സിപിഎം വീണ്ടും വീട് കയറുന്നു; ലക്ഷ്യം ജനങ്ങളെ സര്‍ക്കാരിനോടും പാര്‍ട്ടിയോടും അടുപ്പിക്കല്‍
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇളകിയ അടിത്തറ ഉറപ്പിക്കാന്‍ നീക്കങ്ങളുമായി സിപിഎം. പാര്‍ട്ടിയുമായും സര്‍ക്കാരുമായി അകന്ന ജനങ്ങളെ അടുപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സിപിഎം ആലോചിക്കുന്നത്. ക്ഷേമ പെന്‍ഷനിലെ കുടിശിക, സാമ്പത്തിക പ്രതിസന്ധിയില്‍ മുടങ്ങിയ പദ്ധതികള്‍ ഒപ്പം മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരായ ആരോപണങ്ങള്‍ ഇങ്ങനെ നിരവധി കാരണങ്ങളാണ് ജനം കൈവിട്ടതിന് പിന്നിലെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. ഇതില്‍ പരിഹാരം കാണാനാണ് ശ്രമം നടക്കുന്നത്.
വയനാട് ഉരുള്‍പൊട്ടലിനെ മുന്‍നിര്‍ത്തി വീണ്ടും ജനങ്ങളിലേക്ക് ഇറങ്ങാനാണ് സിപിഎം തീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ഊര്‍ജ്ജിതപ്പെടുത്താനെന്ന പേരില്‍ ആഗസ്ത് 11, 12 തീയ്യതികളില്‍ സംസ്ഥാനത്താകെ ഭവനസന്ദര്‍ശനം നടത്തും. പാര്‍ട്ടിയെയും സര്‍ക്കാരിനെയും ജനങ്ങളോട് കൂടുതല്‍ അടുപ്പിക്കുകയെന്ന ലക്ഷ്യമാണ് ഇതിലെ പ്രധാന ലക്ഷ്യം. ദുരന്തത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ വിശദീകരിച്ച് പൊതുസമൂഹത്തിന്റെ പിന്തുണ നേടി ഭരണവിരുദ്ധവികാരം മറികടക്കാനാണ് ശ്രമം.
വയനാട് ലോക്‌സഭാ മണ്ഡലം, ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പും നടക്കാനിരിക്കെ ദുരന്തം മുന്‍നിര്‍ത്തി ജനങ്ങളിലേക്കിറങ്ങിയുള്ള ക്യാംപയിന് പിന്നില്‍ വലിയ ലക്ഷ്യങ്ങളുണ്ട്. ഉപതിരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പുകള്‍ക്കുള്ള മുന്നൊരുക്കവും ഇതില്‍ പ്രതിഫലിക്കുന്നുണ്ട്. സി.പി.എമ്മിന്റെ അടിസ്ഥാന വോട്ടുകളിലുണ്ടായ ചോര്‍ച്ച പാര്‍ട്ടി ഗൗരവമായാണ് കാണുന്നത്. ഇതിന് പുറമേ സമൂഹത്തിലെ വലിയ വിഭാഗം ജനങ്ങളും പാര്‍ട്ടിയെയും മുന്നണിയെയും സര്‍ക്കാരിനെയും വിശ്വാസത്തിലെടുക്കുന്നില്ലെന്ന വിലയിരുത്തലാണ് സിപിഎം നേതൃയോഗങ്ങളില്‍ ഉയര്‍ന്നത്. ഇതിനെ മറികടക്കാനുള്ള തിരുത്തല്‍ നടപടികള്‍ക്കും മാര്‍ഗരേഖയ്ക്കും പാര്‍ട്ടി രൂപം നല്‍കിയിട്ടുണ്ട്.
ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വയനാട്ടില്‍ ദുരന്തമുണ്ടായതോടെ സിപിഎം അടക്കമുള്ള എല്ലാ രാഷ്ട്രീയ കക്ഷികളും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലുണ്ട്. മേഖലയുമായി ബന്ധപ്പെട്ട പാര്‍ട്ടി അംഗങ്ങളും അനുഭാവികളും രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങണമെന്ന് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here