ആനക്കൊമ്പുകൾ കത്തിച്ചു കളയാൻ വനംവകുപ്പ്; നടപടി കേരളത്തിൽ ആദ്യം, സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന് വനംമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി ആനക്കൊമ്പുകൾ കത്തിച്ച് നശിപ്പിക്കാൻ വനം വകുപ്പ് തയ്യാറെടുക്കുന്നു. വിവിധ സ്ട്രോങ്ങ് റൂമുകളിൽ സൂക്ഷിച്ചിട്ടുള്ള 100 കിലോയോളം കൊമ്പുകളാണ് നശിപ്പിക്കുക. വന്യജീവി സംരക്ഷണ നിയമപ്രകാരം ആനക്കൊമ്പുകൾ ലേലം ചെയ്ത് വിൽക്കാനോ കൈമാറ്റം ചെയ്യാനോ അനുമതിയില്ലാത്ത സാഹചര്യത്തിലാണ് വനം വകുപ്പിൻ്റെ ഈ ശുപാർശക്ക് സർക്കാർ അംഗീകാരം നൽകുന്നതെന്ന് വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

വന്യജീവികൾ ചത്തതിന് ശേഷം അവയുടെ കൊമ്പ്, തോൽ തുടങ്ങിയവ വനംവകുപ്പിന്റെ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റുന്നതായിരുന്നു പതിവ്. ആനക്കൊമ്പിന് അന്താരാഷ്ട്ര വിപണയിൽ വൻ ഡിമാൻഡ് ഉള്ളതിനാൽ വലിയ സുരക്ഷയിലാണ് ഇവ സൂക്ഷിക്കേണ്ടി വരുന്നത്. ഇരുപത്തിനാല് മണിക്കൂറും കാവലും ആവശ്യമാണ്. ഇങ്ങനെയെല്ലാം സുരക്ഷിതമായി സൂക്ഷിക്കാൻ വൻ ചിലവും ആൾബലവും ആവശ്യമാണ്. ഇതെല്ലാം പരിഗണിച്ചാണ് നശിപ്പിച്ച് കളയാൻ വനം വകുപ്പ് തയാറെടുക്കുന്നത്. സർക്കാരിന് പോലും ഉപയോഗിക്കാൻ കഴിയാതെ നശിപ്പിച്ച് കളയുന്നതിലൂടെ വന്യജീവി സംരക്ഷണത്തിൻ്റെ സന്ദേശം പൊതുസമൂഹത്തിലേക്ക് നൽകാനും ഈ നടപടി ഉപകരിക്കുമെന്ന് വകുപ്പ് കരുതുന്നു.

ആനക്കൊമ്പ് ഉൾപ്പെടെ വനംവകുപ്പ് സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന അമൂല്യവസ്തുക്കൾ ‘സേഫ് കസ്റ്റഡിയിൽ സൂക്ഷിക്കാൻ’ വിവിധ സർക്കാർ വകുപ്പുകളും കമ്പനികളും പലപ്പോഴായി ആവശ്യം അറിയിച്ചിട്ടുണ്ട്. വന്യജീവി നിയമപ്രകാരം ആനക്കൊമ്പ്, മാൻകൊമ്പ് അടക്കം വസ്തുക്കൾ പ്രദർശനവസ്തുവാക്കാൻ പാടില്ല എന്നതുകൊണ്ട് അവയെല്ലാം നിരാകരിക്കുകയായിരുന്നു. എന്നാൽ തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്നുള്ള അപേക്ഷ പ്രകാരം കൊമ്പുകൾ നൽകാൻ കഴിഞ്ഞയാഴ്ചയാണ് സർക്കാർ തീരുമാനിച്ചത്. ഇരുപത്തിമൂന്ന് ജോഡി ആനക്കൊമ്പുകൾ, ഇരുപത്തിമൂന്ന് ജോഡി മാൻകൊമ്പുകൾ, കൂടാതെ ഇരുപത് ജോഡി കാട്ടുപോത്തിൻ്റെ കൊമ്പുകൾ എന്നിവയാണ് ഇങ്ങനെ കൈമാറുക. പ്രദർശനം, രൂപമാറ്റം, കൈമാറ്റം എന്നിവ ഉണ്ടാകരുത് എന്ന കർശന ഉപാധിയോടെയാണ് ഇവ കൈമാറുന്നത് എന്നാണ് സർക്കാർ നിലപാട്. എന്നാൽ ഇതാദ്യമായാണ് ഇത്തരമൊരു കൈമാറ്റം എന്നത് കൊണ്ട് തന്നെ ഇക്കാര്യം ചർച്ചയായിട്ടുണ്ട്. ഇതിനൊപ്പമാണ് വൻ തോതിൽ കൊമ്പുകൾ കത്തിച്ചു കളയാനുള്ള തീരുമാനവും വരുന്നത്.

Logo
X
Top