ജിലേബി സ്വാമി, സ്റ്റൗ സ്വാമി മുതൽ ദിവ്യാജോഷി വരെ…. കേരളത്തിലെ ആൾദൈവ വ്യവസായം സന്തോഷ് മാധവന് മുൻപും ശേഷവും; ‘അമൃത ചൈതന്യ’ വിടവാങ്ങുമ്പോൾ ഒരു തിരിഞ്ഞുനോട്ടം

കൊച്ചി: ഇന്ത്യയിലെ തന്നെ തട്ടിപ്പുകാരായ അഞ്ച് ആള്‍ദൈവങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഇടംനേടിയ മലയാളിയാണ് സന്തോഷ് മാധവന്‍. ഹൃദ്രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരണമുണ്ടായപ്പോൾ പോലും ഇയാളുടെ തട്ടിപ്പിൻ്റെയും മനഃസാക്ഷി മരവിക്കുന്ന പീഡനത്തിൻ്റെയും കഥകളാണ് ചർച്ചയാകുന്നത്. വിവിഐപി ശിഷ്യരുമായി നഗ്നനാരീപൂജയടക്കം നടത്തി വിലസിയ കട്ടപ്പനക്കാരന്‍. പോലീസിലും സിനിമയിലുമെല്ലാം ഉറച്ച ബന്ധങ്ങളുണ്ടാക്കി തട്ടിപ്പിലേക്ക് കൂടുതൽ പേരെ ആനയിച്ച് കയറ്റിയ സംഘാടകൻ. ആൾദൈവം ചമഞ്ഞ് എന്തിനുംപോന്ന അനുചര വൃന്ദത്തെയും ഒപ്പംകൂട്ടി. ഒടുവിൽ വിദേശത്തുയര്‍ന്ന സാമ്പത്തിക തട്ടിപ്പുകേസിൽ കുടുങ്ങി അപ്രതീക്ഷിതമായി സാമ്രാജ്യം തകർന്നടിയുകയാണ് ഉണ്ടായത്. എന്നാൽ ഇതിനൊപ്പം സമാന തട്ടിപ്പുകൾ നടത്തി ഉപജീവനം കഴിച്ച കുറെ ആൾദൈവ ബിസിനസുകാരെ കൂടി മൂടോടെ പൊളിക്കാനും സന്തോഷ് മാധവൻ എന്ന സ്വാമി അമൃത ചൈതന്യ നിമിത്തമായി. ഇതോടെ കേരളത്തിലെ ആത്മീയ കച്ചവടങ്ങളാകെ സംശയ നിഴലിലായി. ശതകോടികളുടെ ബിസിനസ് ഉളളവർ മാത്രം പിടിച്ചുനിൽക്കുന്നു, എന്നാല്‍ കൊച്ചു ‘ദൈവങ്ങൾ’ ഏതാണ്ട് എല്ലാവരും തകർന്നടിഞ്ഞു എന്നതാണ് സന്തോഷ് മാധവന്‍ വിവാദത്തിൻെറ ബാക്കിപത്രം.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചത് അടക്കം കേസുകളുടെ പേരിൽ 2008 മേയിലായിരുന്നു സന്തോഷ് മാധവന്റെ അറസ്റ്റ്. ഇതിന് പിന്നാലെ കേരളത്തില്‍ ഉടനീളം ആള്‍ദൈവങ്ങള്‍ക്കെതിരെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. പരാതി ഉണ്ടായിടത്തെല്ലാം പോലീസ് റെയ്ഡും, അല്ലാത്ത കേന്ദ്രങ്ങളിലെല്ലാം യുവജന സംഘടനകളുടെ പ്രതിഷേധവും. പേടിച്ചുപോയ ദൈവങ്ങൾ പലരും ഓഫീസ് പൂട്ടി ഒളിവിൽപോയി. ഇങ്ങനെ പ്രതിസന്ധിയിലായവരാണ് കോഴിക്കോട്ടെ സുനില്‍ സ്വാമിയും ജിലേബി സ്വാമിയും തൃശൂരിലെ ദിവ്യാ ജോഷിയും വർക്കലയിലെ സ്റ്റൗ സ്വാമിയുമെല്ലാം. പൂർവാശ്രമത്തിൽ ജിലേബി കച്ചവടക്കാരനായിരുന്ന സ്വാമി കോഴിക്കോട് മയിലാടുംകുന്നിലെ ആശ്രമത്തിൻ്റെ മേൽക്കൂര പൊളിഞ്ഞുവീണ് ഒരാൾ മരിച്ച കേസിൽ പ്രതിയായിരുന്നു. സ്റ്റൗവിന് മുകളിൽ ഇരുത്തി ചെയ്യുന്ന പൂജക്കിടെ ഒരു കുട്ടിക്ക് പൊള്ളലേറ്റ കേസിലാണ് സ്റ്റൗ സ്വാമി പെട്ടത്. ഇങ്ങനെ മുൻപേ ഉണ്ടായിരുന്ന കേസുകൾ പലതും പലരും പൊക്കിയെടുത്തതോടെയാണ് പലർക്കും നിൽക്കക്കള്ളി ഇല്ലാതായത്. കുട്ടിച്ചാത്തന്‍ സേവയും കൂടോത്രവും നാരീ പൂജയുമെല്ലാം ചെയ്തവര്‍ കുടുങ്ങുന്ന സ്ഥിതി വന്നു. ചെറുകിടക്കാർക്ക് ആര്‍ക്കും സന്തോഷ് മാധവന്റെ അറസ്റ്റുയര്‍ത്തിയ അലയൊലികളെ അതിജീവിക്കാനായില്ല. പിന്നീട് വര്‍ഷങ്ങളെടുത്താണ് ആത്മീയ കച്ചവടം കേരളത്തിൽ പഴയതു പോലെയായത്. അപ്പോഴും സന്തോഷ് മാധവന്‍ എന്ന പേരുയര്‍ത്തിയ സംശയം അവര്‍ക്ക് മുകളില്‍ ഡെമോക്ലസിന്റെ വാളുപോലെ തൂങ്ങി നിൽക്കുന്നു.

