ജോര്‍ജ്

കേരള കോണ്‍ഗ്രസ് (എം) യുഡിഎഫില്‍ നിന്നും എല്‍ഡിഎഫിലേക്ക് പോയതുമുതല്‍ തിരികെ എത്തുമെന്ന ചര്‍ച്ചകള്‍ സജീവമാണ്. കേരള കോണ്‍ഗ്രസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭവവികാസങ്ങള്‍ ഉണ്ടാകുന്ന സമയത്തെല്ലാം ഈ വാര്‍ത്ത ശക്തമാകാറുമുണ്ട്. എന്നാല്‍ ഇതെല്ലാം പാടെ തള്ളിക്കളയുകയാണ് കേരള കോണ്‍ഗ്രസ് (എം) നേതാവ് സ്റ്റീഫന്‍ ജോര്‍ജ്. കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്ക് തിരികെ പോകില്ലെന്നാണ് സ്റ്റീഫന്‍ ജോര്‍ജ് വ്യക്തമാക്കുന്നത്.

“ഷര്‍ട്ടും മുണ്ടും മാറുന്നതുപോലെയല്ല മുന്നണി മാറ്റം. കേരള കോണ്‍ഗ്രസിനെ യുഡിഎഫ് ചവിട്ടി പുറത്താക്കിയതാണ്. മുന്നണി മാറ്റ വാര്‍ത്തകള്‍ പാര്‍ട്ടിയെ മോശമാക്കുന്നതുമായി ബന്ധപ്പെട്ട ഗൂഡാലോചനയുടെ ഭാഗമാണ്. ഈ രീതിയില്‍ ആലോചന നടന്നിട്ടില്ല. യുഡിഎഫ് ജയിക്കണമെങ്കില്‍ കേരള കോണ്‍ഗ്രസ് (എം) വേണമെന്ന ചിന്തയിലാണ് ക്ഷണം.” – സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.

പാല, കടുത്തുരുത്തി നിയമസഭാ സീറ്റുകളില്‍ ധാരണയായാല്‍ കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്ക് തിരിച്ചുവരുമെന്നാണ് പുറത്തുവന്ന വാര്‍ത്ത. പാല സീറ്റില്‍ മാണി.സി.കാപ്പനെ പിണക്കാന്‍ യുഡിഎഫ് തയ്യാറേക്കില്ല. ജോസ്.കെ.മാണി മത്സരിക്കാന്‍ സാധ്യതയില്ലെങ്കിലും പാല സീറ്റ് തിരികെ വേണം എന്നതാണ് കേരള കോണ്‍ഗ്രസിലെ ആവശ്യം.

റബര്‍ വില സ്ഥിരതാ ഫണ്ട്, കാരുണ്യ ആരോഗ്യ ചികിത്സാ പദ്ധതി പ്രശ്നങ്ങളിലും കേരള കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തിയുണ്ട്. റബറിന് വിലസ്ഥിരതാ ഫണ്ട് നടപ്പിലാക്കിയാല്‍ റബര്‍ പ്രതിസന്ധി ഒരളവ് വരെ പരിഹരിക്കാം. ഈ കാര്യത്തില്‍ സര്‍ക്കാര്‍ അലംഭാവം തുടരുകയാണ് എന്നാണ് ഉള്‍പ്പാര്‍ട്ടി ചര്‍ച്ച. ഈ പ്രശ്നങ്ങള്‍ മുന്നില്‍ നില്‍ക്കെയാണ് മുന്നണി മാറ്റം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top