കളമശ്ശേരി സ്ഫോടനം നടത്തിയത് ഐഇഡി ഉപയോഗിച്ച്; എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം അന്വേഷിക്കുമെന്നും ഡിജിപി

തിരുവനന്തപുരം: കളമശ്ശേരിയില്‍ പൊട്ടിത്തെറിച്ചത് ബോംബ്‌ തന്നെയെന്ന് സംസ്ഥാന പോലീസ് മേധാവി ഷേയ്ഖ് ദർവേഷ് സാഹിബ് സ്ഥിരീകരിച്ചു. ഐഇഡി ഉപയോഗിച്ചുള്ള സ്ഫോടനമാണ് നടത്തിയത്. എഡിജിപി എം.ആര്‍.അജിത്‌ കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം അന്വേഷിക്കുമെന്നും മാധ്യമങ്ങളോട് ഡിജിപി വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെ പരിഭ്രാന്തിയുണ്ടാക്കുന്ന പോസ്റ്റുകൾ ആരും പങ്കുവെക്കരുതെന്നും ഡിജിപി കര്‍ശന നിര്‍ദ്ദേശം നല്‍കി. അന്വേഷണത്തിന് എന്‍ഐഎ സംഘം ഡല്‍ഹിയില്‍ നിന്നും എത്തുന്നുണ്ട്.

എഡിജിപി എം.ആര്‍.അജിത്‌ കുമാര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി ഡോ.വി.വേണു കൊച്ചിയിലെത്തിയിട്ടുണ്ട്. ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനുമായി സംഭാഷണം നടത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ നടക്കാത്ത രീതിയിലുള്ള സ്ഫോടനമാണ് യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥനായോഗം നടക്കുന്ന കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നത്. കളമശ്ശേരിയിലെ സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്‍ററില്‍ ഇന്ന് രാവിലെയാണ് സ്ഫോടനമുണ്ടായത്.

ഒരു സ്ത്രീ മരിക്കുകയും 7 പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ 35പേരെ കളമ​ശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനമുണ്ടാകുമ്പോൾ ഏകദേശം 2000 പേർ കൺവെൻഷൻ സെന്ററിലുണ്ടായിരുന്നുവെന്നാണ് വിവരം.

Logo
X
Top