എന്താണ് ഗെയിമിംഗ് ആക്റ്റ്? പണം വെച്ച് ചീട്ട് കളിച്ചാല്‍ പോലീസിന് പണം കിട്ടും; കോടിയേരിയുടെ ഭാര്യാസഹോദരനെ എംഡി സ്ഥാനത്ത് നിന്നും സസ്പെന്‍ഡ് ചെയ്തേക്കും

തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബില്‍ നിന്നും പോലീസ് പിടികൂടിയ ചീട്ട്കളി സംഘത്തിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം കേരള ഗെയിമിംഗ് ആക്റ്റ് പ്രകാരമുള്ളതാണ്. ആക്ടിലെ എഴ്, എട്ട് വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് കോടിയേരിയുടെ ഭാര്യ സഹോദരൻ എസ്. ആർ. വിനയകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സാമ്പത്തിക ലാഭം ലക്ഷ്യമാക്കി ഗെയിം നടത്തുക, ലാഭത്തിനായി ഗെയിമിൽ പങ്കെടുക്കുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പോലീസ് സ്റ്റേഷനിൽ നിന്നും ജാമ്യം ലഭിക്കുന്നവയാണ് ഈ കുറ്റങ്ങൾ രണ്ടും. ചീട്ട്കളി കേസില്‍ പ്രതിയായ വിനയകുമാറിനെ പൊതുമേഖലാ സ്ഥാപനത്തിന്റെ എംഡി സ്ഥാനത്ത് നിന്നും സസ്പെന്‍ഡ് ചെയ്തേക്കും.

സെക്ഷൻ എഴ് പ്രകാരം മൂന്നു മാസം വരെയുള്ള തടവോ 500 രൂപ പിഴയോ രണ്ടും കൂടെയോ ആണ് ശിക്ഷ. സെക്ഷൻ എട്ട് പ്രകാരം ഒരു മാസം വരെ തടവോ 500 രൂപ വരെ പിഴയോ രണ്ടും കൂടെയോ ലഭിക്കാം. കോടതിയിൽ കുറ്റം സമ്മതിച്ചാൽ ശിക്ഷ വാങ്ങി കേസ് അവസാനിപ്പിക്കാം. അല്ലെങ്കിൽ കേസ് നടത്തി കോടതി വിധി പ്രസ്താവിക്കും.

പോലീസ് പിടിച്ചെടുത്ത പണം സർക്കാരിലേക്ക് കണ്ടു കെട്ടുകയാണ് പതിവ്. എന്നാൽ കോടതി വിധിയിലൂടെയാണ് ഇതിൽ തീരുമാനം ഉണ്ടാകുന്നതെങ്കിൽ ആക്ടിലെ സെക്ഷൻ 18 പ്രകാരം പിടിച്ചെടുത്ത തുകയുടെ 50% വരെ പാരിതോഷികമായി അന്വേഷണ ഉദ്യോഗസ്ഥർക്ക്‌ കോടതിക്ക്‌ അനുവദിക്കാം. ആരെങ്കിലും വിവരം നൽകിയാണ് കേസ് പിടിക്കുന്നതെങ്കിൽ ആ ആളിനും ഈ പാരിതോഷികത്തിനു അവകാശമുണ്ട്‌. ട്രിവാന്‍ഡ്രം ക്ലബിലെ ചീട്ട്കളി സംഘത്തില്‍ നിന്നും 5,60,000 രൂപയാണ് പിടിച്ചത്. വിനോദത്തിനു വേണ്ടിയല്ലാതെ, ലാഭം ലക്ഷ്യമിട്ടുള്ള ഗെയിമുകളെല്ലാം ഈ ആക്ടിന്റെ പരിധിയിൽ വരും. പണം വച്ചുള്ള ചീട്ട് കളി, കത്തിയേറ്, ബലൂണിൽ സൂചിയേറ്, എയർഗൺ ഉപയോഗിച്ച് ബലൂൺ പൊട്ടിക്കൽ തുടങ്ങിയവയെല്ലാം ഇതിന്റ പരിധിയിൽ വരുന്ന ശിക്ഷാര്‍ഹമായ വിനോദങ്ങളാണ്.

വിനയകുമാർ പിടിയിലായ കേസിലെ എട്ടും ഒൻപതും പ്രതികളായ തിരുവനന്തപുരം കുന്നുകുഴി സ്വദേശി അമൽ, വർക്കല വെള്ളിക്കോട് സ്വദേശി ശങ്കർ എന്നിവരുടെ നേതൃത്വത്തിൽ പണം വച്ചുള്ള ചീട്ടുകളി കേന്ദ്രം നടത്തിയിരുന്നതായാണ് പോലീസ് പറയുന്നത്. ബാക്കിയുള്ള ഏഴ് പ്രതികൾ ചീട്ടുകളിച്ച് ലാഭം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ എത്തിയവരാണ്.

സംസ്ഥാന വ്യവസായ വകുപ്പിന്റെ കീഴിൽ കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണൈറ്റഡ് ഇലക്ട്രിക്കൽസ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായ വിനയകുമാർ മലബാർ കാൻസർ സെന്ററിൽ പിആര്‍ഒ ആയിരിക്കെയാണ് സംസ്ഥാന സര്‍വീസിലേക്ക് എത്തുന്നത്. എം.എ. ബേബി വിദ്യാഭ്യാസ മന്ത്രി ആയിരിക്കെ സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യൂക്കേഷനിൽ സ്ഥിരനിയമനത്തിൽ എത്തിയ അദ്ദേഹം യുഡിഎഫ് ഭരണകാലത്ത് പി.കെ.കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയായിരിക്കെയാണ് യുണൈറ്റഡ് ഇലക്ട്രിക്കൽസ് ലിമിറ്റഡിന്റെ എംഡിയായി നിയമിതനാകുന്നത്.

Logo
X
Top