പിറന്നാൾ ദിനത്തിലും പിളർപ്പും ലയനവുമായി കേരള കോൺഗ്രസ്; മാണി ഗ്രൂപ്പിലെ ഒരു വിഭാഗം ബി ഗ്രൂപ്പിലേക്ക് ചേക്കേറി
തിരുവനന്തപുരം: അറുപതാം പിറന്നാൾ ആഘോഷിക്കുന്ന വേളയിലും കേരള കോൺഗ്രസിൽ ലയനും പിളർപ്പും സജീവം. ഇടുതുമുന്നണിയിൽപ്പെട്ട കേരള കോൺഗ്രസിന്റെ മാണി ഗ്രൂപ്പിലെ ഒരു വിഭാഗം ഇന്ന് ബി യിലേക്ക് ലയിച്ചു. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിലെ അഗസ്റ്റിൻ ജോൺ കൊച്ചുപറമ്പിലിൻറെ നേതൃത്വത്തിലുള ഒരു വിഭാഗം പ്രവർത്തകരാണ് ഗണേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് ബി യിൽ ചേർന്നത്. ഒരേ മുന്നണിയിൽപ്പെട്ട രണ്ടു കേരള കോൺഗ്രസ് തമ്മിലാണ് പിളർപ്പും ലയനവും നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. മുൻപ് പ്രവർത്തിച്ച പാർട്ടിയിൽ നിന്ന് വ്യത്യസ്തമാണ് ബി ഗ്രൂപ്പിന്റെ രീതികളെന്നും പ്രസംഗമല്ല പ്രവർത്തനമാണ് നയമെന്നും അയ്യൻകാളി ഹാളിൽ നടന്ന ലയന സമ്മേളനത്തിൽ പുതിയ അംഗങ്ങളോട് കെ.ബി.ഗണേഷ്‌കുമാർ പറഞ്ഞു.
1964ൽ ആർ.ശങ്കർ മന്ത്രിസഭയ്‌ക്കെതിരായ അവിശ്വാസ പ്രമേയം, കെ.എം.ജോർജിന്റെ നേതൃത്വത്തിലുള്ള 15 കോൺഗ്രസ് എം.എൽ.എമാർ പിന്താങ്ങിയതോടെയാണ് സംസ്ഥാന കോൺഗ്രസിൽ പിളർപ്പ് ഉണ്ടായത്. ഇന്ത്യയിലെ ആദ്യ പ്രാദേശിക പാർട്ടിയായി കേരള കോൺഗ്രസ് 1964 ഒക്ടോബർ 9ന് രൂപം കൊണ്ടു. കെ.എം ജോർജ് രൂപീകരിച്ച ഈ പാർട്ടി പിന്നെ പലവട്ടം പിളരുകയും ലയിക്കുകയും ചെയ്തു. ആദ്യ കേരള കോൺഗ്രസിന്റെ ചെയർമാൻ കെ.എം.ജോർജും ജനറൽ സെക്രട്ടറി ആർ ബാലകൃഷ്ണപിള്ളയുമായിരുന്നു. 1965ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ച പാർട്ടിക്ക് അന്ന് 23 എംഎൽഎമാരെ കിട്ടി. 1969ലെ സി അച്യുതമേനോൻ മന്ത്രിസഭയിൽ ജോർജ് മന്ത്രിയായതോടെ ആദ്യ മന്ത്രിയെയും ലഭിച്ചു.
1979ൽ കെ.എം.മാണിയും പി.ജെ.ജോസഫും തമ്മിലുള്ള തർക്കം അടുത്ത പിളർപ്പിലേക്ക് നയിച്ചു. അങ്ങനെ കേരള കോൺഗ്രസ് ജോസഫ് രൂപം കൊണ്ടു. 1985ൽ ഇരു വിഭാഗവും ഒന്നിച്ചു. 1987ൽ വീണ്ടും പിളരുകയും 2010ൽ ലയിക്കുകയും ചെയ്തു. കെ.എം മാണിയുടെ മരണത്തിന് ശേഷം വീണ്ടും തർക്കങ്ങൾ ഉടലെടുത്തതിന്റെ അടിസ്ഥാനത്തിൽ ജോസ്.കെ.മാണിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം എൽഡിഎഫിൽ ചേക്കേറി. ജോസഫ് വിഭാഗം യുഡിഎഫിലും തുടർന്നു. കേരള കോൺഗ്രസ് (എം) , കേരള കോൺഗ്രസ് (ബി) , കേരള കോൺഗ്രസ് (സക്കറിയ തോമസ്), ജനാധിപത്യ കേരള കോൺഗ്രസ്, കേരള കോൺഗ്രസ് (ജോസഫ്), കേരള കോൺഗ്രസ് (ജേക്കബ്), കേരള കോൺഗ്രസ് (സെക്കുലർ) എന്നിങ്ങനെ നിലവിൽ 7 കേരള കോൺഗ്രസുകളാണ് സംസ്ഥാനത്തുള്ളത്. അതിൽ അഞ്ചെണ്ണത്തിന് നിയമസഭയിൽ പ്രതിനിധ്യമുണ്ട്.