829 കോവിഡ് ആക്ടീവ് കേസുകള്‍; രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ കേരളത്തില്‍

തിരുവനന്തപുരം : ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധന. നിലവില്‍ 829 ആക്ടീവ് കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ മാത്രം 61 പേരാണ് കോവിഡ് പോസിറ്റീവായത്. പ്രതിമാസം സംസ്ഥാനത്ത് 12 മുതല്‍ 150 കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ നവംബര്‍ പത്തിന് 33 പേരാണ് പോസിറ്റീവായത്. എന്നാല്‍ ഡിസംബര്‍ 10ന് കോവിഡ് ബാധിതരുടെ എണ്ണം 768 ആയി ഉയര്‍ന്നു.

ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്നലെ വരെ രാജ്യത്ത് 1013 ആക്ടീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 829 കേസുകളും കേരളത്തിലാണ്. മരണം സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ ഇപ്പോള്‍ പ്രസിദ്ധീകരിക്കാറില്ല. ഇക്കഴിഞ്ഞ ദിവസം തിരുവല്ല – കുമ്പനാട് ഒരു അഭിഭാഷകന്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നത് കോവിഡ് പ്രോട്ടോകോള്‍ പ്രകാരമായിരുന്നു.

കോവിഡ് വ്യപനം രൂക്ഷമായിട്ടില്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം. രോഗബാധിതര്‍ക്ക് കിടത്തി ചികിത്സയടക്കം നല്‍കേണ്ട സാഹചര്യമില്ല. ചെറിയ രോഗലക്ഷണങ്ങളോടെ കോവിഡ് വന്ന് പോകുകയാണ് ഇപ്പോള്‍ പതിവ്. മിക്കവരും ആശുപത്രികളിലെ ഒപിയില്‍ ചികിത്സ തേടി മടങ്ങുകയാണ്. നവംബര്‍ പകുതി മുതലാണ് സംസ്ഥാനത്ത് കോവിഡ് വീണ്ടും റിപ്പോര്‍ട്ട് ചെയ്തതെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. രാജ്യത്ത് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പേർ പോസിറ്റീവാകുന്നതും കേരളത്തിലാണ്. ഈ മാസം ഏഴിന് മാത്രം 157 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണവും വലിയ രീതിയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഇന്നലെ മാത്രം (തിങ്കള്‍) 11721 പനി ബാധിതര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. 45 ഡെങ്കി, 8 എലിപ്പനി കേസുകളും ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ മാസം 11 വരെ 1,11325 പനി ബാധിതരാണ് ചികിത്സ തേടി സര്‍ക്കാര്‍ ആശുപത്രികളെ സമീപിച്ചത്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ എണ്ണം കൂടി പരിശോധിച്ചാല്‍ കണക്കുകള്‍ ഇനിയും വര്‍ദ്ധിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top