ഗവര്‍ണ്ണര്‍ സര്‍ക്കാര്‍ പോര് നിയമപോരാട്ടത്തിലേക്ക്, ബില്ലുകള്‍ ഒപ്പിടുന്നില്ലെന്ന് കാട്ടി സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ ഹര്‍ജ്ജി

ദില്ലി: നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുന്ന ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ നിയമപോരാട്ടത്തിന് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യം ചൂണ്ടികാട്ടി സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ ഹര്‍ജ്ജി നല്‍കി. എട്ട് ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ കടുത്ത നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. നിയമസഭ വിശദമായി ചര്‍ച്ച ചെയ്ത് പാസാക്കിയ ബില്ലുകളില്‍ അനന്തമായി തീരുമാനം നീട്ടാനാകില്ലെന്നാണ്‌ സര്‍ക്കാര്‍ നിലപാട്. വിശദമായ നിയമോപദേശം തേടിയ ശേഷമാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരമാനമെടുത്തത്.

ലോകായുക്ത, സര്‍വകലാശാല നിയമഭേദഗതി ബില്ലുകള്‍ രാജ്ഭവനില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാതെ അനന്തമായി പിടിച്ചുവയ്ക്കുന്നതിലാണ് സര്‍ക്കാറിന് പ്രധാനമായും എതിര്‍പ്പുളളത്. നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ക്ക് അയച്ചാല്‍ എന്ത് നടപടി സ്വീകരിക്കാം എന്നതിനെ സംബന്ധിച്ച് ഭരണഘടനയുടെ ഇരുന്നൂറാം അനുച്ഛേദത്തിലാണ് വിശദീകരിക്കുന്നത്. ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിട്ടാല്‍ അത് നിയമമാകും. ഒപ്പിടുന്നില്ലെങ്കില്‍ പുനഃപരിശോധനയ്ക്ക് തിരിച്ചയക്കാം. പുനഃപരിശോധനയ്ക്ക് അയച്ച ബില്‍ നിയമസഭ ഒരു മാറ്റവും വരുത്താതെ തിരിച്ചയച്ചാല്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ ബാധ്യസ്ഥനുമാണ്. ബില്ല് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടാനുള്ള അധികാരവും ഗവര്‍ണര്‍ക്ക് ഭരണഘടന നല്‍കുന്നു. എന്നാല്‍ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാതിരുന്നാല്‍ സര്‍ക്കാരിന് ഓര്‍മിപ്പിക്കാമെന്നല്ലാതെ കൂടുതല്‍ ഇടപെടലുകള്‍ നടത്താനാകില്ല. ഗവര്‍ണര്‍ തീരുമാനം എടുക്കുന്നതിനെ സംബന്ധിച്ച് സമയ പരിധി നിശ്ചയിച്ചിട്ടില്ല. ഈ പഴുത് ഉപയോഗിച്ചാണ് ഗവര്‍ണര്‍ ബില്ലുകളില്‍ തീരുമാനം എടുക്കാതെ അനന്തമായി നീട്ടി കൊണ്ട് പോകുന്നത്.

ബില്ലുകളെ സംബന്ധിച്ച് ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ട വിശദീകരണങ്ങള്‍ മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും രാജ്ഭവനില്‍ എത്തി നല്‍കിയിട്ടും തീരുമാനം നീട്ടുന്നതില്‍ സര്‍ക്കാറിന് കടുത്ത് എതിര്‍പ്പാണുണ്ടായിരുന്നത്. മുഖ്യമന്ത്രി തന്നെ ഇക്കാര്യത്തിലെ വിമര്‍ശനം പരസ്യമായി ഉന്നിച്ചിരുന്നു. തെലങ്കാന, തമിഴ്‌നാട്, പഞ്ചാബ് സര്‍ക്കാറുകള്‍ ഇത്തരത്തില്‍ ഗവര്‍ണ്ണര്‍ക്കെതിരെ നിയമപോരാട്ടം ആരംഭിച്ചിരുന്നു. ഇതേ മാതൃകയാണ് കേരളവും സ്വീകരിച്ചിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ് നരിമാനില്‍ നിന്നാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്. മുതിര്‍ന്ന അഭിഭാഷകനായ ശ്രീ. കെ.കെ. വേണുഗോപാലാണ് സര്‍ക്കാറിനായി ഹര്‍ജ്ജി സമര്‍പ്പിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top