ലഹരി വ്യാപനത്തെക്കുറിച്ച് പഠിക്കാന്‍ സമിതി; സുപ്രീം കോടതി മുന്‍ ജഡ്ജി കുര്യന്‍ ജോസഫ് അധ്യക്ഷന്‍

സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപഭോഗത്തെക്കുറിച്ച് പഠിക്കുന്നതിനായി സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് അധ്യക്ഷനായ സമിതിക്ക് രൂപം കൊടുത്തു. കോളജ് അലുമിനി അസോസിയേഷന്‍ ഓഫ് കേരള (CAAK ) യും സിറ്റിസണ്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും സംയുക്തമായാണ് പഠനം നടത്തുന്നത്.
ലഹരി മരുന്നുകളുടെ ഉപയോഗം അപകടകരമാംവിധം നമ്മുടെ സമൂഹത്തെ, കുടുംബങ്ങളെ കാര്‍ന്നു തിന്നുകയാണ്. പുതുവത്സരം പിറന്നിട്ട് കേവലം 50 ദിവസത്തിനിടയില്‍ കേട്ട ചില വാര്‍ത്തകള്‍ നമ്മെ അമ്പരപ്പിക്കുന്നതാണ്. കോഴിക്കോട് താമരശ്ശേരിയില്‍ 25 കാരനായ മകന്‍ അമ്മയുടെ കഴുത്തറുത്ത് കൊല്ലുന്നു, തിരുവനന്തപുരം വെള്ളറടയില്‍ 26കാരനും മെഡിക്കല്‍ വിദ്യാര്‍ത്ഥിയുമായ മകന്‍ അച്ഛനെ അടിച്ചു കൊന്നു, ലഹരി വാങ്ങാന്‍ പണം നല്‍കാത്തതിന് കുണ്ടറയില്‍ കൊച്ചുമകന്‍ മുത്തശ്ശിയേയും അമ്മയേയും ചുറ്റിക കൊണ്ടു് അടിച്ചു കൊല്ലുന്നു, അതേ കുണ്ടറയില്‍ തൊട്ടടുത്ത ദിവസം മറ്റൊരു വീട്ടിലെ അമ്മയെ ഒരു ദിവസം രാവിലെ മകന്‍ തല്ലി കൊന്ന ശേഷം പാട്ടുകേട്ട് വൈകുന്നേരം വരെ വീട്ടിലിരിക്കുന്നു, ഓംലെറ്റ് ഉണ്ടാക്കി കഴിക്കുന്നു, രാത്രി വീട്ടില്‍ നിന്ന് ഓടിപ്പോകുന്നു. പാലക്കാട് നെന്മാറയില്‍ അമ്മയേയും മകനേയും ചെന്താമര എന്ന ലഹരിക്കടിമ വെട്ടിക്കൊല്ലുന്നു. കോളജുകളില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ജൂനിയര്‍ കുട്ടികളെ അതിക്രൂരമായി മര്‍ദ്ദിക്കുന്നു. ഈ കൂറ്റകൃത്യങ്ങളെല്ലാം കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ നടന്ന ഭയാനകമായ സംഭവങ്ങളാണ്. ലഹരി അത്രമേല്‍ നമ്മുടെ കുടുംബങ്ങളേയും സമൂഹത്തേയും കാര്‍ന്ന് തിന്നുന്ന അവസ്ഥയി ലേക്കെത്തിച്ചുവെന്ന യാഥാര്‍ത്ഥ്യം പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനാണ് പഠനം നടത്തുന്നതെന്ന് കാക്ക് ഭാരവാഹികള്‍ പറഞ്ഞു.
പോലീസ് കംപ്ലയിന്റ് അതോരിറ്റി ചെയര്‍പേഴ്‌സണ്‍ റിട്ട. ജഡ്ജി സതീശ് ചന്ദ്രബാബു, കെ. സുരേഷ് കുറുപ്പ് (മുന്‍ എംപി), ടി കെ എ നായര്‍ (റിട്ട. ഐഎഎസ് ),
വിന്‍സണ്‍ പോള്‍ (റിട്ട. ഐപിഎസ്), എസ് അനന്തകൃഷ്ണൻ ((റിട്ട. ഐപിഎസ്), എസ് ഗോപിനാഥ് (റിട്ട. ഐപിഎസ്) ഡോ അരുണ്‍ ബി നായര്‍, ഡോ മോഹന്‍ റോയി, കെ മധുപാല്‍ ( എഴുത്തുകാരനും നടനും), ബിഷപ്പ് മാത്യൂസ് മാര്‍ പോളികാര്‍പ്പസ്, പോള്‍ മണലില്‍, മര്‍ക്കോസ് ഏബ്രഹാം, ഡോ. ജോഷി യുഎസ്എ, സുരേഷ് കുമാര്‍ (റിട്ട. എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ ), അഡ്വ. ലാലു ജോസഫ്, അഡ്വ. അമ്പിളി ജേക്കബ്, എബി ജോര്‍ജ് എന്നിവരാണ് വിദഗ്ധ സമിതി അംഗങ്ങള്‍.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here