ശമ്പളവും പെൻഷനും നൽകാൻ 5000 കോടി; ക്ഷേമ പെൻഷന് 1800 കോടി; ബില്ലുകൾ മാറാൻ 6000 കോടി; സംസ്ഥാനം കടന്നുപോകുന്നത് അതീവ സാമ്പത്തിക പ്രതിസന്ധിയിൽ
തിരുവനന്തപുരം : സാമ്പത്തിക വർഷത്തിന്റെ അവസാന ദിനങ്ങളിൽ സംസ്ഥാനം അഭിമുഖീകരിക്കുന്നത് വലിയ സാമ്പത്തിക പ്രതിസന്ധി. നിലവിൽ പതിമൂന്നായിരത്തോളം കോടി രൂപ അടിയന്തരമായി കണ്ടെത്തേണ്ട സ്ഥിതിയാണ് . സർക്കാർ ജീവനക്കാർക്കുള്ള ശമ്പളവും പെൻഷനും നൽകാനും നേരത്തെ പ്രഖ്യാപിച്ച ക്ഷേമ പെൻഷന്റെ രണ്ട് ഗഡു കുടിശ്ശിക നൽകാനുമാണ് പണം കണ്ടെത്തേണ്ടത്. ഇതുകൂടാതെ സാമ്പത്തിക വർഷാവസാനം ബില്ലുകൾ മാറുന്നതിനും പണം കണ്ടെത്തണം.
ബില്ലുകൾ നൽകുന്നതിന് ഇന്നും നാളെയുമായി 6000 കോടിയിലധികം രൂപയാണ് വേണ്ടിവരുന്നത്. ശമ്പളവും പെൻഷനും നൽകാൻ 5000 കോടി വേണം. രണ്ടു മാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശിക നൽകാൻ 1800 കോടിയും കണ്ടെത്തണം. ഈ തുക എങ്ങനെ സമാഹരിക്കും എന്നതിൽ ധനവകുപ്പിൽ ആലോചനകൾ നടക്കുകയാണ്. ഇന്ന് തന്നെ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകും.
പെരുന്നാളും വിഷവും വരുന്നതിനാൽ കഴിഞ്ഞ മാസത്തേതിന് സമാനമായ രീതിയിൽ ശമ്പളം വൈകിപ്പിക്കാൻ കഴിയില്ല. തിരഞ്ഞെടുപ്പ് കാലമായതിനാൽ ശമ്പളം മുടങ്ങിയാൽ അത് സർക്കാറിന് കടുത്ത തിരിച്ചടിയുമാകും. തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തുമ്പോൾ ക്ഷേമ പെൻഷൻ മുടങ്ങിയതിൽ വലിയ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് മൂന്നുമാസത്തെ കുടിശ്ശിക നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്. ഇതിൽ ഒരു മാസത്തെ വിതരണം ചെയ്തു കഴിഞ്ഞു. രണ്ടു മാസത്തെ പെൻഷനാണ് വിഷുവിന് മുമ്പ് വിതരണം ചെയ്യേണ്ടത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here