ഇന്ത്യയില്‍ ഗുര്‍മീത് റാം റഹീമും സ്വാമി നിത്യാനന്ദയും സ്വാമി പ്രേമാനന്ദയും ആസാറാം ബാപ്പുവുമെല്ലാം കുപ്രസിദ്ധരായ ആള്‍ ദൈവങ്ങളായിരുന്നു. ഇവര്‍ക്കൊപ്പം ഇന്ത്യയിലെ ഏറെ കുപ്രസിദ്ധരായ അഞ്ച് ആൾദൈവങ്ങളില്‍ പല ദേശീയ മാധ്യമങ്ങളും സന്തോഷ് മാധവനേയും ചേര്‍ത്തു നിര്‍ത്തി. ഒരു ഗള്‍ഫ് മലയാളി സ്ത്രീയില്‍ നിന്ന് 45 ലക്ഷം തട്ടിച്ചു എന്ന കേസിലാണ് സന്തോഷ് മാധവൻ്റെ തകർച്ച തുടങ്ങുന്നത്. ഈ കേസിൻ്റെ പേരിൽ കൊച്ചിയിലെ ശാന്തിതീരം എന്ന ആശ്രമം റെയ്ഡ് നടത്തിയാണ് പീഡനം അടക്കം പലതിൻ്റെയും തെളിവുകൾ കണ്ടെത്തിയത്. കോടതി വിധിച്ച 16 വർഷത്തെ ജയിൽവാസം പൂര്‍ത്തിയാക്കി എത്തിയ സന്തോഷ് മാധവന് ഒരിക്കലും പഴയ പ്രതാപം വീണ്ടെടുക്കാനായില്ല.

