ഭൂമിതർക്കം ഉടൻ തീർത്തില്ലെങ്കിൽ DGPക്ക് കുരുക്കാകും; പരാതിയായാൽ BNS 318(4) പ്രകാരം കേസെടുക്കണം; അഞ്ചുലക്ഷം കയ്യിൽ വാങ്ങിയതും വീഴ്ചയായി

സംസ്ഥാന പോലീസിലെ ഏറ്റവും ലോ പ്രൊഫൈൽ ഓഫീസർമാരിൽ ഒരാളാണ് ഷെയ്ക്ക് ദർവേഷ് സാഹിബ് ഐപിഎസ്. ഡിജിപി ആയ ശേഷമാണ് കേരളത്തിൽ ഇങ്ങനെയൊരു ഉദ്യോഗസ്ഥൻ ഉണ്ടായിരുന്നു എന്ന് തന്നെ പൊതുസമൂഹത്തിൽ പലരും അറിഞ്ഞത്. ഇക്കാലത്തിനിടെയെങ്ങും താൻ കൈകാര്യം ചെയ്ത ഏതെങ്കിലുമൊരു കേസിൻ്റെ കാര്യം സംസാരിക്കാൻ അദ്ദേഹം ഏതെങ്കിലും ചാനലുകളിൽ മുഖം കാണിച്ചിട്ടുമില്ല. മുൻ ഡിജിപി അനിൽ കാന്തും ഏറെക്കുറെ അങ്ങനെ തന്നെയായിരുന്നു. എന്നാൽ അദ്ദേഹത്തിന് ഉണ്ടായിരുന്ന കുഴപ്പങ്ങളും ഒന്നുമില്ലാതെ തികച്ചും ക്ലീൻ ഇമേജിലാണ് ഷേയ്ക്ക് ദർവേഷ് സംസ്ഥാന പോലീസ് മേധാവിയുടെ കസേരിയിൽ ഇരുന്നത്. വിരമിക്കാൻ ഒരുങ്ങുമ്പോൾ സർക്കാർ കാലാവധി നീട്ടിക്കൊടുത്തതും, വേറെയൊരു തലവേദനയും ഉണ്ടാക്കാത്ത ജെൻ്റിൽമാൻ എന്ന് കണക്കാക്കിയാണ്. എന്നാലിതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെയൊരു ഭൂമിയിടപാട് വാർത്തകളിൽ നിറയുന്നത്. വലിയ തോട്ടങ്ങളോ ബംഗ്ലാവോ ഒന്നുമല്ല. തലസ്ഥാനത്ത് പേരൂർക്കടയിലുള്ള വെറും പത്ത് സെൻ്റ് ഭൂമിയാണ് വിഷയം. ഇതിൻ്റെ വിൽപനക്ക് ദർവേഷ് സാഹിബ് ശ്രമിച്ചതാണ് ആരുമൊട്ടും വിചാരിക്കാത്ത വിവാദത്തിലേക്ക് അദ്ദേഹത്തെ കൊണ്ടെത്തിച്ചത്.

വീഡിയോ സ്റ്റോറി കാണാം:

നിലവിൽ ഡിജിപിയുടെ ഭൂമി തിരുവനന്തപുരം സബ് കോടതി ജപ്ജി ചെയ്തുകഴിഞ്ഞു. 74 ലക്ഷത്തിന് വിൽക്കാനായി കഴിഞ്ഞ വർഷം ജൂണിൽ കരാർ വച്ച ശേഷം മുപ്പത് ലക്ഷം അഡ്വാൻസായി ഡിജിപി വാങ്ങിയിട്ടുണ്ട്. ഇതിൽ 25 ലക്ഷം ഭാര്യയുടെ അക്കൌണ്ടിലേക്കും അഞ്ചുലക്ഷം അദ്ദേഹം ക്യാഷായി കയ്യിലുമാണ് വാങ്ങിയത്. ഇവിടെയാണ് ഒന്നാമത്തെ പ്രശ്നം. നിലവിലെ ആദായനികുതി നിയമങ്ങൾ പ്രകാരം രണ്ടുലക്ഷം രൂപയിൽ കൂടുതൽ ഒരാൾ ഒരുദിവസം കാശായി കൈകാര്യം ചെയ്യാൻ പാടില്ല. സംസ്ഥാന പോലീസ് ആസ്ഥാനത്തെ ഡിജിപിയുടെ ഓഫീസിൽ അദ്ദേഹം ആവശ്യപ്പെട്ടത് പ്രകാരം ഈ തുക എത്തിച്ചുനൽകി എന്നാണ് പരാതിക്കാരൻ പറയുന്നത്. റിസീവ്ഡ് ഫൈവ് ലാക്സ് എന്നെഴുതി കരാർ രേഖയിൽ ഡിജിപി നൽകിയിട്ടുമുണ്ട് എന്നാണ് വിശദീകരണം. ഇത് കൂടുതൽ ഗുരുതരമാണ്.

