2000 കോടി കടമെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം; ചൊവ്വാഴ്ച കടപത്രമിറക്കും; കേന്ദ്രാനുമതി 3000 കോടി കടമെടുക്കാന്‍

തിരുവനന്തപുരം : സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. രണ്ടായിരം കോടി രൂപ കടമെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കടപത്രങ്ങളൂടെ ലേലത്തിലൂടെ ഇത്രയും തുക കണ്ടെത്താനാണ് നീക്കം. ചൊവ്വാഴ്ച കടപത്രങ്ങളുടെ ലേലം നടക്കും.

കടമെടുപ്പ് പരിധി നിശ്ചയിച്ച് കേന്ദ്രത്തിന്റെ അന്തിമാനുമതി ലഭിക്കാത്തതിനാല്‍ മുന്‍കൂര്‍ വായ്പയായാണ് 2000 കോടി സമാഹരിക്കുക. 5000 കോടി മുന്‍കൂര്‍ വായ്പയായി എടുക്കാനുള്ള അനുമതിയാണ് കേരളം തേടിയത്. എന്നാല്‍ 3000 കോടിക്ക് മാത്രമാണ് കേന്ദ്രം അനുമതി നല്‍കിയത്. ഇതില്‍ നിന്നാണ് 2000 കോടി കടമെടുക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷാവസാനം പാസാക്കാതെ മാറ്റിവച്ച ബില്ലുകള്‍ മാറുന്നതിനാണ് അടിയന്തരമായി പണം കണ്ടെത്തുന്നത്.

ഇത്കൂടാതെ അടുത്തമാസത്തെ ശമ്പളവും പെന്‍ഷനും നല്‍കുന്നതിനും പണം കണ്ടെത്തണം. അതുകൊണ്ട് തന്നെ 1000 കോടി കൂടി ഉടന്‍ കടമെടുക്കുന്നതും ധനവകുപ്പിന്റെ ആലോചനയിലുണ്ട്. ഈ സാമ്പത്തികവര്‍ഷം 37512 കോടിയാണ് കടമെടുപ്പ് പരിധിയായി കേന്ദ്രം നിശ്ചയിച്ചിരിക്കുന്നത്. ഇതില്‍ ഡിസംബര്‍ മാസം വരെ എത്ര കോടി കടമെടുക്കാമെന്നതില്‍ കേന്ദ്രത്തിന്റെ തീരുമാനം വരാനുണ്ട്. ഇതില്‍ മെയ് മാസത്തോടെ കേന്ദ്ര നിര്‍ദേശമെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കടമെടുപ്പ് സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള തര്‍ക്കം ഇപ്പോള്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണ്. കടമെടുപ്പ് പരിധി കേന്ദ്രം ഏകപക്ഷീയമായി വെട്ടിക്കുറച്ചു എന്നാരോപിച്ചാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top