സ്‌കൂളുകളിലെ ലഹരി ബോധവല്‍ക്കരണത്തിനുള്ള തുകയും വെട്ടിക്കുറച്ചു; മയക്കുമരുന്ന് ഉപയോഗം കൂടുമ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തി

മയക്കുമരുന്ന് വ്യാപനവും ഉപയോഗവും സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ മാറാവ്യാധി പോലെ പടര്‍ന്നു പിടിക്കുമ്പോൾ ബോധവല്‍ക്കരണത്തിനായി ചെലവഴിക്കേണ്ട പിച്ചക്കാശും സര്‍ക്കാര്‍ വെട്ടിക്കുറച്ചു. പ്രഖ്യാപനങ്ങളും വാഴ്ത്തുപാട്ടുകളും അല്ലാതെ പ്രയോഗിക തലത്തില്‍ ഒന്നും നടക്കുന്നില്ലെന്ന് തെളിയിക്കുന്നതാണ് ധനവകുപ്പിന്റെ പുതിയ നീക്കം.
വിദ്യാലയങ്ങളില്‍ നടത്താനിരുന്ന മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിന്റെ തുക വെട്ടിച്ചുരുക്കി എന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് നിയമസഭയില്‍ വെളിപ്പെടുത്തിയത്. പദ്ധതി വിഹിതം 50 ശതമാനമായി വെട്ടിക്കുറച്ചതിന്റെ ഭാഗമായിട്ടാണ് പൊതുവിഭ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ നടക്കുന്ന മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിനിന്റെ തുകയും വെട്ടിയത്. സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ മയക്കു മരുന്നിനെതിരെ വിപുലമായ തോതില്‍ ബോധവല്‍ക്കരണവും പ്രചാരണ പ്രവര്‍ത്തനങ്ങളും നടത്താനുള്ള പദ്ധതിയാണ് ഇതോടെ അവതാളത്തിലാകുന്നത്.
ലഹരി വിരുദ്ധ ക്യാമ്പയിനു വേണ്ടി 1.50 കോടി രൂപയാണ് 2024-25 ല്‍ വകയിരുത്തിയത്. ഇത് 65 ലക്ഷമാക്കിയാണ് വെട്ടിക്കുറച്ചത്. 56.67 ശതമാനം കുറവാണ് വരുത്തിയത്. സംസ്ഥാനത്ത് കുട്ടികള്‍ക്കിടയില്‍ ലഹരിയുടെ ഉപയോഗം കൂടുമ്പോഴാണ് ധനമന്ത്രി ഈ തുകയും വെട്ടിക്കുറച്ചു പുത്തന്‍ മാതൃക സൃഷ്ടിച്ചത്. മന്ത്രിമാരുടെ പറച്ചിലും പ്രവര്‍ത്തിയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് തെളിയിക്കുന്നതാണീ നടപടി.
2024-25ലെ ബജറ്റില്‍ മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. “നമ്മുടെ കുട്ടികളേയും യുവാക്കളേയും മയക്കുമരുന്നിന്റെ പിടിയില്‍ നിന്ന് അകറ്റി നിർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗത്തിനെതിരെ വിവിധ ജില്ലാ, സ്‌കൂള്‍ തല പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തുക വകയിരുത്തിയിരിക്കുന്നത്. 2024- 25 ലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ 150 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്”.

പൊതുവിഭ്യാഭ്യാസ വകുപ്പിലെ പദ്ധതികള്‍ വെട്ടിക്കുറച്ചത് സംബന്ധിച്ച് കെ. ബാബു എംഎല്‍എ മന്ത്രി ശിവന്‍കുട്ടിയോട് ഈ മാസം 12 ന് ചോദ്യം ഉന്നയിച്ചിരുന്നു. ഇതിന്റെ മറുപടിയിലാണ് മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിനിന്റെ തുകയും വെട്ടിക്കുറച്ച വിവരം ശിവന്‍കുട്ടി വ്യക്തമാക്കിയത്. സംസ്ഥാനത്ത് സ്‌ക്കൂള്‍ കുട്ടികള്‍ ഉള്‍പ്പെട്ട ലഹരി കേസുകള്‍ 154 എണ്ണം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് എക്സൈസ് മന്ത്രി എം.ബി രാജേഷ് നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

വിദ്യാര്‍ഥികള്‍ക്കിടയില്‍ വ്യാപകമായി വര്‍ധിച്ച് വരുന്ന മയക്കുമരുന്ന് ഉപയോഗം തടയാനുള്ള മാര്‍ഗങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ വിപുലമായ യോഗം കഴിഞ്ഞ വര്‍ഷം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. വലിയ തോതിലുള്ള ബോധവല്‍ക്കരണം സ്‌കൂളുകളില്‍ നടത്തണമെന്നായിരുന്നു വിവിധ വകുപ്പു മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലെ തീരുമാനം.
2022-23 അദ്ധ്യയന വര്‍ഷം 325 ലഹരി കേസുകള്‍ വിവിധ സ്‌കൂളുകളില്‍ അദ്ധ്യാപകരുടെയും അധികൃതരുടെയും ശ്രദ്ധയില്‍പ്പെട്ടെങ്കിലും 183 കേസുകള്‍ മാത്രമാണ് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഈ പ്രവണത പ്രോത്സാഹിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പറഞ്ഞു. കുട്ടികളിലെ മയക്കുമരുന്ന് ഉപഭോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധമായും പൊലീസിനെയോ എക്സൈസിനെയോ വിവരം അറിയിക്കണം.
വിവിധ ജില്ലകളിലായി 382 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപത്ത് മയക്കുമരുന്ന് ഇടപാടുകള്‍ നടക്കുന്നതായി കണ്ടെത്തി. ഈ വിദ്യാലയങ്ങളെ പ്രത്യേകമായി പരിഗണിച്ച നോ ടു ഡ്രഗ്സ് (No To Drugs) കാമ്പയിനിന്റെ സ്പെഷ്യല്‍ ഡ്രൈവ് ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ശ്രദ്ധിക്കണം. ഇതിന് ആവശ്യമായ പിന്തുണയും നിര്‍ദേശവും പൊലീസില്‍ നിന്നും ലഭിക്കുമെന്നൊക്കെയാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. പക്ഷേ ഇതൊക്കെ പ്രവര്‍ത്തിപഥത്തില്‍ വരുത്താന്‍ പണമില്ല എന്നതാണ് സത്യം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here