മികവിന്റെ ഹബ്ബാക്കുമെന്ന ബഡായിക്കിടെ ‘കേരള’യിലെ കള്ളക്കളി പൊളിച്ച് കോടതി; പാര്‍ട്ടിക്കാര്‍ക്കായി തയ്യാറാക്കിയ റാങ്കുപട്ടിക തോട്ടിലെറിഞ്ഞു

‘ഉന്നത വിദ്യാഭ്യാസരംഗം നേരിടുന്ന വെല്ലുവിളികളും പരിമിതികളും മറികടന്ന് കേരളത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രമായി മാറ്റും’ -ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍.ബിന്ദു രണ്ടാഴ്ച മുമ്പ് പറഞ്ഞതാണിത്. കൊച്ചിയില്‍ നടന്ന ഉന്നത വിദ്യാഭ്യാസ കോണ്‍ക്ലേവ് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കുമ്പോഴാണ് മന്ത്രിയുടെ ഈ തുറന്നു പറച്ചില്‍. കഴിഞ്ഞ ഒമ്പതു വര്‍ഷമായി പിണറായി സര്‍ക്കാരിലെ വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല വഹിച്ച മന്ത്രിമാരും, മുഖ്യമന്ത്രിയും, ഇടത് വിദ്യാഭ്യാസ വിദഗ്ധരും സ്ഥിരമായി നടത്തുന്ന വാഗ്ദാനം തന്നെയാണ് ഉന്നത വിദ്യാഭ്യാസ മന്തിയും കോണ്‍ക്ലേവില്‍ ആവര്‍ത്തിച്ചത്.

ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ മൂക്കിന് താഴെ കേരള യൂണിവേഴ്‌സിറ്റിയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്ന അസിസ്റ്റന്റ് പ്രൊഫസറന്‍മാരെ തിരഞ്ഞെടുക്കാനുള്ള ഇന്റര്‍വ്യൂ ബോര്‍ഡിന്റെ കണ്‍വീനര്‍ ഡിവൈഎഫ്‌ഐ നേതാവായിരുന്നു. പ്രഫസറല്ലാത്ത, അധ്യാപനം അങ്ങാടി മരുന്നോ പച്ചമരുന്നോ എന്ന് തിരിച്ചറിയാത്ത വ്യക്തിയെ ഇന്റര്‍വ്യൂ ബോര്‍ഡിന്റെ തലവനായി നിയമിച്ച നാട്ടിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയാണ് പറയുന്നത് കേരളത്തെ മികവിന്റെ ഹബാക്കുമെന്ന്.

ഡിവൈഎഫ്‌ഐ നേതാവ് ജെഎസ് ഷിജുഖാനെ ‘വിദ്യാഭ്യാസ വിദഗ്ധന്‍’ എന്ന നിലയിലാണ് സര്‍ക്കാര്‍ കേരള യൂണിവേഴ്‌സിറ്റി സിന്‍ഡിക്കറ്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. ഹൈക്കോടതി സമയോചിതമായി ഇടപെട്ട് ഷിജുഖാന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ റാങ്ക്പട്ടിക റദ്ദാക്കി. മതിയായ യോഗ്യതയോ, അധ്യാപന പരിചയമോ ഇല്ലാത്ത പാര്‍ട്ടിക്കാരെ കുത്തിനിറച്ച സര്‍വ്വകലാശാലകള്‍ എങ്ങനെ മികവിന്റെ കേന്ദ്രങ്ങളാകുമെന്ന് മന്ത്രി പറയുന്നില്ല.

ALSO READ : അസി. പ്രൊഫസര്‍ നിയമനത്തിന് ഡിവൈഎഫ്‌ഐ നേതാവിന്റെ നേതൃത്വത്തില്‍ ഇന്റര്‍വ്യൂ ബോര്‍ഡ്; റാങ്കുപട്ടിക റദ്ദാക്കി ഹൈക്കോടതി

യുജിസി നിബന്ധനപ്രകാരം വിസിയോ, വിസി ചുമതലപ്പെടുത്തുന്ന സീനിയര്‍ പ്രൊഫസറായ അദ്ധ്യാപകനോ ആയിരിക്കണം ഇന്റര്‍വ്യൂ ബോര്‍ഡിന്റെ ചെയര്‍മാന്‍. സ്ഥിരം അധ്യാപക നിയമനത്തിനുള്ള എല്ലാ വ്യവസ്ഥകളും യോഗ്യതകളും ഗസ്റ്റ് നിയമനങ്ങളിലും പാലിക്കണമെന്ന് യുജിസി വ്യവസ്ഥയുണ്ട്. അനധ്യാപകരായ സിന്‍ഡിക്കറ്റ് അംഗങ്ങള്‍ അധ്യാപക ഇന്റര്‍വ്യൂവിൽ പങ്കെടുക്കുന്നത് യുജിസി വിലക്കിയിട്ടുമുണ്ട്. നിലവിലെ യുജിസി മാനദണ്ഡങ്ങള്‍ ലംഘിക്കുന്നത് അറിഞ്ഞിട്ടും നടപടി എടുക്കാത്ത ഉന്നത വിദ്യാഭ്യാസ മന്ത്രി ഭരിക്കുന്ന നാട് എങ്ങനെ മികവിന്റെ ഹബാക്കുമെന്നാണ് ഈ രംഗത്ത് സാമാന്യ വിവരമുള്ളവരെല്ലാം ചോദിക്കുന്നത്.

