മൂന്നാമതും ശ്വാസത്തിൻ്റെ സിഗ്നൽ; പ്രതീക്ഷയോടെ തിരച്ചിൽ; സർവ്വ സജ്ജമായി മുണ്ടക്കൈ
ഉരുൾപൊട്ടലിനെ തുടർന്ന് ദുരന്തഭൂമിയായി മാറിയ വയനാട്ടിലെ മുണ്ടക്കൈയിൽ നിന്നും ശുഭവാർത്തകൾക്കായി കാതോർത്ത് കേരളം. തെർമൽ ഇമേജ് റഡാർ പരിശോധയിലാണ് മൂന്നാം തവണയും ജീവൻ്റെ നേരിയ കണിക പ്രദേശത്ത് ബാക്കിയുണ്ട് എന്ന സൂചന ലഭിക്കുന്നത്. രാത്രിയിൽ ആംബുലൻസ് സംവിധാനങ്ങൾ അടക്കം തയ്യാറാക്കി നിർത്തിക്കൊണ്ടാണ് പരിശോധന തുടരുന്നത്.
ജീവൻ്റെ അവശേഷിപ്പുകൾ ലഭിക്കുകയാണെങ്കിൽ തടസങ്ങളില്ലാതെ ദ്രുതഗതിയിൽ രക്ഷാപ്രവർത്തനം തുടരാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ബെയ്‌ലി പാലത്തിൽ നിന്നും പരിസരത്തുനിന്നും ആളുകളെ ഉൾപ്പെടെ മാറ്റി. അതിവേഗത്തിൽ വൈദ്യസഹായമടക്കം എത്തിക്കാനുള്ള സാഹചര്യങ്ങൾ ഉറപ്പാക്കിയ ശേഷമാണ് ഇപ്പോൾ റഡാർ പരിശോധന പുരോഗമിക്കുന്നത്.
തകർന്ന കെട്ടിടത്തിൻ്റെ അടിയിൽ നിന്നാണ് ജീവൻ്റെ സൂചന നൽകിക്കൊണ്ട് മൂന്നു ശക്തമായ സിഗ്നലുകൾ രക്ഷാപ്രവർത്തകർക്ക് ലഭിച്ചിരിക്കുന്നത്. മൂന്നു മീറ്റർ താഴ്ചയിൽ നിന്നുള്ള ശ്വാസത്തിൻ്റെ സിഗ്നലാണ് റഷ്യൻ നിർമിത റഡാറിൽ ലഭിച്ചതെന്നാണ് വിദഗ്ധർ പറയുന്നത്. ഇത് മനുഷ്യശ്വാസത്തിന്‍റെ തന്നെയാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ല.
ഇന്ന് സിഗ്നൽ ലഭിച്ച ശേഷം രണ്ട് തവണ പ്രദേശം കുഴിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഇന്നത്തെ റഡാർ പരിശോധന നിർത്താൻ തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് രാത്രിയിലും പ്രദേശത്ത് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കി പരിശോധന തുടരാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും നിർദേശമെത്തിയത്. തിരച്ചിൽ നിർത്തിപ്പോയ സൈന്യത്തെയും എൻഡിആർഎഫ് സംഘത്തെയും മടക്കി വിളിച്ചാണ് രക്ഷാദൗത്യം പുനരാരംഭിച്ചത്.
മൂന്നാം ഘട്ടത്തിൽ നടത്തിയ പരിശോധനയിലും ശ്വാസത്തിൻ്റെ സിഗ്നൽ റഡാറിൽ ലഭിച്ചു. മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ച് സ്ഥലത്ത് രക്ഷാദൗത്യം തുടരുകയാണ്. വീണ്ടും ജീവൻ്റെ സൂചന ലഭിച്ചതോടെ ദുരന്തഭൂമിയിൽ നിന്നും നല്ല വാർത്തകൾക്കായി കാത്തിരിക്കുകയാണ് രക്ഷാപ്രവർത്തകരും ഒപ്പം മലയാളികളും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here