സാധാരണഗതിയിൽ ഭൂമിയിടപാടും അതിൻ്റെ പേരിലുള്ള വ്യവഹാരവും സിവിൽ കേസായി തീരേണ്ടതാണ്. എന്നാലിവിടെ ഭൂമിക്ക് മേലുള്ള ബാങ്കിൻ്റെ ബാധ്യത ഡിജിപി മറച്ചുവച്ചു എന്നാണ് പരാതിക്കാരൻ പറയുന്നത്. അത് തിരിച്ചറിഞ്ഞപ്പോഴാണ് കരാറിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചത്. ബാധ്യതയൊന്നുമില്ലെന്ന് അദ്ദേഹം വാക്കാൽ പറഞ്ഞത് മാത്രമല്ല, കരാറിൻ്റെ എട്ടാം ഖണ്ഡികയായി എഴുതിചേർത്തിട്ടുമുണ്ട്. അത് കണക്കിലെടുത്താൽ ഡിജിപിയുടെ നടപടി ചീറ്റിങ് അഥവാ വഞ്ചനയുടെ പരിധിയിൽ വരും. തിരുവനന്തപുരം സബ് കോടതിയെ സമീപിച്ച പരാതിക്കാരൻ തന്നെ വേണമെന്നുമില്ല, ക്രിമിനൽ കുറ്റമെന്ന നിലയിൽ ആര് പരാതി കൊടുത്താലും പോലീസ് കേസെടുക്കേണ്ടി വരും എന്നതാണ് സത്യം. ഐപിസി പ്രകാരമാണെങ്കിൽ സെക്ഷൻ 420 അനുസരിച്ച് കേസെടുക്കേണ്ട കുറ്റം. ഇന്ന് മുതൽ പുതിയ ബിഎൻഎസ് അഥവാ ഭാരതീയ ന്യായസഹിത പ്രകാരം കേസെടുക്കേണ്ട സാഹചര്യത്തിൽ സെക്ഷൻ 318 (4) ആകും വകുപ്പ്.

ഭൂമി ഭാര്യയുടെ പേരിലായതിനാലും അഡ്വാൻസ് തുക അവരുടെ അക്കൗണ്ടിലേക്ക് സ്വീകരിച്ച സാഹചര്യത്തിലും ഭാര്യയെ കൂടി പ്രതി ചേർക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടാൽ അതും വേണ്ടിവരും. അങ്ങനെയെങ്കിൽ ഇത്തരത്തിലുള്ള ആദ്യ കേസാകും ഷെയ്ക്ക് ദർവേഷ് സാഹിബ് നേരിടേണ്ടി വരിക. സംസ്ഥാന പോലീസ് മേധാവിയെന്ന എന്ന നിലയിൽ പോലീസിൽ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഡിജിപിയെ കണക്കാക്കാമെങ്കിലും ഇത്തരമൊരു സാഹചര്യം ഉടലെടുത്താൽ അങ്ങനെയൊരു സംരക്ഷണവും ഒരുതരത്തിലും കിട്ടാത്ത വ്യക്തിയായി അദ്ദേഹം മാറിയേക്കും, സംരക്ഷണം നൽകണമെന്ന് ആരെത്ര ആഗ്രഹിച്ചാലും. കസേരയിളകും എന്നത് വേറെ കാര്യം. ഇനി, ഡിജിപി കയ്യിൽ വാങ്ങിയെന്ന് പരാതിക്കാരൻ പറയുന്ന അഞ്ചുലക്ഷം രൂപയിലേക്ക് ആദായനികുതി അന്വേഷണം എത്തിയാൽ പരാതിക്കാരനും തുകയുടെ സോഴ്സ് കാണിക്കേണ്ടിവരും. ഡിജിപി അത് ചിലവിട്ട വിധവും വിശദീകരിക്കേണ്ടി വരും.

ഇങ്ങനെയെല്ലാം സങ്കീർണമായ അവസ്ഥകളിലേക്ക് കാര്യങ്ങളെത്തും മുൻപ് വിഷയം കൈകാര്യം ചെയ്യാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. പോലീസിലെ മറ്റ് ചിലരെ പോലെയൊന്നും ഇത്തരം ഡീലുകൾ നടത്തി പരിചയിച്ചിട്ടില്ലാത്ത ആളായതിനാൽ പറ്റിയ പാകപ്പിഴ എന്ന നിലയ്ക്കാണ് അദ്ദേഹത്തെ അറിയുന്നവർ വിഷയത്തെ കാണുന്നത്. വലിയ സൗഹൃദവലയവും ഇല്ലാത്തതിനാൽ ആരോടും കൂടിയാലോചനയൊന്നുമില്ലാതെ സ്വന്തം നിലയ്ക്കാണ് ഭൂമി വിൽപനക്ക് ശ്രമിച്ചത്. അതുകൊണ്ട് തന്നെ രാവിലെ പത്രങ്ങളിൽ വാർത്ത കണ്ടപ്പോൾ സഹപ്രവർത്തകർ പലരും ഞെട്ടലോടെയാണ് വായിച്ചത്. അഡ്വാൻസ് തുക തിരികെ കിട്ടിയാൽ കേസുമായി മുന്നോട്ട് പോകില്ലെന്ന് പരാതിക്കാരൻ വ്യക്തമാക്കിയിട്ടുണ്ട് എന്നതാണ് ആശ്വാസം. അതേസമയം കേരളത്തിലെ ഏറ്റവും സ്വാധിനശേഷിയുള്ള വ്യക്തിയെ ഇത്ര എളുപ്പത്തിൽ തൻ്റെ വഴിക്ക് വരുത്താമെന്ന് പരാതിക്കാരൻ കണക്കുകൂട്ടിയതിലെ പ്രായോഗികബുദ്ധി നിസാരമല്ല. ആദ്യം മുഖ്യമന്ത്രിയുടെ ഓഫീസിന് പരാതി നൽകിയെന്ന് പറയുന്നത് ശരിയെങ്കിൽ വിഷയം മാന്യമായി കൈകാര്യം ചെയ്യുന്നതിലെ വീഴ്ച അവിടെ തുടങ്ങിയെന്ന് വേണം കരുതാൻ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top