മുതിർന്ന IASകാർ ഇടയുന്നു; ‘ധന’ത്തിൽ പ്രതിസന്ധി; ഫോർമുലയുമായി അസോസിയേഷൻ
ഏത് സർക്കാരിനെ സംബന്ധിച്ചും ജീവനാഡിയാണ് ധനവകുപ്പ്. ക്ഷേമപദ്ധതികളും വികസന പദ്ധതികളും അടക്കം എല്ലാത്തിൻ്റെയും മേൽ കൃത്യമായ നിയന്ത്രണം ധനവകുപ്പിനും അത് കൈകാര്യം ചെയ്യുന്നവർക്കും ഉണ്ടാകും. കാരണം ധനവകുപ്പ് തുക അനുവദിച്ചാലല്ലാതെ എന്തെല്ലാം പദ്ധതികൾ ആസൂത്രണം ചെയ്താലും ഒന്നും നടക്കില്ല എന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ട് തന്നെ ധനവകുപ്പിനെ ഭരിക്കുന്നവർക്ക് എല്ലാ വകുപ്പിൻ്റെയും മേൽ അദൃശ്യമായൊരു നിയന്ത്രണം ഉണ്ടാകുകയും ചെയ്യും.
കാര്യങ്ങൾ ഇങ്ങനെയായിരിക്കെ ആണ് കേരളത്തിലെ ധനവകുപ്പിൻ്റെ നിയന്ത്രണം താരതമ്യേന ജൂനിയർ ആയ ഐ എ എസ് ഉദ്യോഗസ്ഥൻ്റെ കയ്യിലേക്ക് എത്തുന്നത്. പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിലുള്ള സഞ്ജയ് കൗൾ ആണ് കഴിഞ്ഞ മൂന്നാഴ്ചയായി ധനവകുപ്പിൻ്റെ ചുമതല വഹിക്കുന്നത്. കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിന്ന് തിരിച്ച് വരാനൊരുങ്ങുന്ന രബീന്ദ്ര കുമാർ അഗർവാളിനെയാണ് യഥാർഥത്തിൽ ധനവകുപ്പിലേക്ക് സർക്കാര് നിയമിച്ചത്. അദ്ദേഹം തിരിച്ചെത്താൻ വൈകിയതോടെയാണ് സഞ്ജയ് കൗളിന് ചുമതല നൽകിയത്. ഇരുവരുടെയും കാര്യത്തിൽ മുതിർന്ന ഉദ്യോഗസ്ഥർക്ക് തൃപ്തി പോരാ.
താരതമ്യേന ജൂനിയേഴ്സ് ആയ ഇവരുമായി സഹകരിച്ച് പോകാൻ ഐ എ എസ് വൃന്ദത്തിലെ പലരും തയ്യാറില്ല. വിവിധ വകുപ്പുകളുടെ പദ്ധതികൾക്ക് സാമ്പത്തിക അനുമതി നൽകേണ്ട special working group യോഗങ്ങളിൽ ഇതോടെ മുതിർന്ന ഐ എ എസുകാർ പലരും പങ്കെടുക്കാതായി. സ്വന്തം വകുപ്പിലേക്ക് കിട്ടേണ്ട പണത്തിനായി, റാങ്കിൽ താഴെയുള്ളവരുടെ മുന്നിൽ ഫയലുമായി പോകാനുള്ള മുതിർന്നവരുടെ ഫീലിംഗ് ഒടുവിൽ സർക്കാരും ഉൾക്കൊള്ളാൻ തുടങ്ങി. പ്രശ്നം പരിഹരിക്കാൻ ഐ എ എസ് അസോസിയേഷൻ മുന്നോട്ടുവച്ച ഫോർമുല ധനമന്ത്രിയുടെ സജീവ പരിഗണനയിലാണ്. അങ്ങനെയാണ് അഡീഷനൽ ചീഫ് സെക്രട്ടറി റാങ്കിലുള്ള ശാരദ മുരളീധരനിൽ കാര്യങ്ങൾ എത്തിനിൽക്കുന്നത്.
നിലവിൽ ചുമതല വഹിക്കുന്ന തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്ന് ശാരദയെ ഒഴിവാക്കാനാവില്ല എന്ന് വന്നാൽ മാത്രം വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ലയെ പരിഗണിക്കും.
മുൻപെങ്ങുമില്ലാത്ത ധന പ്രതിസന്ധിയിൽ സർക്കാര് പെട്ടുനിൽക്കുമ്പോൾ മികച്ച ധനകാര്യ മാനേജ്മെൻ്റ് അനിവാര്യമാണ്. അതിന് പരിചയ സമ്പത്ത് കൂടിയേ തീരൂവെന്നും അസോസിയേഷൻ സർക്കാരിനെ ധരിപ്പിച്ചു. കാലക്കെടിൻ്റെ കാലത്ത് ഉദ്യോഗസ്ഥ വൃന്ദത്തെ പിണക്കരുത് എന്ന വീണ്ടുവിചാരം സർക്കാരിന്, പ്രത്യേകിച്ച് ധനമന്ത്രി കെ എൻ ബാലഗോപാലിന് ഉണ്ടായി. ഇതെല്ലാം ഒത്തുവന്നതോടെയാണ് ധന വകുപ്പിൽ വീണ്ടുമൊരു മാറ്റത്തിന് കളമൊരുങ്ങിയത്.
KSRTC യിലെ പ്രശ്നങ്ങൾ പരസ്യമായി വിളിച്ചുപറഞ്ഞു കഴിഞ്ഞ ദിവസം രംഗത്തെത്തിയ എംഡി ബിജു പ്രഭാകറും ധനവകുപ്പിന് മേൽ കുറ്റം ചാർത്തിയിരുന്നൂ. ശമ്പളം കൊടുക്കാൻ ഞെരുങ്ങുന്ന ആനവണ്ടി കോർപറേഷൻ പെൻഷൻ കാര്യം ഓർക്കാൻ പോലും ഇഷ്ടപ്പെടുന്നില്ല. എല്ലാത്തിനും അവരും ഉറ്റു നോക്കുന്നത് ധനവകുപ്പിനെയാണ്. സ്കൂളുകളിലെ ഉച്ചക്കഞ്ഞി വിതരണം പോലെ പ്രതിസന്ധിയിലായ പലതിനുമുള്ള ഒറ്റമൂലി ഇനി ധനവകുപ്പിൽ നിന്നാണ് ഉണ്ടാകേണ്ടത്. ഇങ്ങനെ പലതും മുന്നിൽ കണ്ടാണ് ഐ എ എസ് ഉദ്യോഗസ്ഥരുടെ നിർബന്ധത്തിന് സർക്കാര് വഴങ്ങുന്നത്.