രാഷ്ട്രപതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് കേരളം; നീക്കം നിയമസഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞുവച്ചത് ചോദ്യം ചെയ്ത്; റിട്ട് ഹര്‍ജിയില്‍ ഗവര്‍ണറേയും കക്ഷി ചേര്‍ത്തു

തിരുവനന്തപുരം : നിയമസഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞുവച്ച രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവിന്റെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് കേരളം. സര്‍വ്വകലാശാലകളില്‍ ഗവര്‍ണറുടെ അധികാരം വെട്ടികുറക്കുന്ന യൂണിവേഴ്‌സിറ്റി ബില്ലടക്കം സുപ്രധാന ബില്ലുകളാണ് രാഷ്ട്രപതി തടഞ്ഞു വച്ചിരിക്കുന്നത്. ഇതിനെതിരായാണ് റിട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്. രാഷ്ട്രപതിയുടെ സെക്രട്ടറിയേയാണ് എതിര്‍ കക്ഷിയാക്കിയിരിക്കുന്നത്. ഗവര്‍ണറേയും എതിര്‍കക്ഷിയായി ചേര്‍ത്തിട്ടുണ്ട്.

2023 നവംബറിലാണ് ഏഴ് ബില്ലുകള്‍ ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കയച്ചത്. സര്‍വകലാശാലാ ട്രിബ്യൂണല്‍ നിയമനം സംബന്ധിച്ച രണ്ട് ബില്ലുകള്‍, ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്ന രണ്ട് ബില്ലുകള്‍, വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള തിരഞ്ഞെടുപ്പ് സമിതി സംബന്ധിച്ച ബില്‍, ലോകായുക്ത നിയമഭേദഗതി ബില്‍, സഹകരണ നിയമഭേദഗതി ബില്‍ എന്നിവയാണ് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചത്. ഇതില്‍ ലോകായുക്ത നിയമഭേദഗതിക്ക് മാത്രമാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയത്.

രാഷ്ട്രപതിയുടെ ഈ നടപടിക്കെതിരെയാണ് കേരളം അസാധാരണനീക്കം നടത്തുന്നത്. രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് രാഷ്ട്രപതിക്കെതിരെ ഒരു സംസ്ഥാനം സുപ്രീംകോടതിയെ സമീപിക്കുന്നത്. ഒരു ഭരണഘടന സംവാദത്തിന് കൂടി വഴിയൊരുക്കുന്നതാണ് നീക്കം. ആദ്യമായി രാഷ്ട്രപതിയുടെ തീരുമാനങ്ങള്‍ സംബന്ധിച്ച് ഒരു ജുഡീഷ്യല്‍ അവലോകനവും ഇതിലൂടെ നടക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top