സിനിമാ സംവിധായകന്‍ ദൈവമായ കഥയാണ് കോഴിക്കോടിനടുത്ത് കാരന്തൂരില്‍ സംഭവിച്ചത്. സിനിമയില്‍ പൊട്ടിയതുപോലെ ഭക്തിയുടെ ഫീല്‍ഡിലും ഇദ്ദേഹത്തിന് പിടിച്ചുനില്‍ക്കാനായില്ല. താന്‍ പരമശിവന്റെ അവതാരമാണെന്ന് ഒരുദിവസം പ്രഖ്യാപിച്ചാണ്, പൂർവാശ്രമത്തിലെ സിനിമാ സംവിധായകൻ സുനിൽ, സ്വാമി വിശ്വചൈതന്യ ആയി മാറുന്നത്. സന്തോഷ് മാധവന്‍ ഭക്തിയുടെ മറവില്‍ കാട്ടിക്കൂട്ടിയ പേക്കൂത്തുകളെത്തുടര്‍ന്ന് കേരളത്തിലെമ്പാടും ആള്‍ദൈവങ്ങള്‍ക്കെതിരെ പ്രതിഷേധം വ്യാപകമായപ്പോള്‍ വിശ്വചൈതന്യയും തകര്‍ന്നു. ഇതുപോലെ തകര്‍ന്ന മറ്റൊരു ആള്‍ ദൈവമാണ് ബാലുശേരിയിലെ ചന്ദ്രമാമ. സ്വയം ദൈവമാണെന്ന് പ്രഖ്യാപിച്ച് വീടിനോട് ചേര്‍ന്ന് ആശ്രമവും പ്രാർത്ഥനാലയവും ഉണ്ടാക്കിയ ഇയാൾക്കെതിരെ ആദ്യം രംഗത്ത് വന്നത് സ്വന്തം ഭാര്യ തന്നെയാണ്. ഭര്‍ത്താവ് ദൈവമായിട്ടൊന്നും കാര്യമില്ല, തന്റെ കാര്യം കൂടി നോക്കണമെന്ന് അവര്‍ ബഹളമുണ്ടാക്കാന്‍ തുടങ്ങിയതോടെ ആള്‍ദൈവം പ്രതിസന്ധിയിലായി.

സാക്ഷര കേരളത്തില്‍ എല്ലാ മതങ്ങളിലും ഇത്തരം അന്ധവിശ്വാസം വളർത്തുന്നവർ ഉണ്ടായിരുന്നു എന്നതാണ് വസ്തുത. പണവും മാനവും നഷ്ടപ്പെട്ടവർ പുറത്ത് പറയാത്തതുകൊണ്ട് മാത്രമാണ് വാര്‍ത്തകളാവാത്തത്. ഒറ്റപ്പെട്ട സംഭവങ്ങള്‍ പുറംലോകം അറിയുമ്പോള്‍ മാത്രമാണ് ജിന്ന് ചികിത്സയുടെയും മന്ത്രവാദത്തിന്റെയും ആള്‍ദൈവ തട്ടിപ്പിന്റെയും പിന്നാമ്പുറങ്ങളിലേക്കുള്ള അന്വേഷണം നടക്കുന്നത്. ജിന്നിനെ ആവാഹിക്കുന്ന ‘ബീവി’മാര്‍ക്കും ഉറഞ്ഞുതുള്ളി ദിവ്യത്വം കാട്ടുന്ന ‘സ്വാമി’മാര്‍ക്കും പിശാചിനെ അകറ്റുന്ന അച്ചന്മാര്‍ക്കും മാര്‍ഗങ്ങള്‍ പലതാണെങ്കിലും ലക്ഷ്യം ഒന്നാണ്. പണമുണ്ടാക്കിയുള്ള സുഖജീവിതം.

അന്ധവിശ്വാസ ചൂഷണ നിരോധന നിയമം നടപ്പാക്കണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്തിനെ പോലുള്ള സംഘടനകള്‍ ആവശ്യപ്പെടുമ്പോഴും തൊട്ടുകൈപൊള്ളാന്‍ ഇടതു സര്‍ക്കാരിനും കഴിയുന്നില്ല. കേരളത്തില്‍ 2013 മുതല്‍ വിവിധ സംഘടനകള്‍ ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. മാറിമാറി വന്ന പല സര്‍ക്കാരുകളും അന്ധവിശ്വാസ ചൂഷണ നിരോധന നിയമം പരിഗണനയിലുണ്ടെന്ന് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. 2021ല്‍ കേരള നിയമസഭയില്‍ അത്തരമൊരു ബില്ല് വരികയും ചെയ്യുകയുണ്ടായി. പക്ഷേ ഇതുവരെയും അങ്ങനെ ഒരു നിയമം അംഗീകരിക്കാന്‍ കേരള നിയമസഭയ്ക്ക് കഴിഞ്ഞിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top