കേരളയില്‍ ഗസ്റ്റ് അധ്യാപക നിയമനത്തിന് 500ഓളം പേരാണ് അപേക്ഷകരായി ഉണ്ടായിരുന്നത്. നിയമിക്കപ്പെടുന്നവര്‍ക്ക് നാലു വര്‍ഷ ബിരുദ കോഴ്‌സിന്റെ നിലവിലെ ബാച്ച് പൂര്‍ത്തിയാകുന്നത് വരെ തുടരാനാവും. ഗസ്റ്റ് അധ്യാപന പരിചയം ഭാവിയില്‍ റെഗുലര്‍ നിയമനത്തിനുള്ള മുന്‍പരിചയമായി കണക്കിലെടുക്കുകയും ചെയ്യും. പാര്‍ട്ടിക്കാര്‍ക്കു വേണ്ടി പാര്‍ട്ടി നേതാവ് റാങ്ക് ലിസ്റ്റ് തയാറാക്കിയത് ഇതെല്ലാം പരിഗണിച്ചാണ്.

സിപിഎമ്മുകാരായ പാര്‍ട്ടിക്കാരെ കുത്തിനിറച്ച സര്‍വകലാശാലകളില്‍ നിന്ന് പിഎച്ച്ഡിയും മറ്റ് ഉന്നത ബിരുദങ്ങളും നേടുന്ന മിക്ക രാഷ്ട്രീയക്കാരുടേയും ഗവേഷണ പ്രബന്ധങ്ങളെ ആസ്പദമാക്കി ട്രോളുകളും കോമഡി പരിപാടികളും നാടാകെ ആഘോഷിക്കുകയാണ്. ‘വാഴക്കുല’ പ്രബന്ധങ്ങള്‍ എന്നാണിവ ഇപ്പോൾ അറിയപ്പെടുന്നത്. പാര്‍ട്ടി നേതാക്കന്മാരുടെ ഭാര്യമാരെ നിയമിക്കാനായി റാങ്ക് പട്ടികകള്‍ ശീര്‍ഷാസനത്തില്‍ ആക്കുന്നത് സംസ്ഥാനത്തെ സര്‍വ്വകലാശാലകളില്‍ പതിവ് പരിപാടിയാണ്.

കാലടി സര്‍വകലാ ശാലയില്‍ മലയാളം വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കാനുള്ള റാങ്ക് പട്ടിക ശീര്‍ഷാസനം ചെയ്തുവെന്ന് സെലക്ഷന്‍ കമ്മിറ്റിയില്‍ സബ്ജക്ട് എക്‌സ്പര്‍ട്ട് ആയി പങ്കെടുത്ത പ്രൊഫ ഉമര്‍ തറമേല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത് വന്‍ വിവാദമായിരുന്നു. മന്ത്രിപത്‌നിയെ നിയമിക്കാനാണ് റാങ്ക് ലിസ്റ്റ് അട്ടിമറിച്ചത്. തന്റെ വിമര്‍ശനവും വിയോജിപ്പും സര്‍വകലാശാലയെ അറിയിച്ചുവെന്നും ഇനി ഈ പണിക്ക് ഇല്ലെന്നും ഉമര്‍ തറമേല്‍ അന്ന് തുറന്നടിച്ചിരുന്നു.

ഇത്തരം ശീര്‍ഷാസന പ്രക്രിയകള്‍ നിരന്തരം നടത്തുന്ന ഉന്നത വിദ്യാഭ്യാസ മേഖലയെ എങ്ങനെ മികവിന്റെ കേന്ദ്രമാക്കുമെന്ന് ആര്‍ക്കും അറിയില്ല. സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ഭരണം കുത്തഴിഞ്ഞ് കിടക്കുകയാണ്. മിക്ക യൂണിവേഴ്‌സിറ്റികളിലും വര്‍ഷങ്ങളായി വൈസ് ചാന്‍സലർമാരില്ല. താല്കാലിക വിസി ഭരണമാണ് ഒട്ടമിക്ക സര്‍വകലാശാലകളിലും നടക്കന്നത്. എന്നിട്ടാണ് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ബഡായി പറച്ചില്‍ നിര്‍ബാധം തുടരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top